Tuesday, January 22, 2008

ബഷീര്‍, ഇമ്മിണി ബല്യ ഒരോര്‍മ്മ


ബേപ്പൂരില്‍ നിന്നും വരുന്ന വലിയ തിരക്കില്ലാത്ത ഒരു സിറ്റി ബസ്സില്‍ മീഞ്ചന്ത സ്റ്റോപ്പില്‍ നിന്നും കേറി, നടുവില്‍ ഇടതുവശത്തെ ഒരു കാലിസീറ്റിലെ സൈഡ് ലക്ഷ്യമാക്കി ഞാന്‍ നീങ്ങുമ്പോഴുണ്ട് ഒരാള്‍ എന്നെയും കടന്ന് അവിടെയ്ക്ക് കുതിക്കുന്നു;

" എടോ കണ്ടക്ടറേ, നിന്റെ ബസ്സിലെ ബാക്ക് സീറ്റിലിരുന്നാല്‍ എന്റെ ഊര ഇളകിപ്പോരും..."

വെള്ള ജുബ്ബയും കറുത്ത കരയുള്ള മുണ്ടും വേഷം. കഷണ്ടി, ഹിറ്റ്ലര്‍ മീശ. അത്ഭുതത്തോടെ ആളെ ഞാന്‍ തിരിച്ചറിഞ്ഞു, വൈക്കം മുഹമ്മദ് ബഷീര്‍! ആദ്യമായാണ് ഞാനദ്ദേഹത്തെ നേരില്‍ കാണുന്നത്.

മീഞ്ചന്ത റെയില്‍‌വേ ഗേറ്റിലെ ഹമ്പില്‍ കേറി ബസ്സൊന്നുലഞ്ഞപ്പോള്‍ അടിതെറ്റിയ അദ്ദേഹം എന്റെ ചുമലില്‍ കൈ താങ്ങി.

ബാല്യകാല സഖിയും പ്രേമലേഖനവും ആനവാരിയും എഴുതിയ അതേ കൈകള്‍!

സീറ്റിന്റെ അരികിലേയ്ക്ക് നീങ്ങിയിരുന്ന് അദ്ദേഹം എന്നോട് പറഞ്ഞു;

" ഇവിടെ ഇരിക്കെടോ "

ഞാന്‍ അദ്ദേഹത്തിന്റെ അടുത്തിരുന്നു. ആരാധകനാണെന്നും പുസ്തകങ്ങള്‍ പലതും വായിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോഴൊന്നും അദ്ദേഹത്തിന് ഭാവമാറ്റങ്ങളൊന്നുമില്ല.

" വീടെവിടെയാണ് ?"

" വടകര "; ഞാന്‍ മറുപടി പറഞ്ഞു

" വടകര വളവിലൊരറുപത് കിളികള്‍....വടകര അരിമുറുക്ക് പ്രമാദമാണല്ലോ "; ചിരിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു;

" വടകരയൊക്കെ നമുക്ക് നന്നായിട്ടറിയാവുന്ന സ്ഥലമാണ്. കോട്ടപ്പറമ്പില്‍ പ്രസംഗിച്ചിട്ടുണ്ട്, താഴങ്ങാടിയില്‍ വന്നിട്ടുണ്ട്, സാന്റ്ബാങ്ക്സില്‍ വന്നിട്ടുണ്ട്. നാദാപുരത്തും കുറ്റിയാടിയും പെരുവണ്ണാമൂഴിയുമൊക്കെ നമ്മുടെ സ്വന്തം ആളുകളുണ്ട് "

ബസ്സിലെ യാത്രക്കാര്‍ പലരും അദ്ദേഹത്തോട് കുശലം പറയുന്നുണ്ട്. എല്ലാവരോടും അദ്ദേഹം മറുപടിയും പറയുന്നുണ്ട്. രാമകൃഷ്ണാശ്രമം സ്കൂള്‍ സ്റ്റോപ്പില്‍ നിന്നും കുട്ടികള്‍ കേറിയപ്പോള്‍ പിന്നെ അവരോടായി കളിയും ചിരിയും.

മീഞ്ചന്ത ബസ്സ് സ്റ്റോപ്പ് മുതല്‍ കോഴിക്കോട് സിറ്റി സ്റ്റാന്‍ഡ് വരെയുള്ള ആ ഹ്രസ്വയാത്രയ്ക്കൊടുവില്‍ ബസ്സിറങ്ങി പിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞു;

" എങ്കില്‍ നടക്കട്ടെ മോനെ. നന്നായി വരട്ടെ "

മുണ്ടിന്റെ കോന്തല്‍ ഉയര്‍ത്തി കക്ഷത്തിലൊതുക്കിപ്പിടിച്ച് നഗരത്തിന്റെ തിരക്കിലേക്ക് നടന്നുപോകുന്ന ഇമ്മിണി ബല്യ അദ്ദേഹത്തെയും നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ മജീദിനെ ഓര്‍ത്തു;

ആ ഉത്തരം പറയുന്നതിനുമുന്‍പ് മജീദ് ഒന്നാലോചിച്ചു. രണ്ടു നദികള്‍ ഒഴുകിവന്ന് ഒന്നു ചേര്‍ന്ന് കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകള്‍ ഒരുമിച്ചുചേരുമ്പോള്‍ ‍ കുറച്ചുകൂടി വണ്ണം വെച്ച ഒരു "ഒന്ന്" ആയിത്തീരുന്നു. ശരിയും ആണല്ലോ. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു

" ഉമ്മിണിബല്യ ഒന്ന്! "

10 comments:

  1. "ഇമ്മിണി ബല്യ ഒരോര്‍മ്മ.."

    ബഷീറിണ്റ്റെ നൂറാം ജന്‍മദിനവേളയില്‍ ഇങ്ങനെയൊരു ഓര്‍മ്മ പുതുക്കല്‍ അവസരോചിതമായി

    നല്ല പോസ്റ്റ്‌, പടിപ്പുരക്ക്‌ അഭിനന്ദനങ്ങള്‍

    ReplyDelete
  2. ഓര്‍ക്കുമ്പോളോര്‍ക്കുമ്പോള്‍
    ഒരു കുളിരും ചിരിയും കണ്ണീരും........
    ബഷീര്‍....ഭാഗ്യം ചെയ്ത 'ഓര്‍മ്മ'!

    ReplyDelete
  3. ഓര്‍മകളുടെ നിറക്കൂട്ട് പോലെ,,,
    ആശംസകള്‍.,

    ReplyDelete
  4. ന്‍റെ ഉപ്പുപ്പക്കൊരാന ഉണ്ടായിരുന്നു..
    അതൊരു കുയിയാന
    ബഷിരിന്റെ ഓര്‍മ്മകള്‍
    :}->
    ആശംസകള്‍

    ReplyDelete
  5. മാഷേ... നല്ല ഓര്‍‌മ്മ!

    ബേപ്പൂര്‍‌ സുല്‍ത്താന്റെ അനുഗ്രഹം കിട്ടിയ ഭാഗ്യവാന്‍...
    :)

    ReplyDelete
  6. എന്നെന്നും നിലനില്‍ക്കുന്ന ബല്ല്യ ഓര്‍മ്മ തന്നെ...

    ReplyDelete
  7. ഇനിയും എത്ര യുഗങ്ങള്‍ കഴിഞ്ഞാലും താങ്കളെ പോലെ മലയാളത്തെ സ്‌നേഹിക്കുന്ന നമ്മുക്കിടയില്‍ ആ സുല്‍ത്താന്‍ ജീവിക്കും...എന്നെന്നും...

    ReplyDelete
  8. മീനാക്ഷി, ജ്യോനവന്‍, സജി, കാപ്പിലാന്‍, ശ്രീ, സൂര്യോദയം, ഹരിത്, നജീം :)

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...