Friday, August 01, 2008

ഒന്നിനുമില്ല ആ പഴയ സുഖം


മഴയത്ത് അടിയോടിയുടെ പറമ്പിലെ പുളിയൻ പറങ്കി മാവിന്റെ ചുവട്ടിൽ പോയി നിന്നു നോക്കി,
ഇടവഴിയിലൂടെ വയലിലേയ്ക്ക് ഒഴുകുന്ന മഴ വെള്ളം കാലുകൊണ്ട് ചടപടാന്ന് പൊട്ടിച്ച് നോക്കി,
സിലോൺ റസ്റ്റോറണ്ടിൽ പോയി പൊറാട്ടയും ബീഫും കഴിച്ചു നോക്കി,
വൈകുന്നേരം അമ്പലപ്പറമ്പിലെ അരയാൽത്തറയിൽ പോയി മലർന്ന് കിടന്ന് നോക്കി,
ലളിതയുടെ വീട്ടിനു മുന്നിലൂടെ അവൾ വരാന്തയിലെവിടെയെങ്കിലുമുണ്ടോ എന്ന് നോക്കി സൈക്കിളിൽ മൂന്നാല് പ്രാവശ്യം റൌണ്ടടിച്ച് നോക്കി,
കുളക്കരയിൽ പോയിരുന്ന് പരന്ന ചട്ടി കഷ്ണങ്ങൾ വെള്ളത്തിലേയ്ക്ക് പരത്തിയെറിഞ്ഞ് എത്ര തവണ ചാടി ചാടി പോകുന്നുണ്ടെന്ന് നോക്കി,
തോട്ടിലും കുളത്തിലും മുങ്ങാം കുഴിയിട്ട് നീന്തി നോക്കി,
പഞ്ചായത്ത് ഗ്രൌണ്ടിൽ വോളിബോൾ കളിക്ക് ബെറ്റ് വെയ്ക്കാൻ പോയി നോക്കി.
കാർത്തികപ്പള്ളി റോഡിലെ കല്ലുങ്കിൽ കുത്തിയിരുന്ന് കൂട്ടുകാരുമൊത്ത് കഥ പറഞ്ഞിരുന്ന് നോക്കി,
ഗ്രാമീണ വായന ശാലയിൽ പോയി അലമാരകളിൽ അടുക്കി വച്ച പഴയ പുസ്തകങ്ങൾ മണത്ത് നോക്കി,
മലോൽ തിറയ്ക്ക് പോയി പെട്രോമാക്സ് വെളിച്ചത്തിൽ കറക്കി കുത്തും ചട്ടിയും കളിച്ച് നോക്കി,
ഒറ്റൽ കൊണ്ട് മീൻ പിടിക്കാൻ മഴയത്ത് വയലിൽ കേളപ്പേട്ടനൊപ്പം കൂടി നോക്കി,
ബോംബെ ബേക്കറിയിൽ നിന്നും അരിമുറുക്കും കടല മുട്ടായിയും കൂന്തിയും വാങ്ങി തിന്ന് നോക്കി,
അശോകന്റെ മഹാലക്ഷ്മി സ്റ്റോറിൽ നിന്നും ഉപ്പിലിട്ട നെല്ലിക്ക വാങ്ങി തിന്നു നോക്കി,
പച്ച മാങ്ങ എറിഞ്ഞ് വീഴ്ത്തി ചെറുതായരിഞ്ഞ് ഉപ്പും മുളകും വെളിച്ചണ്ണയിൽ ചാലിച്ച് തിന്ന് നോക്കി,
മുരിങ്ങയില ചേർത്ത് വച്ച പരിപ്പ് കൂട്ടാനും ചേമ്പ് മെഴുക്കുപുരട്ടിയും കാന്താരി മുളക് ഉപ്പിലിട്ടതും കൂട്ടി ഊണ് കഴിച്ച് നോക്കി,
അമ്മയുണ്ടാക്കിയ കുഞ്ഞികലത്തപ്പവും നെയ്യപ്പവും പഴം പൊരിയും തിന്ന് നോക്കി,
അച്ഛനെ ശുണ്ടി പിടിപ്പിക്കാൻ ബോണി-എം ശബ്ദം കൂട്ടി പാടിച്ച് നോക്കി,
ചേച്ചിമാരുടെ അലമാരയിൽ അടിച്ച് മാറ്റാൻ ചില്ലറയുണ്ടോ എന്ന് തപ്പി നോക്കി,
സ്കൂളിൽ നിന്നും ചേച്ചിമാർ വരുമ്പോൾ അവർക്ക് കൂട്ടുകാരാരെങ്കിലും കൊടുക്കുന്ന മുട്ടായി എനിക്കായി കൊണ്ട് വരുമോ എന്ന് കാത്ത് വരാന്തയിൽ കുന്തിച്ചിരിക്കുന്നതായി സങ്കൽ‌പ്പിച്ച് നോക്കി,
ഗോതമ്പ് റവ കൊണ്ട് ഉപ്പുമാവുണ്ടാക്കി കുപ്പി കഷ്ണങ്ങൾ പൊടിച്ചിട്ട് കാക്കകളെ പിടിക്കാൻ ശ്രമിച്ച് നോക്കി,
പുഴക്കരയിൽ പോയിരുന്ന് ദിനേശ് ബീഡി പുകച്ച് നോക്കി,
കച്ചേരി മൈതാനിയിൽ പ്രധിഷേധ പ്രകടനവും പൊതു യോഗവും കാണാൻ പോയി നോക്കി,
ഹൈസ്കൂൾ ഗ്രൌണ്ടിൽ പോയി പട്ടം പറപ്പിച്ച് നോക്കി,
വൈദ്യശാലയിൽ ചെന്ന് വയറ്റിന് നല്ല സുഖമില്ലെന്ന് പറഞ്ഞ് ഒരൌൺസ് ദശമൂലാരിഷ്ടം വാങ്ങി കുടിച്ച് നോക്കി,
പള്ളിക്കുന്നിൽ വേലായുധേട്ടന്റടുത്ത് ചെന്ന് നൂറുമില്ലി നാടനടിച്ച് നോക്കി,
ചെത്തുകാരന്റെ കയ്യിൽ നിന്നും തെങ്ങിൻ കള്ള് സംഘടിപ്പിച്ച് കുടിച്ച് നോക്കി,
രാത്രിയിൽ പഞ്ചായത്താപ്പിസിന്റെ ടെറസ്സിൽ കയറിയിരുന്ന് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കൂട്ടുകാരുമൊത്ത് റമ്മി കളിച്ച് നോക്കി,
വെള്ളികുളങ്ങര ശ്രീജയയിൽ പോയി സെക്കന്റ് ഷോ സിനിമ കണ്ട് നോക്കി,
ഏതെങ്കിലും ടാക്കീസിൽ നൂൺ ഷോയ്ക്ക് ‘എ‘ പടം ഓടുന്നുണ്ടോ എന്ന് കൂട്ടുകാരെ വിളിച്ച് അന്വേഷിച്ച് നോക്കി,
ട്യൂട്ടോറിയൽ കോളേജിലെ സ്റ്റാഫ് റൂമിൽ ചെന്ന് ഇരുന്ന് നോക്കി,
കല്ല്യാണവീട്ടിൽ നേരം പുലർച്ചെ പാൽ‌പ്പായസം ഉണ്ടാക്കാൻ വെപ്പ്കാരൻ കുറുപ്പേട്ടന്റെ കൂടെ കൂടി നോക്കി,
അവിടെ പായസത്തിൽ ചേർക്കാൻ നെയ്യിൽ വറുത്ത് വച്ച അണ്ടിപ്പരിപ്പും മുന്തിരിയും കട്ടെടുത്ത് തിന്ന് നോക്കി,
ആകാശവാണിയിൽ റേഡിയോ നാടകോത്സവം കേട്ടിരുന്ന് നോക്കി,
മോഹൻലാൽ അഭിനയിച്ച അമൃതം ഗമയയും മമ്മൂട്ടി അഭിനയിച്ച ആൾക്കൂട്ടത്തിൽ തനിയെയും വീണ്ടും കണ്ട് നോക്കി,
ശിവരത്രിക്ക് ശിവാ തിയറ്റേഴ്സ് അവതരിപ്പിച്ച, സാമൂഹ്യ നാടകം കാണാൻ പോയി നോക്കി,
പെരുന്നാളിന് മുസ്തഫയുടെ വീട്ടിൽ ചെന്ന് ചട്ടിപ്പത്തിരിയും ഇറച്ചിയും അലീസയും തിന്ന് നോക്കി,
കൃസ്ത്‌മസ്സിന് ജോസഫിന്റെ വീട്ടിൽ പുൽക്കൂടുണ്ടാക്കി നോക്കി,
വിഷുവിന്ന് പടക്കം പൊട്ടിച്ച് നോക്കി,
ഓണത്തിന് പൂക്കളമിട്ട് നോക്കി.......

ഒന്നിനുമില്ല ആ പഴയ സുഖം
ഓർമ്മകൾക്കാണ് സുഖം

18 comments:

 1. ഒന്നിനുമില്ല ആ പഴയ സുഖം,ഓർമ്മകൾക്കാണ് സുഖം!

  ReplyDelete
 2. ആ പഴയ ഓര്‍മ്മകളുടെ സുഖത്തെപ്പറ്റി ഒന്നു കൂടെ ഓര്‍മ്മിപ്പിച്ചു... ആ ഓര്‍മ്മകളിലേയ്ക്ക് ഒന്നു കൂടെ കൂട്ടിക്കൊണ്ടുപോയി, ഈ പോസ്റ്റ്...

  നന്ദി മാഷേ...

  “ഓര്‍മ്മകള്‍... ഓര്‍മ്മകള്‍
  ഓടക്കുഴലൂതി...”
  :)

  ReplyDelete
 3. ഒന്നിനുമില്ല ആ പഴയ സുഖം
  Nice, truth,

  "ഓർമ്മകൾക്കാണ് സുഖം"
  Thanks

  ReplyDelete
 4. കാലം മാറി, മാറാത്തതു നമ്മളും നമ്മുടെ ഒര്‍മകളും.

  ReplyDelete
 5. ഒന്നിനുമില്ല ആ പഴയ സുഖം
  ഓർമ്മകൾക്കാണ് സുഖം

  correct....

  ReplyDelete
 6. ഒരിക്കല്‍ കൂടി തിരിച്ചുവരാന്‍ കഴിയാത്ത നഷ്ട്ങ്ങളുടെ ആ ഓര്‍മ്മകള്‍ക്കാണൊ ഇത്ര സുഖം....

  ReplyDelete
 7. സമ്മതിച്ചിരിക്കുന്നൂ... എല്ലാ തരം സംഭവങ്ങളും ഈ പൂര്‍വ്വകാലസ്മരണയില്‍ പ്രതിഫലിച്ചിരിക്കുന്നു... ശരിക്കും നൊസ്റ്റാള്‍ജിക്ക്‌.... :-)

  ReplyDelete
 8. ഓര്‍മ്മകളെങ്കിലും നഷ്ടപ്പെടാതിരിയ്ക്കട്ടെ.....ആശംസകള്‍

  ReplyDelete
 9. ഓര്‍മ്മകളുടെ മഴയില്‍ നനയുന്നതല്ലെ സുഖം...

  നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

  ReplyDelete
 10. പടിപ്പുരെ,
  പണ്ടൊളിച്ചുനിന്നു വലിച്ചു് കുത്തിയണച്ച ബീഡിയുടെ സുഖം, ഇന്നത്തെ മേല്‍ത്തരം സിഗറട്ടിലും അന്വേഷിക്കാറുണ്ടു്.ഇല്ല.
  കുളിരുമ്പോള്‍ കിട്ടാതിരുന്ന പുതപ്പിന്‍റെ സുഖം.
  അതു് സമയമാണു്.
  കൊള്ളാം.ഈ ഒറ്മ്മകളുടെ വരമ്പത്തെ യാത്ര.
  സത്യം.
  ആ പഴയ സുഖം.? ഹഹഹ ..അതു സമയമല്ലേ..:)

  ReplyDelete
 11. ഒന്നിനുമില്ല ആ പഴയ സുഖം
  ഓർമ്മകൾക്കാണ് സുഖം

  തികച്ചും വാസ്തവം പടിപ്പുരേ...

  ReplyDelete
 12. ശരിക്കും നല്ല ഓര്‍മകളിലേക്ക് തിരിച്ചു പോയി.. അത് തന്നെ ഏറ്റവും വലിയ സുഖം..

  ReplyDelete
 13. അതെ ഓര്‍മ്മകള്‍ക്കാണ് സുഖം....

  ഏകദേശം ഇതു പോലെയുള്ള ദിനങ്ങള്‍ എനിക്കും ഉണ്ടായിരുന്നു....

  ഇതു വായിച്ചപ്പോള്‍ അതൊക്കെ ഓര്‍മ്മ വരുന്നു....ഇനി ഞാന്‍ ഒരിക്കല്‍ കൂടി ആശിക്കുന്നു ആ സുന്ദര ദിനങ്ങള്‍....

  നന്ദി ഈ ഒര്‍മ്മപ്പെടുത്തലിന്....

  ReplyDelete
 14. ശ്രീ, കരീം മാ‍ഷ്, അനിൽ, ഗോപക്, മാന്മിഴി, സൂര്യോദയം, മയില്പീലി, എസ്.വി, വേണൂജി, അഗ്രൂ, സ്മിത, ശിവ :)

  ReplyDelete
 15. ഒന്നിനുമില്ല ആ പഴയ സുഖം,ഓർമ്മകൾക്കാണ് സുഖം!
  സത്യം ...:)
  nalla varikal

  ReplyDelete
 16. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  美女視訊,辣妹視訊,視訊交友網,免費視訊聊天,視訊,免費視訊,美女交友,成人交友,聊天室交友,微風論壇,微風成人,情色貼圖,色情,微風,聊天室尋夢園,交友,視訊交友,視訊聊天,視訊辣妹,一夜情

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete
 17. ഹായ് ... വായിക്കാന്‍ എന്താ ഒരു സുഖം... വീണ്ടും വീണ്ടും വായിച്ചിട്ടും അതെ സുഖം...വളരെ നന്നായിടുണ്ടുട്ടോ...

  ReplyDelete
 18. ഓര്‍മ്മകള്‍ക്ക് പോലും സുഖമുണ്ട് അപ്പോള്‍ ആകാലത്തിനോ?

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...