Thursday, December 29, 2011

അന്വേഷണങ്ങൾ


“യു ആർ മാഡ്“; കർപ്പൂര തുളസിയും തേനും ചേർത്ത പുകയില നിറച്ച, പുകയുന്ന ഹുക്ക എനിക്ക് മുന്നിൽ വച്ച് യാസ്മിൻ  പറഞ്ഞു; “യു ആർ ആഡിക്റ്റട് റ്റു ദിസ്. എന്നെ കാണാനാണെന്ന കാരണവും! ആൻഡ് ഈഫ് യു തിങ്ക് അബൌട് മി, ഒരു അറബിയ്ക്കൊപ്പം പോയാൽ ഒരു രാത്രി എനിക്ക് കിട്ടുന്നത് ഏറ്റവും കുറഞ്ഞത് നൂറ് ഡോളറാണ്. നിന്റെ പ്രണയത്തേക്കാൾ എനിക്ക് ആവശ്യം പണമാണ്...“

ഷീഷബാറിൽ ഞാൻ പുക ആഞ്ഞു വലിച്ചു. സിരകളിൽ ഉന്മാദമുണ്ടോ എന്നറിയാൻ വേനൽക്കാല മരുഭൂമിയിൽ, രാത്രിയിലും വീശുന്ന ചൂടുകാറ്റിൽ ഞാൻ എന്റെ തലച്ചോറിൽ പരതി

പുഴക്കരയിലെ കുറ്റിക്കാട്ടിൽ, ചന്തൂട്ടിയേട്ടൻ  തന്നിരുന്ന ബാറ്ററിയിട്ട് വാറ്റിയ ചാരായത്തിന്റെ ലഹരിയെക്കാളും, പാളയത്ത് സൈക്കിൾ കടയിൽ ഗോപാലേട്ടൻ ചെറിയ കടലാസ് പൊതികളിൽ തന്നിരുന്ന  വയനാടൻ കഞ്ചാവിന്റെ ലഹരിയെക്കാളും, ബാംഗ്ലൂരിൽ ശിവാജിനഗറിലെ ഗലികൾക്കിടയിൽ ഊസുക്ക തന്നിരുന്ന ഭാംഗിന്റെ ലഹരിയെക്കാളും എത്രയോ താഴയാണ് മോളേ, യാസ്മിൻ യാസ്സിൻ എന്ന മൊറോക്കൻ സുന്ദരീ, പാതിമറച്ച മാറിടം കാണിച്ച് നീ ഈ തരുന്ന പുകചുരളുകൾ.

ധനുഷ്കോടിയിൽ, കടൽ സംഗമത്തിൽ, പൂർണ്ണ ചന്ദ്രനിൽ കടപ്പുറത്ത് എന്റെ കൈകൾ കോർത്ത് പിടിച്ച് യമുന പൂഴിമണ്ണിൽ മലർന്നുകിടന്നു; “ഡാ നീ വേണം, എന്റെ കൂടെ എന്നും”

“നിനക്ക് ഭ്രാന്താണ്“;  അജയൻ അലറി; “രാത്രിയിലെ കടൽ കാണിക്കാൻ നീയവളെ ധനുഷ്കോടിയിൽ കൊണ്ടുപോയി. നിലാവിൽ യമുന ഒഴുകുന്നത്  കാണിക്കാൻ  ആഗ്രയിൽ കൊണ്ടുപോയി. മോഡലിംഗ് ഫാഷൻ എന്നൊക്കെ പറഞ്ഞ് അവൾക്ക് തുലക്കാൻ നിന്റെ പണം. അവൾക്ക് താമസിക്കാൻ നിന്റെ ഫ്ലാറ്റ്. അവൾക്ക് വച്ചുണ്ടാക്കിക്കൊടുക്കാൻ നിന്റെ വക കുശ്നിക്കാരൻ. എല്ലാം ഊറ്റിയെടുത്ത് നാളെ അവൾ പൊടിയും തട്ടി പോകുമ്പോൾ  നരകത്തിലേക്ക് പോകുന്നത് നീ തനിച്ചായിരിക്കും... യു ഫൂൾ“

“ഇറ്റ്സ് മൈ കാരിയർ യു ഇഡിയറ്റ്”; യമുനയുടെ ചിരിയിൽ മോഡലിംഗിൽ അവൾക്ക് കയറിപോകാനുള്ള ഉയരങ്ങളെകുറിച്ചുള്ള ആവേശം; “ഹോങ്കോംഗിലാണ് ഫാഷന്റെ ലോകം. അവിടെ നിന്നും ഞാൻ ലണ്ടനിലേക്ക് പോകും. കുറച്ച് കഴിഞ്ഞ് നിന്നെയും ഞാൻ കൊണ്ടുപോകുമെടാ“

എന്റെ രണ്ടിരട്ടി ഉയരമുള്ള, മുടി പിന്നിൽ മെടഞ്ഞുകെട്ടി, വൃത്തിയിൽ ഷേവ് ചെയ്ത ആംഗ്ലോ അഫ്ഗാൻ ഫാഷൻ ഡിസൈനർ എബ്രഹാം അമന്റെ അരയിൽ കൈചുറ്റി, കൊതിപ്പിക്കുന്ന അവളുടെ കണ്ണുകളിൽ സഹതാപം കാണിച്ച് യമുന പറഞ്ഞു;

“ഡോണ്ട് ബി ലൈക്ക് ദിസ് ഡാ“

എബ്രഹാം അമന്റെ അസഹിഷ്ണുത നിറഞ്ഞ നോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ ഞാൻ മൊബൈലിൽ അജയന്റെ നമ്പർ പരതി.

“എവിടെയാണെടാ നീ? ഏത് പണ്ടാരത്തിലാണെങ്കിലും കേറി നാട്ടിലേക്ക് വരിക”; അജയൻ

കുട്ടിക്കാലത്ത് കൂട്ടുകാർക്കുമൊപ്പം മതിമറന്ന് നീന്തികളിച്ച കൊറുമ്പാത്തി കുളത്തിലെ പടവുകളിൽ, തെളിഞ്ഞ വെള്ളത്തിലിരുന്ന് അജയൻ കരുണയോടെ പറഞ്ഞൂ;

“നീ ഈ വാസിലേഷനിൽ നിന്നും പുറത്തു വരിക, എനിക്കറിയാം യു കാണ്ട്. സ്റ്റിൽ വന്നേ പറ്റൂ. എനിക്ക് എന്റെ പഴയ ആ നിന്നെ വേണം. നിന്റെ സൌഹൃദം വേണം”

കുളത്തിൽ നിറയെ വിടർന്ന് നിൽക്കുന്ന ചുവപ്പും പിങ്കും കലർന്ന ആമ്പൽപൂക്കൾ. ഒരു ഫാഷൻ  ഷോയ്ക്ക് മുമ്പൊരിക്കൽ ഈ പൂക്കളെ ഓർത്തായിരുന്നു യമുനക്കുള്ള വസ്ത്രം ഡിസൈൻ ചെയ്തത്.

ഓണക്കാലമാണ്. കുളക്കരയിൽ, കുരുത്തോലകൾ കോർത്ത ഓലക്കുട ചൂടിയ ഓണത്തപ്പൻ ദക്ഷിണ വാങ്ങി തെച്ചിപൂക്കൾ തലയിൽ വിതറി, നെറ്റിയിൽ കുങ്കുമം ചാർത്തി തന്ന് അനുഗ്രഹിച്ചു.

“വിഡ്ഡി. ഒളിച്ചോടാനെ നിനക്ക് അറിയൂ“; അജയന്റെ ഓഫ് ലൈൻ ചാറ്റ് മെസ്സേജ് കണ്ടില്ലെന്ന് നടിച്ച് ഞാൻ പഞ്ചാബി മോഡൽ അർഷ്‌പ്രീതിനോട് പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലൂടെ മഴയിൽ ഒരു യാത്രയ്ക്ക് കൂടെ പോരാൻ കെഞ്ചി. റാംപിൽ അവളുടെ ചടുലനീക്കങ്ങൾക്കൊപ്പം അനുസരണയില്ലാതെ പറക്കുന്ന അവളുടെ മുടിയിഴകളിൽ മഴ നനഞ്ഞ് മുഖമമർത്തി നിൽക്കണം എനിക്ക്. അവളും അവളുടെ ലെസ്ബിയൻ പ്രണയിനി ഗുനീതും തീപാറുന്ന കണ്ണുകളോടെ എന്നെ നോക്കുകയാണ്.

അസമയത്തെ ഡ്രിങ്കുകൾക്കിടയിലെ വിളികൾ മറ്റാരും അറ്റൻഡ് ചെയ്തില്ലെങ്കിലും അജയൻ അറ്റൻഡ് ചെയ്യും. അവന്റെ ചീത്ത വിളിയും ദേഷ്യവും മറ്റൊരു ലഹരി തന്നെ;

“നിനക്ക് മാത്രം എവിടെനിന്നെടാ ഈമാതിരി വിചിത്രജീവികളുടെ കൂട്ടു കിട്ടുന്നു! അവർ നിന്നെ തേടി വരുന്നതോ അതോ നീ അവരെ തേടി പോകുന്നതോ!”

ദേഷ്യവും പരിഭവവും തീരുമ്പോൾ അജയൻ പറയും; “മതിയാക്കി വാടാ. ആരെയൊക്കെയോ ബോധിപ്പിക്കാനാണെങ്കിൽ പോലും നീ വരച്ച ചിത്രങ്ങളുടെ ഒരു കലക്ഷൻ എന്റെ കയ്യിലുണ്ട്. നമുക്കൊരു ആർട്ട് ഗാലറി തുടങ്ങണം. നിന്റെ ചിത്രങ്ങൾ, നിന്റെ ശില്പങ്ങൾ, നിന്റെ ഭ്രാന്തുകൾ എല്ലാം നീ അവിടെയിരുന്ന് ചെയ്യ്”

അജയൻ,
ഞാൻ ഒറ്റയ്ക്കൊരു യാത്ര പോവുകയാണ്. എവിടേയ്ക്കാണെന്നോ എന്തിനാണെന്നോ എപ്പോൾ തിരിച്ചു വരുമെന്നോ എന്നെനിക്കറിയില്ല. ഒന്നും കൂടെ കൊണ്ടുപോകുന്നില്ല. ഒന്നും കൂടെ കൊണ്ടുപോകാൻ ഇല്ല എന്നു പറയുന്നതായിരിക്കും ഒരുപക്ഷേ ശരി. കുറച്ച് പുസ്തകങ്ങളും സിഡികളും എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകളും കൂട്ടിക്കെട്ടി പെട്ടിയിലാക്കി നിനക്ക് അയച്ചിട്ടുണ്ട്. നിനക്കതിനെക്കൊണ്ട് ആവശ്യമൊന്നും വരില്ല. നിനക്ക് തരാൻ പക്ഷേ എന്റെ കയ്യിൽ ഇതു മാത്രമേ ഉള്ളൂ.

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...