Monday, July 21, 2008

മഴ നനയുന്നത്...


ചാറ്റൽ മഴയും കോടമഴയും നനഞ്ഞിട്ടുണ്ട്. മഴയിൽ വയലും പറമ്പും കവിഞ്ഞ് പുഴ ഒഴുകുമ്പോൾ വാഴത്തടകൾ കൂട്ടിക്കെട്ടി അതിൽ കേറിയിരുന്ന് തോണി തുഴഞ്ഞിട്ടുണ്ട്. കലക്ക് വെള്ളത്തിൽ കണ്ണ് ചെമ്പോത്തിന്റെ കണ്ണ് പോലെ ചെമക്കുന്നത് വരെ നീന്തിയിട്ടുണ്ട്. തോട്ടിൽ വലവിരിച്ച് കട്ങ്ങാലി മീനിനെ പിടിച്ചിട്ടുണ്ട്. വലയിൽ കുടുങ്ങുമായിരുന്ന മഞ്ഞ നിറമുള്ള നീർക്കോലികളുടെ കഴുത്തിൽ കുരുക്കിട്ട് കൊണ്ട് നടന്ന് കൊത്തങ്കല്ല് കളിക്കുന്ന പെൺകുട്ടികളെ പേടിപ്പിച്ചിട്ടുണ്ട്. മഴയിൽ ചിമ്മാനിയടിച്ച വരാന്തയിലെ കാവി നിലത്ത് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വീട്ടിലെ മേലെ മുറിയിൽ എന്റെ ജനവാതിലിനടുത്ത് പടർന്ന് നിൽക്കുന്ന ഒട്ടുമാവിൽ മഴ വീഴുന്നത് കേട്ട് ഉറങ്ങുകയും ഉണരുകയും വെറുതെ കിടക്കുകയും ചെയ്തിട്ടുണ്ട്....

പക്ഷേ അതൊന്നും രാഘവന്റെ ചോദ്യത്തിന് ഉത്തരമാവില്ല. മഴ പെയ്തൊഴിഞ്ഞ് നനഞ്ഞ കാറ്റേറ്റ് ഞാൻ ഹോസ്റ്റലിന്റെ വരാന്തയിൽ അവന്റെ മുഖത്തേക്ക് നോക്കി മിഴിച്ച് ഇരുന്നു.

പെരുമഴ പെയ്യുന്ന ഒരു ദിവസം കോളെജിൽ നിന്നും ഇറങ്ങിയതാണ്. നനഞ്ഞ് കൊണ്ട് ഹോസ്റ്റലിലേയ്ക്ക് നടക്കുമ്പോൾ മുന്നിലുണ്ട് രാഘവൻ നടക്കുന്നു. ബി.കോമിന് ഞങ്ങൾ ഒരുമിച്ചാണ് പഠിക്കുന്നത്. അവൻ ദിവസവും വീട്ടിൽ നിന്നുമാണ് വരുന്നത്. കക്കയത്തിനപ്പുറത്തെവിടെയോ ഒരു ആദിവാസി കോളനിയിലാണ് അവന്റെ വീട്. ഒഴിവ് ദിവസങ്ങളിൽ പാടത്ത് പണിയെടുത്തും അല്ലറ ചില്ലറ കൃഷി നടത്തിയുമൊക്കെയാണ് അവൻ കോളെജിൽ പഠിക്കാനുള്ള കാശുണ്ടാക്കുന്നത്. പഠിക്കണം, ഒരു ജോലി കണ്ടെത്തണം. താഴെയുള്ള മൂന്നെണ്ണത്തിനെയും കോളനിയിലുള്ള മറ്റ് കുട്ടികളെ കൂടെയും പഠിപ്പിക്കണം. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരണം- അതൊക്കെയായിരുന്നു അന്ന് രാഘവന്റെ ലക്ഷ്യങ്ങൾ.

സഹമുറിയൻ നാട്ടിലാണ്. മഴ നിന്നിട്ട് പോകാം എന്ന് പറഞ്ഞ് രാഘവനെ ഞാൻ മുറിയിലേക്ക് കൂട്ടി. തലയും മേലും തുടക്കാൻ രാഘവന് ഒരു തോർത്തെടുത്ത് കൊടുത്ത് നനഞ്ഞ വസ്ത്രങ്ങൾ മാറ്റി ഞാൻ രണ്ട് കപ്പിൽ കട്ടൻ കാപ്പിയിട്ട് വരാന്തയിലേക്ക് വന്നപ്പോഴുണ്ട് രാഘവൻ നനഞ്ഞതൊന്നും തുടക്കാതെ അങ്ങിനെ തന്നെ ഇരിക്കുന്നു.

“ അങ്ങിനൊന്നും അസുഖം വരില്ല “; ഒരു കവിൾ കാപ്പി കുടിച്ച് രാഘവൻ പറഞ്ഞു; “ തിരുവാതിര ഞാറ്റ് വേലയാണ്, നല്ലോണം മഴ പെയ്യട്ടെ. പാട്ടത്തിന് കുറച്ച് കുരുമുളക് വള്ളി നട്ടിട്ടുണ്ട് ഞാൻ “

ഞാനൊരു സിഗററ്റ് കത്തിച്ച് പുകച്ചു. തിമർത്ത് പെയ്യുന്ന മഴ പതുക്കെ ശക്തി കുറഞ്ഞ് കുറഞ്ഞ് നിന്നു. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുന്നിൽ റോഡിനപ്പുറത്ത് വിശാലമായ വയലാണ്. അതിനപ്പുറം ദൂരെ അവ്യക്തമായി കാണുന്ന മലനിരകളിലേക്ക് സൂക്ഷിച്ച് നോക്കി രാഘവൻ പറഞ്ഞു;

“ ഈ മഴ ഇപ്പൊഴൊന്നും തീരില്ല. മലയിൽ മഴ പെയ്യുന്നുണ്ട് “

“ മലയിൽ മഴ പെയ്യുന്നുണ്ടെന്ന് നിനക്കെങ്ങിനെ അറിയാം? ”

ദൂരെ മല നിരകളിലേയ്ക്ക് വിരൽ ചൂണ്ടി രാഘവൻ പറഞ്ഞു; “ മലയിലേലക്ക് നോക്കുമ്പോൾ ഒരു നേരിയ പുകപടലം പോലെ കാണുന്നില്ലേ, അത് മഴ പെയ്യുന്നതാണ് “

ആരോ വരച്ച ചിത്രം പോലെ ചാര നിറമുള്ള ആകാശവും മലയും മഴയും. അതിങ്ങനെ നോക്കിയിരിക്കുമ്പോഴാണ് രാഘവൻ ചോദിച്ചത്;

“ നീ മലയിൽ മഴ നനഞ്ഞിട്ടുണ്ടോ? ആളനക്കമില്ലാത്ത കാട്ടിൽ കൊടും മഴയിൽ? “

* * *

അടുത്ത വെള്ളിയാഴ്ച വൈകീട്ട് ഞാൻ രാഘവനൊപ്പം പുറപ്പെട്ടു. ബസ്സിറങ്ങി കാട്ട് വഴിയിലൂടെ നാലഞ്ച് കിലോമീറ്റർ ചെങ്കൂത്തായം നടക്കണം അവന്റെ കോളനിയിലെത്താൻ. “ ഇപ്പോൾ മനസ്സിലായോ ക്രോസ്സ് കണ്ട്രി റേസ്സിൽ കഴിഞ്ഞ രണ്ട് വർഷമായിട്ട് ഞാൻ ഒന്നാം സ്ഥാനത്തെത്തുന്നതിന്റെ രഹസ്യം? “; മഴ നനഞ്ഞ് നടക്കുമ്പോൾ രാഘവൻ തമാശയായി പറഞ്ഞു.

ഓല കൊണ്ടും തകര ഷീറ്റ് കൊണ്ടും ഉണ്ടാക്കിയ കുറേ കുടിലുകൾ. ചിലയിടങ്ങളിൽ പുകഞ്ഞ് കത്തുന്ന ചെറിയ മണ്ണെണ്ണ വിളക്കുകൾ. മഴയെയും ഇരുട്ടിനെയും കൂട്ടാക്കാതെ ഓടി നടക്കുന്ന കുട്ടികൾ.

ഓല മറച്ച് വേർതിരിച്ച രണ്ട് ചെറിയ മുറികളുള്ള രാഘവന്റെ വീട്ടിൽ അവന്റെ അമ്മയ്ക്കും അച്ഛനും കൂടപ്പിറപ്പുകൾക്കുമൊപ്പം ഞാൻ ഉണക്ക മീൻ ചുട്ടതും കൂട്ടി ചൂട് കഞ്ഞി കഴിച്ചു. രാത്രി ഏറെ വൈകുന്നത് വരെ അവന്റെ അച്ഛൻ പറഞ്ഞ് തന്ന കാടറിവുകൾ കേട്ടിരുന്നു. അവന്റെ അമ്മ വിരിച്ചു തന്ന തഴപ്പായയിൽ രാഘവനൊപ്പം കിടന്ന് ചീവീടുകളുടെയും തവളകളുടെയും മഴയുടെയും ശബ്ദം കേട്ട് ഉറങ്ങി.

നേരം പരപരാ വെളുക്കാൻ തുടങ്ങിയപ്പോഴേയ്ക്കും മഴയിൽ ഞങ്ങൾ മല കയറി തുടങ്ങി. മരങ്ങൾക്കും വള്ളികൾക്കും ഇടയിലൂടെയുള്ള കാട്ട് പാത. ആദിവാസികൾ വിറകൊടിക്കാനും തേനെടുക്കാനും കാട്ട് പന്നിയെ വേട്ടയാടാനുമാണ് മല കയറുന്നത്. പിന്നെ മല മുകളിൽ ഒരു ഗുഹയ്ക്ക് മുന്നിൽ അവരുടെ ദേവിയെ വണങ്ങാൻ വർഷത്തിൽ ഒരു പ്രാവശ്യവും.

ഗുഹ എന്ന് പറയാൻ മാത്രമൊന്നുമില്ല. ഒരു പാറക്കെട്ടിനിടയ്ക്ക് കഷ്ടിച്ച് ഒരു കാട്ട് പന്നിക്ക് ഇരിക്കാൻ പറ്റുന്ന ഒരു മാളം. ഗുഹാ മുഖത്ത് കാണുന്ന ഒരു പാറക്കഷ്ണമാണ് അവരുടെ ദേവി. ഉത്സവത്തിന് കാട്ട് പന്നിയെയും കോഴിയെയും ബലികൊടുക്കുമത്രേ.

ഗുഹയും കടന്ന് ഞങ്ങൾ പിന്നെയും മേലോട്ട് കയറി. മഴ ശക്തമായി പെയ്യുകയാണ്. കാട്ട് മരങ്ങൾക്കിടയിൽ ഒരു പാറക്കെട്ടിൽ രാഘവൻ നിന്നു;
“ കണ്ണടച്ച് കൈകൾ നീട്ടി പിടിച്ച് നിൽക്കുക “; രാഘവൻ പറഞ്ഞു.

മഴ എന്നെ പൊതിഞ്ഞു.
മഴനൂലുകൾ എന്നിലൂടെ പെയ്തിറങ്ങി.
എന്റെ ശരീരവും മനസ്സും മഴയിൽ നനഞ്ഞു.
ഞാൻ മഴയുടെ വസ്ത്രം ധരിച്ചു, മഴയുടെ സംഗീതം കേട്ടു, മഴയിൽ കാട് പുളയുന്നതറിഞ്ഞു...

* * *

മഴയെത്തുമ്പോൾ ഇപ്പോഴും ഞാൻ ആ ദിവസം ഓർക്കും. രാഘവനെ ഓർക്കും.
ഇനി ഒരിക്കൽ കൂടി അങ്ങിനെയൊരു യാത്രയ്ക്ക് കൊതിക്കും....

8 comments:

 1. മഴയെന്നും ഓര്‍മ്മകള്‍ക്ക് മാറ്റുകൂട്ടും.

  ചാറ്റല്‍മഴയാണ് എനിക്കേറെയിഷ്ടം. നോവുകളെ പതുക്കെപ്പതുക്കെയലിയിച്ച് കുളിരേകാനെത്തുന്ന കുസൃതിയായ ചാറ്റല്‍മഴ!

  ReplyDelete
 2. . മഴയിൽ വയലും പറമ്പും കവിഞ്ഞ് പുഴ ഒഴുകുമ്പോൾ വാഴത്തടകൾ കൂട്ടിക്കെട്ടി അതിൽ കേറിയിരുന്ന് തോണി തുഴഞ്ഞിട്ടുണ്ട്. കലക്ക് വെള്ളത്തിൽ കണ്ണ് ചെമ്പോത്തിന്റെ കണ്ണ് പോലെ ചെമക്കുന്നത് വരെ നീന്തിയിട്ടുണ്ട്. തോട്ടിൽ വലവിരിച്ച് കട്ങ്ങാലി മീനിനെ പിടിച്ചിട്ടുണ്ട്. വലയിൽ കുടുങ്ങുമായിരുന്ന മഞ്ഞ നിറമുള്ള നീർക്കോലികളുടെ കഴുത്തിൽ കുരുക്കിട്ട് കൊണ്ട് നടന്ന് നടേമ്മലെ തറവാട്ടിൽ കൊത്തങ്കല്ല് കളിക്കുന്ന പെൺകുട്ടികളെ പേടിപ്പിച്ചിട്ടുണ്ട്. ..പടർന്ന് നിൽക്കുന്ന കടുക്കാച്ചി മാവിൽ മഴ വീഴുന്നത് കേട്ട് ഉറങ്ങുകയും ഉണരുകയും വെറുതെ കിടക്കുകയും ചെയ്തിട്ടുണ്ട്....മഴ എന്നെ പൊതിഞ്ഞു.
  മഴനൂലുകൾ എന്നിലൂടെ പെയ്തിറങ്ങി.
  എന്റെ ശരീരവും മനസ്സും മഴയിൽ നനഞ്ഞു.
  ഞാൻ മഴയുടെ വസ്ത്രം ധരിച്ചു, മഴയുടെ സംഗീതം കേട്ടു, മഴയിൽ കാട് പുളയുന്നതറിഞ്ഞു...
  ..ഹൊ.. മഴക്കോളു പറഞ്ഞു കൊതിപ്പിക്കല്ലേ..

  ReplyDelete
 3. മഴയും പിന്നെ യാത്രയും. രണ്ടും എന്റെ ദൌര്‍ബല്യങ്ങളാണ് മാഷേ.... രാഘവന്റെ കൂടെ താങ്കളുടെ കൂടെ ഞാനുമുണ്ടായിരുന്നു ആ യാത്രയില്‍ മഴയും നനഞ്ഞ്.....

  ReplyDelete
 4. ഗൃഹാതുരതയുളവാക്കുന്ന എഴുത്ത്. വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 5. aake irundumoodi thakarthu peyyunna mazhayaanenikkishtam.pakshe ippol karkkitakam aayittum angine mazhayonnum illa ivide.

  ReplyDelete
 6. നല്ല എഴുത്ത് മാഷേ. നൊസ്റ്റാള്‍ജിക്.

  തിര്‍ക്കും ബഹളവുമൊന്നുമില്ലാതെ നല്ലൊരു മഴ ആസ്വദിച്ചു നനഞ്ഞതു പോലെ...
  :)

  ReplyDelete
 7. പ്രിയ, എം‌എം, നിരക്ഷരൻ, രാജേഷ്, എഴുത്തുകാരി, ശ്രീ :)

  ReplyDelete
 8. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  情色貼圖,色情聊天室,情色視訊,情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,色情遊戲,色情網站,聊天室,ut聊天室,豆豆聊天室,美女視訊,辣妹視訊,視訊聊天室,視訊交友網,免費視訊聊天,免費A片,日本a片

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...