Wednesday, March 23, 2016

പേയിംഗ് ഗസ്റ്റ്


".... ..രാത്രി 8 മണിയുടേത് താമരശ്ശേരീന്ന് കോഴിക്കോട്ടേക്കുള്ള അവസാനത്തെ ട്രിപ്പാണു. കോരിച്ചെരിയുന്ന മഴയും കാറ്റും. പെട്ടന്നാണു റോഡിൽ തൊട്ടുമുന്നിലൊരു വലിയ മരം മുറിഞ്ഞ് വീണത്... മോനേ യ്യ് കേക്ക്ന്ന്ണ്ടാ..."; ഗോപാലേട്ടന്റെ വീരസാഹസിക ബസ്സ് ഡ്രൈവിംഗ് കഥ ക്ലൈമാക്സിലേക്ക് നീങ്ങുകയാണു. ഞാൻ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണു ചോദ്യം.

പഴയകാല ബസ്സ് ഡ്രൈവറായിരുന്ന ഗോപാലേട്ടന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്ന ഞാൻ, എത്രമാത്തെ തവണയാണു ഈ കഥ കേൾക്കുന്നത് എന്നത് എനിക്കു പോലും തിട്ടമില്ല. കവലയിലെ ചാരായ ഷാപ്പിൽ നിന്നും രണ്ടെണ്ണം വിട്ട് രാത്രി ഒരു എട്ട് മണിയോടെ വീട്ടിലെത്തി, പുകയില കൂട്ടി വിശാലമായി മുറുക്കിക്കൊണ്ട് വരാന്തയിലെ ചാരുകസേരയിൽ കാലുകൾ രണ്ടും കസേരക്കയ്യിലേക്ക് കയറ്റി വച്ച് മൂപ്പർ ഒരു രാജാപ്പാർട്ട് ഇരിപ്പ് ഇരിക്കും. എന്നിട്ട് സൈഡ്റൂമിലേക്ക് നോക്കി എന്നോടായി ഒരു ചോദ്യമാണ്;
"മോനേ യ്യ് പഠിക്കുന്നുണ്ടല്ലോ..."; ആ ചോദ്യത്തിനു മൂപ്പർതന്നെ ഒരു ഉത്തരം പ്രതീക്ഷിക്കുന്നില്ല എന്നത് നന്നായറിയാവുന്നത് കാരണം, അടച്ചു പൂട്ടിയ വാതിലിനിപ്പുറത്ത് ഞാൻ കട്ടിലിൽ അനങ്ങാതെ കിടക്കും

തുടർന്നാണ് കഥ പറച്ചിൽ ആരംഭിക്കുക. മരം മുറിഞ്ഞ് വീഴുന്നത് കണ്ട് മൂപ്പർ സഡൻ ബ്രേക്ക് ഇട്ടതും, കണ്ട്രോൾ കിട്ടാതെ ബസ്സ് വെള്ളം കേറി കിടക്കുന്ന തോട്ടിലേക്ക് മറിഞ്ഞതും, യാത്രക്കാർ മുങ്ങിപ്പോയതും, ആളുകൾ ഓടിക്കൂടിയതും, പരിക്കേറ്റവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയതും ഒക്കെയായിരുന്നു ഫസ്റ്റ് ഇയർ ബികോം പേപ്പറുകളായ മാനേജീരിയൽ ഇക്കണോമിക്സിനേയും സ്റ്റാറ്റിസ്റ്റിക്കിനേയുംകാൾ അന്ന് എനിക്ക് മനപ്പാഠം.

ഗോപാലേട്ടന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായി അഡ്മിഷൻ എടുത്ത ദിവസം, എന്റെ ഉറക്കപ്രാന്തിനെ കുറിച്ച് അച്ഛൻ അദ്ദേഹത്തോട് സൂചിപ്പിച്ചു. രാവിലെ ഒന്ന് വിളിച്ചേക്കണം, അല്ലെങ്കിൽ ഉച്ചവരെ അവൻ കിടന്നുറങ്ങും. കോളെജിൽ പോകാൻ വൈകിപ്പോകേണ്ട എന്നേ അച്ഛൻ അതുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ. അതൊക്കെ ഞാൻ ഏറ്റു എന്ന് ഉറപ്പുകൊടുത്ത ഗോപാലേട്ടൻ ഞാനവിടെ താമസം തുടങ്ങിയതിന്റെ പിറ്റേ ദിവസംതന്നെ അച്ഛനുകൊടുത്ത വാക്ക് പാലിക്കുവാനെന്നവണ്ണം  വാതിലിൽ മുട്ടി വിളിച്ച് എന്നെ ഉണർത്തി;

"മോനേ എഴുന്നേക്ക്....";

രാവിലെയായി എന്ന പരിഭ്രമത്തിൽ ചാടി എഴുന്നേറ്റ ഞാൻ മുറിയിലും പുറത്തും ഇനിയും വെളിച്ചം പരന്നില്ലല്ലോ എന്നോർത്ത് ലൈറ്റ് ഓൺചെയ്ത് വാച്ച് എടുത്ത് നോക്കിയപ്പോൾ സമയം പുലർച്ചെ 4 മണി.  ഒൻപതരയ്ക്ക് ക്ലാസ്സ് തുടങ്ങുന്ന, അവിടുന്ന് പത്ത് മിനുട്ടുപോലും നടക്കാൻ ദൂരമില്ലാത്ത കോളേജിലേക്ക് പോകാൻ പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കുക! അതും പരീക്ഷാകാലത്ത് പോലും എട്ടുമണിവരെ കിടന്നുറങ്ങുന്ന ഞാൻ! ഗോപാലേട്ടൻ വാതിലിലുള്ള മുട്ട് അവസാനിപ്പിക്കുന്ന ലക്ഷണമില്ല. "മോനെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് വേഗമിരുന്ന് പഠിച്ചോ. അച്ഛൻ പറഞ്ഞത് ഓർമയുണ്ടല്ലോ..."
അച്ഛൻ എന്തു പറഞ്ഞു എന്നാണു! കോളെജില്‍ പോകാൻ പുലർച്ചെ 4 മണിക്ക് വിളിച്ചെഴുന്നേല്‍‌പ്പിക്കാൻ അച്ഛൻ പറഞ്ഞോ. എനിക്ക് അരിശം കേറി സങ്കടം വന്നു. അച്ഛനെ അപ്പൊഴങ്ങാൻ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ...

ഗോപാലേട്ടൻ പിന്നീട് അതൊരു പതിവാക്കി. പുലർച്ചെ നാലുമണിക്ക് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ച്,  ബീഡിയും പുകച്ച് മൂപ്പർ വരാന്തയിലെ ചാരുകസേരയിൽ ഇരിക്കും. ഗോപാലേട്ടനെ വിറ്റകാശ് കയ്യിലുള്ള ഞാൻ, പഠിക്കാൻ കുറേഏറെയുണ്ട്, ഇടക്കിടെ വിളിച്ച് ശല്യം ചെയ്യരുത് എന്നുംപറഞ്ഞ് മുറിയില്‍ ലൈറ്റിട്ട്, വാതിലടച്ച് കുറ്റിയിട്ട് കട്ടിലിൽ കയറി പുതച്ചുമൂടി സുഖമായി കിടന്നുറങ്ങും.

1 comment:

  1. ഹാ ഹാ ഹാാ.പാവം ഗോപാലേട്ടൻ.

    ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...