Friday, June 20, 2008

വായനയെക്കുറിച്ച് പറയുമ്പോൾ....


എങ്ങിനെയായിരുന്നു വായന തുടങ്ങിയത്...പാഠപുസ്തകമല്ലാത്ത എന്തായിരുന്നു ആദ്യമായി വായിച്ചത്...എപ്പൊഴാ‍യിരുന്നു വായനയെ സ്നേഹിച്ച് തുടങ്ങിയത്...

ഓർമ്മകളുടെ അങ്ങേത്തലയ്ക്ക് ബാലരമയും പൂമ്പാറ്റയും പൂമ്പാറ്റ അമർചിത്രകഥകളും. അവയിലെ കഥകളും പാട്ടുകളും ചിത്രങ്ങളും ഇപ്പോഴും വ്യക്തം. ടൌണിലെ രാഘവേട്ടന്റെ കടയിൽ നിന്നും ‘പൈസ ച്ഛൻ തരും’ എന്നും പറഞ്ഞ് അതിലേതെങ്കിലുമൊന്നുമായി വീട്ടിലേയ്ക്കൊരു ഓട്ടമാണ്. ഒറ്റ ഇരിപ്പിന് മുഴുവൻ വായിച്ച് തീർക്കും. പൃത്ഥ്വിരാജ് ചൌഹാൻ, ശിവജി, കുഞ്ഞാലി മരയ്ക്കാർ, അഭിമന്യു, റോബിൻസൺ ക്രൂസോ....വായിച്ച കഥകളിലെ വീര നായകന്മാരായി സ്വയം സങ്കൽ‌പ്പിച്ച് ആവേശം കൊള്ളും, സ്കൂളിൽ കൂട്ടുകാർക്കൊപ്പം ശീമക്കൊന്നയുടെ വടി, വാളാക്കി ആ കഥകളിലെ യുദ്ധരംഗങ്ങൾ പുനരാവിഷ്കരിക്കും.

പിന്നീട് മാൻഡ്രേക്ക്, ഫാന്റം, മായാവി മാരുടെ ലോകത്തെത്തി. കൂട്ടത്തിൽ ചെറിയ പുസ്തകങ്ങളായി ഇറങ്ങുന്ന നിരവധി വീര സാഹസിക ചിത്രകഥകളും. ഡിറ്റക്ടീവ് കഥകളിലേക്കുള്ള വഴികാട്ടിയും ഈ ചിത്ര കഥകൾ തന്നെ. ഫാറോവാന്റെ മരണമൊഴി, ഡയൽ 00001, രക്തരക്ഷസ്, ഡ്രാക്കുള തുടങ്ങി രാത്രികളിൽ പേടിച്ച് വിറച്ച് വായിച്ച് തീർത്ത എത്രയെത്ര ഡിറ്റക്ടീവ് നോവലുകൾ.

കൌമാരത്തിലേയ്ക്കുള്ള കാൽ വയ്പിനൊപ്പം കൂട്ടായി കിട്ടിയതായിരുന്നു മംഗളം, മനോരമ, കുമാരി, സഖി, മനോരാജ്യം തുടങ്ങിയ ഒരു രൂപാ പ്രസിദ്ധീകരണങ്ങൾ. തോമസ് കുട്ടിയുടെയും മറിയാമ്മയുടെയും പരിശുദ്ധ പ്രണയം മാതൃകയാക്കിയായിരുന്നു കൌമാര പ്രണയസ്വപ്നങ്ങൾ മുഴുവനും. തുടർ നോവലുകൾക്കായി ആർട്ടിസ്റ്റുകൾ ആ വാരികകളിൽ വരച്ച ജീവസ്സുറ്റ പെൺകുട്ടികളുടെ ചിത്രങ്ങളിൽ ചിലത് ഓർമ്മകളിൽ എനിക്കിപ്പോഴും കാണാം.

എട്ടാം ക്ലാസിൽ ഒരു ഉച്ച ഒഴിവിന് ഗ്രൌണ്ടിലെ കശുമാവിൻ തണലിലിരുന്ന് കൂട്ടുകാരൻ സതീശൻ തന്ന ‘കഴുകൻ’ എന്ന ഭീകര പുസ്തകം വായിച്ചിരിക്കുമ്പോഴായിരുന്നു, മലയാളം പഠിപ്പിക്കുന്ന ജോയ് മാഷ് പിന്നിൽ കൂടെ വന്ന് കയ്യോടെ പിടിച്ചത്. ബലാൽ സംഘവും കൊലപാതകവും ഏറ്റുമുട്ടലും നിറഞ്ഞ ആ പുസ്തകം എന്റെ കയ്യിൽ നിന്നും വാങ്ങി താളുകൾ മറിച്ച് നോക്കി തിരിച്ച് തന്ന് പോകുമ്പോൾ മാഷ് പറഞ്ഞു;

“ മനോജ് വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് ലൈബ്രറിയിലോട്ട് വരിക “

“ വായിക്കുക എന്നതിനൊപ്പം എന്ത് വായിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് “; അന്ന് വൈകുന്നേരം പഴയ പുസ്തകങ്ങളുടെ മണമുള്ള ചെമ്പ്ര ഗവണ്മെന്റ് ഹൈസ്കൂളിലെ ലൈബ്രറിയിൽ അദ്ദേഹത്തിന്റെ സീറ്റിലിരുന്ന് ജോയ് മാഷ് പറഞ്ഞു. മേശപ്പുറത്ത് നിന്നും ഒരു പുസ്തകം എടുത്ത് അദ്ദേഹം എനിക്ക് നേരെ നീട്ടി. അതിന്റെ പുറം ചട്ടയിൽ ഞാൻ വായിച്ചു; ‘ചെമ്മീൻ - തകഴി ശിവശങ്കരപ്പിള്ള‘.

ലൈബ്രറിയുടെ അത്ഭുത ലോകത്തേയ്ക്കുള്ള യാത്രയുടെ തുടക്കം അതായിരുന്നു. ജോയ് മാഷ് എനിക്കായി പുസ്തകങ്ങൾ തിരഞ്ഞെടുത്ത് തന്നു. നാലുകെട്ട്, സ്മാരക ശിലകൾ, ഖസാക്കിന്റെ ഇതിഹാസം, മഞ്ഞ്, ഒരു ദേശത്തിന്റെ കഥ, യന്ത്രം, കാലം...... വായിച്ച് കഴിഞ്ഞ പുസ്തകങ്ങൾ മടക്കി കൊടുക്കുമ്പോൾ അതിന്റെ ഒരു പേജിൽ കവിയാത്ത ഒരു ആസ്വാദനവും എഴുതി മാഷക്ക് കൊടുക്കണം. ഖസാക്കിന്റെ ഇതിഹാസത്തിന് ഞാനെഴുതിയ ബാലിശമായ ആസ്വാദനം വായിച്ച്, ചിരിച്ച് കൊണ്ട് രവിയുടെയും ഖസാക്കിന്റെയും ആകുലതകളെ പറ്റി മാഷ് എനിക്ക് പറഞ്ഞ് തന്നത് വർഷങ്ങൾക്ക് ശേഷം ഖസാക്കിന്റെ ഇതിഹാസം വീണ്ടും വായിക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞു.

മാതൃഭൂമി, കലാകൌമുദി, കഥ, ഭാഷാപോഷിണി ഇതൊക്കെയായി കോളെജിലെത്തിയപ്പോഴേയ്ക്കുമുള്ള സ്ഥിരം വായന. രണ്ടാമൂഴം, മുൻപേ പറക്കുന്ന പക്ഷികൾ, നമുക്ക് ഗ്രാമങ്ങളിൽ പോയി രാപാർക്കാം തുടങ്ങി കാത്തിരുന്ന് വായിച്ച നോവലുകൾ. പഴയ വീട്ടിലെ മുകളിലെ നിലയിലുള്ള എന്റെ മുറിയിൽ അട്ടിക്ക് കൂട്ടിയിട്ട വാരികകളിൽ വാലൻ മൂട്ടകൾ ഭൂപടങ്ങളുടെ ചിത്രങ്ങൾ വരച്ചു. പഴകി മഞ്ഞ നിറം ബാധിച്ച ആ വാരികകൾ ഒഴിവാക്കാൻ എന്തോ മനസ്സ് സമ്മതിച്ചില്ല. വീടും നാടും വിട്ട് അതിജീവനത്തിനായുള്ള യാത്രതുടങ്ങിയപ്പോൾ എപ്പോഴോ ഒരിക്കൽ വീട്ടിലേയ്ക്ക് വിളിച്ചപ്പോൾ അമ്മ പറഞ്ഞു, ആ മുറിയിലുണ്ടായിരുന്ന പഴയ വാരികകളൊക്കെയും ഏതോ ഒരു തമിഴൻ ആക്രി കച്ചവടക്കാരന്ന് എടുത്ത് കൊടുത്തു എന്ന്.

പിന്നീടെപ്പോഴോ വായന നിന്നു. സ്വന്തമായി തുടങ്ങിയ സംരംഭം തകരാൻ തുടങ്ങിയപ്പോൾ ഒരു മാസത്തേയ്ക്കുള്ള റെയിൽ‌വേ സീസൺ ടിക്കറ്റ് എടുക്കാൻ പോലും പണം കണ്ടെത്താൻ പാട് പെടുമ്പോഴും കോഴിക്കോട് റെയിൽ‌വേസ്റ്റേഷനിലെ പുസ്തക വിൽ‌പ്പന ശാലയ്ക്ക് മുന്നിൽ വെറുതെ പോയി നിൽക്കും. രാത്രിയിൽ ലോക്കൽ ട്രെയിനിൽ ആരെങ്കിലും വായിക്കുന്ന മാതൃഭൂമിയോ കലാകൌമുദിയോ ചോദിച്ച് വാങ്ങിക്കാൻ അവർ വായിച്ച് തീരുന്നത് വരെ ക്ഷമയോടെ കാത്ത് നിൽക്കും. വഴിക്കുള്ള സ്റ്റേഷനുകളിൽ വാരികകളുടെ ഉടമസ്ഥർ ഇറങ്ങുമ്പോൾ പകുതിയിൽ വായന ഉപേക്ഷിച്ച് തിരിച്ച് കൊടുക്കേണ്ടി വരും, പലപ്പോഴും. പാതിയായിപ്പോയ വായനകൾ!

വർഷങ്ങൾക്ക് ശേഷം ഇപ്പോൾ, പണ്ട് അച്ഛൻ വാങ്ങിത്തന്ന കുറച്ച് പുസ്തകങ്ങളും ഇപ്പോൾ പലപ്പോഴായി ഞാൻ തന്നെ വാങ്ങിയ പുസ്തകങ്ങളുമായി എനിക്കൊരു ചെറിയ പുസ്തക ശേഖരമുണ്ട്. ഒരു പുസ്തക അലമാരയുണ്ടാക്കി എനിക്ക് ആ പുസ്തകങ്ങൾ അതിൽ അടുക്കി വയ്ക്കണം. വളർന്ന് വരുന്ന എന്റെ കുഞ്ഞുങ്ങൾക്ക് വായിക്കാൻ അതിൽ നിന്നും പുസ്തങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കണം...

കഴിഞ്ഞ ദിവസം വാങ്ങിയ നാലുകെട്ട് വായിക്കാനിരുന്നപ്പോൾ എവിടെ നിന്നോ ചെമ്പ്ര ഹൈസ്കൂളിലെ ലൈബ്രറിയുടെ ഗന്ധം എന്നെ വന്ന് പൊതിഞ്ഞു. ജോയ് മാഷും ലൈബ്രറിയിലെ പുസ്തങ്ങൾ അടുക്കി വച്ച മര അലമാരകളും മാഷിന്റെ ക്ലാസുകളും ഓർമ്മകളിൽ തെളിഞ്ഞു. മനോരമയുടെ പോർട്ടലിൽ വായനാ വാരത്തെ കുറിച്ച് വായിച്ചതും അന്ന് തന്നെ.

വെറുതെ ഇതിവിടെ കുറിച്ചിടാൻ തോന്നി.

15 comments:

 1. വായനയെക്കുറിച്ച് പറയുമ്പോൾ....

  ReplyDelete
 2. വെറുതേ തോന്നി കുറിച്ചിട്ടതാണെങ്കിലും ഈ പോസ്റ്റിനു നന്ദി, മാഷേ.
  ഞാനും വായന തുടങ്ങിയ കാലം ഓര്‍ത്തു. ഏതാണ്ട് ഇതേ പോലെ തന്നെ ബാലരമകളിലും പൂമ്പാറ്റകളിലും തുടങ്ങി, വാരികകളിലൂടെയും ഡിറ്റക്റ്റീവ് നോവലുകളിലൂടെയും കടന്നു വന്ന് എംടിയും ബഷീറും സി. രാധാകൃഷ്ണനുമൊക്കെ എത്തിയ കാലം...

  ഇപ്പോ വായന നന്നേ കുറഞ്ഞു. :(

  എന്നാലും എന്റെയും ഒരു ആഗ്രഹമാണ് മാഷ് പറഞ്ഞതു പോലെ ഒരു കൊച്ചു പുസ്തകശേഖരം. പണ്ട് മുതല്‍ കൊതിയോടെ സ്വന്തമാക്കണമെന്ന് ആശിച്ചിട്ടുള്ള കുറേ നല്ല പുസ്തകങ്ങളുടെ ഒരു ശേഖരം.
  :)

  ReplyDelete
 3. മാസത്തില്‍ രണ്ടു തവണ അച്ഛന്‍ വാങ്ങികൊണ്ട് വരുന്ന പൂമ്പാറ്റ വായിച്ചു തന്നെയായിരുന്നു എന്റെയും തുടക്കം. വായനയുടെ ഓര്‍മകള്‍ക്ക് നന്ദി.

  ReplyDelete
 4. “പിന്നീടെപ്പോഴോ വായന നിന്നു. സ്വന്തമായി തുടങ്ങിയ സംരംഭം തകരാൻ തുടങ്ങിയപ്പോൾ ഒരു മാസത്തേയ്ക്കുള്ള റെയിൽ‌വേ സീസൺ ടിക്കറ്റ് എടുക്കാൻ പോലും പണം കണ്ടെത്താൻ പാട് പെടുമ്പോഴും കോഴിക്കോട് റെയിൽ‌വേസ്റ്റേഷനിലെ പുസ്തക വിൽ‌പ്പന ശാലയ്ക്ക് മുന്നിൽ വെറുതെ പോയി നിൽക്കും. രാത്രിയിൽ ലോക്കൽ ട്രെയിനിൽ ആരെങ്കിലും വായിക്കുന്ന മാതൃഭൂമിയോ കലാകൌമുദിയോ ചോദിച്ച് വാങ്ങിക്കാൻ അവർ വായിച്ച് തീരുന്നത് വരെ ക്ഷമയോടെ കാത്ത് നിൽക്കും. “

  വീണ്ടും വീണ്ടും വായിച്ചു ഈ വരികള്‍ !!! മുന്‍പ് പ്ഴയപുസ്തകങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന മാനാഞ്ചിറയുടെ അരികില്‍ ഒന്നെങ്കിലും വായിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാലോചിച്ച് നിന്നത് ഓര്‍ത്തുപോയി... :)

  എന്റെ വായന്‍ തുടങ്ങിയതും പൂമ്പാറ്റയിലായിരുന്നു... പപ്പൂസിന്റെ ആരാധിക

  ReplyDelete
 5. വളരെ നന്ദി, ഈ പോസ്റ്റിനു്. ലൈബ്രറിയില്‍ പോയി
  പുസ്തകങ്ങള്‍ എടുത്തു വായിച്ചിരുന്ന ആ പഴയ കാലം ഓര്‍ത്തുപോയി. അത്ര ചെറുതല്ലാത്ത ഒരു പുസ്തക ശേഖരം എനിക്കുമുണ്ട്‌.

  ReplyDelete
 6. ഓര്‍മ്മകളെ ഭൂതകാലത്തിലേക്ക് കൈപിടിച്ചു നടത്താന്‍ താങ്കളെ പോസ്റ്റ് നിമിത്തമായി.
  അതു പോലെ മായാവിയും കപീഷും മാന്‍ഡ്രേക്കും, ഫാന്‍ റവും ഒക്കെ വന്ന വായിച്ചു വന്ന വഴികള്‍ കൂട്ടുകാരുണ്ട്കുന്നതും താങ്കളുടെ പോസ്റ്റ് ഓര്‍മ്മകളെ കൊളുത്തി വലിച്ചു.

  നന്ദി.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

  ReplyDelete
 7. എന്റെ വായന തുടങ്ങിയതു ചേച്ചിമാരുടെ വലിയ ലൈബ്രറി പുസ്തകങ്ങളിലാണു..ബാലരമ ഒന്നും അധികം വായിച്ചിട്ടിലാ...എന്റെതൊരു കാലം തെറ്റിയ വായന ആയിരുന്നു എന്നു തോന്നുന്നു..:(

  ReplyDelete
 8. പടിപ്പുരേ, വായനയുടെ തുടക്കം.മുലപ്പാലിന്‍റെ മധുരം പോലെ മനസ്സില് തങ്ങി നില്‍ക്കുന്നു, ആദ്യ കാല പുസ്തക വായനയെക്കുറിച്ചു് ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റിനു് നന്ദി.:)

  ReplyDelete
 9. ശ്രീ പറഞ്ഞതുപോലെ ഞാനും വായന തുടങ്ങിയ കാലം ഓറ്ത്തുപോയി. പുതിയ പുസ്തകം കിട്ടിയാല് അത് ആദ്യം വായിച്ചു തീർക്കാ‍നായി എന്തൊരു വഴക്കായിരുന്നു വീട്ടിൽ.എന്റെ ഊഴത്തിനായി പാതിരാത്രിവരെ കാത്തിരിക്കുന്നതും അതിനുവേണ്ടി അമ്മച്ചിയുടെ ശകാരവും എല്ലാം ഒത്തിരി ‘മിസ്’ചെയ്തു ഈ പോസ്റ്റ് വായിച്ചപ്പോൾ.
  എന്നാല്‌ ഇപ്പോഴോ? വായന വളരെ കുറഞ്ഞിരിക്കുന്നു.
  ഈ പോസ്റ്റിലൂടെ വായനയെ കുറിച്ച് ഒരു ചിന്ത തന്നതിനു നന്ദി....

  ReplyDelete
 10. അത്ര ചെറുതല്ലാത്ത ഒരു പുസ്തക ശേഖരം എനിക്കുമുണ്ട്‌.

  ReplyDelete
 11. നന്നായി എഴുതി മനോജ്,ഓര്‍മ്മകളില്‍ വെള്ളിവാലന്‍ തിന്ന പുസ്തകങ്ങളുടെ ഗന്ധവും സ്കൂ‍ളിലെ സേവന വാരവും നടവരമ്പ് സ്കൂളിലെ അഞ്ചത്ത് ബാലന്‍ മാഷും (കവയത്രി കവിതാ ബാലകൃഷ്ണന്റെ അച്ഛന്‍)വന്നു നീറഞ്ഞു ഇതു വായിച്ചപ്പോള്‍.

  ReplyDelete
 12. വായനയെപ്പറ്റി ഓര്‍ത്താല്‍ ആദ്യം വരിക രവിയുടേയും അപ്പുണ്ണിയുടേയുമൊക്കെ ഒപ്പമുള്ള കാലം. പൂമ്പാറ്റയും ബാലരമയും അമര്‍ചിത്രകഥകളും.

  അനന്ത പൈ യില്‍ നിന്നും പോയതിനു ശേഷമാണെന്ന് തോന്നുന്നു ഒരിക്കല്‍ പൂമ്പാറ്റ വായിച്ചപ്പൊള്‍ ഒരു രസവും തോന്നിയില്ല. പ്രായക്കൂടുതലാവാം എന്ന തെറ്റ്ധാരണ മാറിയത് ഒരു പഴയലക്കം വായിക്കാനൊത്തപ്പോളാണ്.

  പിന്നീട് മനോരമയിലേക്കുള്ള മാറ്റത്തില്‍ പക്ഷെ തച്ചോളി ഒതേനന്‍ മാത്രമായിരുന്നു ലക്ഷ്യം , ഒതേനനന്‍ കയ്യില്‍ വാളുമായി മതില്‍ ചാടുമ്പോള്‍ കഴുത്തിലെ പുലി നഖം കൊണ്ടുള്ള മാല മുകളിലേക്കായുന്ന ചിത്രം ഇന്നും മനസ്സിലുണ്ട്.

  കലാകൗമുതിയില്‍ നിന്നും കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം മാത്രം വായിക്കുമായിരുന്നു. നോവലുകള്‍ കഥകള്‍ ഇത്യാദിയൊന്നും വായിച്ചിട്ടില്ല സെക്കന്റ് ലാങ്വേജ് പഠിക്കുകയായിരുന്നു ;)

  അനന്ത പൈയുടെ കാലഘട്ടത്തിലെ പൂമ്പാറ്റയും ബാലരമയും അമര്‍ചിത്രകഥകളും കിട്ടിയാല്‍ എത്ര പണം കൊടുക്കാനും തയ്യാര്‍ :)

  സമാന ചിന്തകള്‍ :)

  ReplyDelete
 13. ശ്രീ, വാൽമീകി, പ്രിയ, എഴുത്തുകാരി, ഇരിങ്ങൽ, പ്രിയംവദ, വേണുജി, നോബി, അരീക്കോടൻ, മുസാഫിർ, തറവാടി :)

  ReplyDelete
 14. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  美女視訊,辣妹視訊,視訊交友網,免費視訊聊天,視訊,免費視訊,美女交友,成人交友,聊天室交友,微風論壇,微風成人,情色貼圖,色情,微風,聊天室尋夢園,交友,視訊交友,視訊聊天,視訊辣妹,一夜情

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...