Wednesday, August 15, 2012

ഓർമകൾ


സന്ധ്യ

എങ്ങിനെയെങ്കിലും ഫൈനൽ ഇയർ പരീക്ഷകൾ എഴുതാൻ സാധിക്കുമോ എന്നതിന്റെ അവസാന ശ്രമവും പരാജയപ്പെട്ട്, പരിക്ഷയുടെ തലേനാൾ ഞാനും ഹരിഷും പ്രസിയും മൃഗാശുപത്രി ബസ്സ് സ്റ്റോപ്പിലെ ഇരുമ്പ് ബെഞ്ചിൽ ഒരു സിഗററ്റ് പകുത്തു വലിച്ച് പുകവിട്ട് നിശ്ശബ്ദരായി ഇരുന്നു. ഒരു സാധ്യതയും ഇനി ബാക്കിയില്ലെന്ന് അറിഞ്ഞ മഹേഷും സജിയും അല്പം മുൻപേ വീടുകളിലേക്ക് മടങ്ങിയിരുന്നു.

നാലാം ഗേറ്റ് വഴി പോകുന്ന ഏതോ സിറ്റിബസ്സ് ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നപ്പോൾ പ്രസി എഴുന്നേറ്റു;

“വീട്ടിലൊന്ന് തലകാണിച്ച് ഞാൻ ചാലപ്പുറത്തേക്ക് വരാം”; പ്രസി കയറിയ പച്ചചായമടിച്ച സിറ്റി ബസ്സ് വല്ലാതെ ഒന്ന് മുരണ്ട് മുന്നോട്ട് നീങ്ങി

ഞാൻ ആ സമയത്ത് ഹരിഷിന്റെകൂടെ ചാലപ്പുറത്തെ അവന്റെ വീട്ടിലായിരുന്നു താമസം. അവന്റെ വീട്ടിൽ മറ്റാരും ഇല്ല. കൂട്ടുകാരിൽ പലരും ചിലപ്പോൾ രാത്രി വൈകുന്നതുവരെ ഞങ്ങളുടെ കൂടെ അവിടെ ഉണ്ടാവാറുണ്ട്. ഞങ്ങളുടെ ദുരവസ്ഥ കണ്ട് വല്ലാതെയായ എല്ലാവരോടും, ഇങ്ങോട്ട് ആരും വരേണ്ട, വീട്ടിൽ ഇരുന്ന് പഠിച്ചാൽമതി എന്ന് നിർബ്ബന്ധിച്ചതും ഞങ്ങൾ തന്നെയാണ്. ‘മെഡൽ കിട്ടുമോ എന്നതല്ല, ഒളിമ്പിക്സിൽ പങ്കെടുക്കാനാവുക എന്നത് തന്നെ വലിയ കാര്യമാണ്’ എന്ന് സജി പറഞ്ഞത്, ബികോം പാസ്സാവുമോ എന്നതിനേക്കാൽ വലിയതായിരുന്നു ഫൈനലിയർ പരീക്ഷ എഴുതാൻ പറ്റിയിരുന്നെങ്കിൽ  എന്നത് ഉദ്ദേശിച്ചായിരുന്നു.

ഇരുട്ട് കൂടി കൂടി വന്നു. കുറച്ചപ്പുറത്ത് റോഡിന് എതിർവശത്ത് കുരിശുപള്ളിയിൽ മെഴുകുതിരികൾ മുനിഞ്ഞുകത്തുന്നു. തിരക്കിട്ട് നടന്ന് പോകുന്നവർ ഒന്ന് നിന്ന് കുരിശ് വരച്ചും, മറ്റു ചിലർ പള്ളിയുടെ വരാന്തയിൽ കയറി മെഴുകുതിരി കത്തിച്ച് വച്ച് പ്രാർത്ഥിച്ചും കടന്ന് പോകുന്നു. പെട്ടന്നാണ് ഹരിഷ് ചോദിച്ചത്-

“എടാ, നമ്മളൊന്ന് കുരിശ്പള്ളീൽ കയറി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചാലോ?”

എല്ലാ വാതിലുകളും അടയുമ്പോൾ ദൈവം ഒരു വാതിൽ തുറക്കും എന്നാണ്. ഞാൻ സമ്മതിച്ചു. ഞങ്ങൾ എഴുന്നേറ്റ് ഫുട്പാത്തിലൂടെ നടന്നു.

പള്ളിക്ക് മുന്നിലെത്തി റോഡ് ക്രോസ്സ് ചെയ്യാനൊരുങ്ങുമ്പോൾ പെട്ടന്നൊരു ട്രാഫിക്ക് ബ്ലോക്ക്. അങ്ങോട്ടുമിങ്ങോട്ടും പോവുകയായിരുന്ന സിറ്റിബസ്സുകളും ലൈൻ ബസ്സുകളും ഇടയിൽ ഓട്ടോറിക്ഷകളൂം കാറുകളും ഇരുചക്രവാഹനങ്ങളും. നിർത്താതെയുള്ള ഹോണടിയും ആളുകളുടെ ഉച്ചത്തിലുള്ള സംസാരവും, ആകെ ബഹളമയം. കുരുക്കഴിയാൻ കാത്ത് ഞാനും ഹരിഷും റോഡരികിലെ അരമതിലിൽ ചാരി നിന്നു.

മൂന്ന് നാല് മിനിറ്റിനകം ട്രാഫിക് ബ്ലോക്ക് ഒഴിഞ്ഞ റോഡിനപ്പുറത്തെ പള്ളിയിലേക്ക് നടക്കാനൊരുങ്ങിയ ഞങ്ങൾ ആ കാഴ്ച കണ്ട് അന്തംവിട്ട് പർസ്പരം നോക്കി. പള്ളി അടച്ച് സൂക്ഷിപ്പുകാരൻ സ്ഥലം വിട്ടിരിക്കുന്നു. ഒന്നും മിണ്ടാതെ ഞങ്ങൾ ആ മതിലിൽ തന്നെ ചാരി, കുറച്ച് നേരം അങ്ങിനെ തന്നെ നിന്നു.

“യേശുവേട്ടൻ വരെ കൈവിട്ടിരിക്കുന്നു. നീ വാ”; എന്റെ ചുമലിൽ പിടിച്ച് തള്ളി ഹരിഷ് നടന്നു.

നിയോൺ ബൾബുകളുടെ വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന മാവൂർ റോഡിലൂടെ, മൊഫ്യൂസൽ ബസ്സ്സ്റ്റാൻഡിനു മുന്നിലെ വാഹനങ്ങളുടെ തിരക്കിലൂടെ, ആളൊഴിഞ്ഞ റാം മോഹൻ റോഡിലൂടെ, പാളയത്ത് യാത്ര തുടരാനൊരുങ്ങി നിൽക്കുന്ന ദീർഘദൂര ബസ്സുകൾക്കിടയിലൂടെ, കല്ലായി റോഡിലെ പുഷ്പ തിയറ്ററിന് പിന്നിലുള്ള ഹരിഷിന്റെ വീട്ടിന്റെ ഗേറ്റിലെത്തിയപ്പോഴെക്കും പ്രസിയുണ്ട് അവിടെയെത്തി കാത്തു നിൽക്കുന്നു.

ചാലപ്പുറത്തെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച്  മുന്നിൽ കണ്ട വഴിയിലൂടെ ഞങ്ങൾ നടന്നു.

“എല്ലാവരും നാളത്തെ എക്സാമിനുള്ള പഠിത്തത്തിലായിരിക്കും”; വാച്ചിലേക്ക് നോക്കി പ്രസി പറഞ്ഞു.

ഞാനും ഹരിഷും മറുപടി ഒന്നും പറഞ്ഞില്ല. പുഷ്പാ തിയറ്ററിൽ ഫസ്റ്റ് ഷോ കഴിഞ്ഞ് ആളുകളും വാഹനങ്ങളും  റോഡിലൂടെ പലവഴികളിലേക്ക് തിരക്കിട്ട് പോയി. പെട്ടന്നാണ് ഹരിഷ് ചോദിച്ചത്;

“ഒരു സിനിമയ്ക്ക് പോയാലോ?”

‘സംഗം‘ തിയേറ്ററിൽ ‘ഒരു വടക്കൻ വീരഗാഥ’ റിലീസ് ചെയ്തിട്ടുണ്ട്. ഞങ്ങൾ അങ്ങോട്ട് നടന്നു. തിയറ്ററിന്റെ കോംമ്പൌണ്ടിലും റോഡിലും ആളുകളുടെയും വാഹനങ്ങളുടെയും തിക്കും തിരക്കും.  കൌണ്ടറുകൾക്ക് മുന്നിലെ അടിപിടികണ്ട് ഞാൻ പറഞ്ഞു;

“ഈ തിരക്കിനിടയിൽ എങ്ങിനെ ടിക്കറ്റ് കിട്ടാൻ”

“ഇവിടെ തന്നെ നിക്ക്”; എന്നോടും പ്രസിയോടും നിർദ്ദേശിച്ച് ഹരിഷ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറി പോയി.

പത്തുപതിനഞ്ച് മിനുട്ട് കഴിഞ്ഞുകാണും, ദേഹമാസകലം വിയത്ത് കുളിച്ച് ഹരിഷ് ആൾക്കൂട്ടത്തിനിടയിൽ നിന്നും തെറിച്ച് വീണത്പോലെ ഞങ്ങളുടെ മുന്നിൽ എത്തി. ഇടത് കൈകൊണ്ട് നെറ്റിയിലെ വിയർപ്പ് അമർത്തി തുടച്ച് അവൻ വലതു കൈ ഞങ്ങൾക്ക് നേരെ നിവർത്തി. അതിൽ ചുരുട്ടിപിടിച്ച മൂന്ന് ടിക്കറ്റുകൾ.

“എല്ലായിടത്തും നമ്മൾ അങ്ങിനെ തോറ്റുകൊടുത്താൽ പറ്റില്ലല്ലോ“; ഹരിഷ് ചിരിച്ചു. ഞങ്ങളും.

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...