Thursday, January 20, 2011

ഗാന്ധിജി, സ്വപ്നം, കേളപ്പേട്ടൻ

“ഡൈനിംഗ് ടേബിളുകൾക്ക് പറ്റിയ നല്ല വലിയ കവറാണമ്മേ. വൃത്തിയാക്കാൻ എളുപ്പം”; തോളിലെ ബാഗിൽ നിന്നും ഒന്ന് രണ്ട് കവറുകൾ എടുത്ത്, ടൈ കെട്ടി മുടി വെടിപ്പായി ചീകി വച്ച   ആ ചെറുപ്പക്കാരാൻ തുടർന്നു; “സെറ്റികൾക്ക് പറ്റിയ കവറും ഉണ്ട്”

“ഇതൊന്നും ഇവിടെ ആവശ്യമില്ല മോനെ”; വളരെ സൗമ്യമായി കസ്തൂർബ പറഞ്ഞു.

ഗാന്ധിജിയെയും കാത്ത് അദ്ദേഹത്തിന്റെ ആശ്രമത്തിൽ, ഗേറ്റിനരികിലെ മരത്തിന്റെ തറയിൽ ഇരിക്കുകയാണു ഞാൻ. കദർ ധാരികളായ അന്തേവാസികളിൽ ചിലർ തോട്ടത്തിൽ പണിയെടുക്കുന്നുണ്ട്, ചിലർ വരാന്തയിലെ നിരനിരയായി ഇട്ടിരിക്കുന്ന ചർക്കകൾക്ക് പിന്നിൽ നൂൽ നൂൽക്കുന്നുണ്ട്. ചിലർ അവിടവിടെയായി ആടുകളെ മേയ്ക്കുന്നുണ്ട്. അപ്പോഴാണു ഈ ചെറുപ്പക്കാരൻ ഗേറ്റിൽ വന്ന് മുട്ടി വിളിച്ചതും ആരോ അകത്ത് ചെന്ന് കസ്തൂർബയെ കൂട്ടി വന്നതും.

ഞാൻ കസ്തൂർബയെ ശ്രദ്ധിച്ചു. പ്രസരിപ്പേറിയ മുഖം. അനുകമ്പയും സ്നേഹവും തുളുമ്പുന്ന കണ്ണുകൾ. അടുക്കളയിൽ എന്തോ പണിയിലായിരുന്നു എന്നു തോനുന്നു, കൈയിൽ ഒരു ‘കയ്യിൽ’*. എന്റെ അമ്മയും ഇങ്ങിനെയാണു, അടുക്കള പണിക്കിടയിൽ ആരെങ്കിലും വന്ന് ഗേറ്റിൽ മുട്ടിയാൽ കയ്യിലുള്ളത് ചട്ടിയായാലും പാത്രമായാലും അങ്ങിനെ തന്നെ വരാന്തയിലേയ്ക്ക് വരും!

ഞാൻ എഴുന്നേറ്റ് നിന്നു. കസ്തൂർബ സാവധാനത്തിൽ നടന്ന് എനിക്കരികിലേയ്ക്ക് വന്നു;

“ഗാന്ധിജിയെ കാണാൻ വന്നതാണോ? വരാൻ വൈകുമെന്നു തോനുന്നു”

“സാരമില്ല. എത്ര വൈകിയാലും കണ്ടിട്ടേ മടങ്ങുന്നുള്ളൂ”; ഞാൻ ഭവ്യമായി പറഞ്ഞു

“വെള്ളമോ ഭക്ഷണമോ എന്താ വേണ്ടത് എന്ന് വച്ചാൽ കൊടുക്കണം”; കൂടെയുണ്ടായിരുന്ന സ്ത്രീയോട് നിർദ്ദേശം നൽകി, ഒന്ന് പുഞ്ചിരിച്ച് കസ്തൂർബ നടന്നു പോയി

ഞാൻ മരത്തണലിൽ ചാരി ഇരുന്നു. നല്ല കാറ്റ്. ഉറക്കം സാവധാനം എന്റെ കൺപോളകളെ തഴുകി 


ഉറക്കത്തിനുള്ളിൽ ഉറക്കം! ഞാൻ ഞെട്ടിയുണർന്നു. ഗാന്ധിജിയുമില്ല, കസ്തൂർബയുമില്ല ആശ്രമവും മരത്തണലുമില്ല.

വിചിത്രം. അതാണു സ്വപ്നങ്ങൾ. പരസ്പര ബന്ധമില്ലാത്തത്, പക്ഷേ പലതും തമ്മിൽ ബന്ധിപ്പിക്കുന്നത്. ശാസ്ത്രീയാമായി ഇനിയും ചുരുളഴിക്കാനാവാത്ത സമസ്യ.

വിക്കി :
 http://en.wikipedia.org/wiki/Dream

കേളപ്പേട്ടൻ :
“എടേയ്, ഇന്നലെ രാത്രി ഓളെന്റെ ചിറി കടിച്ചാൾഞ്ഞ്ന്നേയ്”
“ആരു കടിച്ചൂന്നാ?”
“ആ ദിൽ വാലാ ദുൽഹനിയാലെ പെങ്കൊച്ച്”

കേളപ്പേട്ടൻ നാട്ടിലെ മരം വെട്ടുകാരനും സ്ഥലത്തെ പ്രധാന വെള്ളവടിക്കാരനും സിനിമാ ഭ്രാന്തനും പ്രായഭേദമന്യേ എല്ലാവരുടെയും സ്വന്തം ആളും ആണു. ദിൽ വാലെ ദുൽഹനിയ ലേ ജായേംഗെ പടം സെക്കൻഡ് ഷോ കണ്ട് വന്ന് കിടന്നുറങ്ങിയപ്പോൾ സ്വപ്നത്തിൽ കാജൽ വന്ന് കെട്ടിപ്പിടിച്ച് അങ്ങേരുടെ ചുണ്ട് കടിച്ച് കളഞ്ഞത്രേ!

--------
*‘കയ്യിൽ’- രാകി മിനുക്കിയ ചിരട്ടയ്ക്ക് കവുങ്ങിൻ അകിൽ കൊണ്ടുണ്ടാക്കിയ പിടിയുള്ള സ്പൂൺ. 

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...