A blend of 99% fine fiction and 1% fact

Tuesday, December 20, 2011

ജുഗൽബന്ദി


രാവിലെ ഓഫീസിലേയ്ക്കുള്ള കാർ പൂളിൽ, സിഡിപ്ലയറിൽ നിന്നും സാക്കിർ ഹുസൈനും അച്ഛൻ അള്ള രാഖയും തബലയിലുള്ള ജുഗൽബന്ദി. സഹപ്രവർത്തകൻ വെക്കേഷന് നാട്ടിൽ പോയി തിരിച്ചു വന്നപ്പോൾ കൊണ്ടുവന്നതാണ് സിഡി.

***
കോളെജ് കാലം കഴിഞ്ഞ് രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള ഒരു വൈകുന്നേരം.
മലബാർ മഹോത്സവത്തിനായി കോഴിക്കോട് കടപ്പുറത്ത് കെട്ടി ഉയർത്തിയ വമ്പൻ സ്റ്റേജ്. ആളുകൾ ഒറ്റയ്ക്കും കൂട്ടായും കുടുംബമായും എത്തിതുടങ്ങുന്നു. ഉന്തു വണ്ടികളിൽ ഉപ്പിലിട്ട ഐറ്റംസ്, കപ്പലണ്ടി, നാരങ്ങവെള്ളം, ഐസ്ക്രീം കച്ചവടങ്ങൾ പൊടിപൊടിക്കുന്നു.

അന്നത്തെ പരിപാടിയായ ജുഗൽബന്ദിയുടെ ബോഡുകളും നോക്കി കടലയും കൊറിച്ച്  കടപ്പുറത്തുകൂടെ നടക്കുന്നതിനിടയിൽ ദേവൻ അജയനോട് ചോദിച്ചു;
“എന്തുവാടാ ഈ ജുഗൽബന്ദി ജുഗൽബന്ദീന്ന് വെച്ചാൽ?”

“അത് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസികിലെ ഒരു ഐറ്റമാണ്. രണ്ട് സംഗീതജ്ഞർ തമ്മിലുള്ള ഒരു കോംബിനേഷൻ പരിപാടി”

“എന്നെച്ചാൽ?”

“അതിപ്പോ ഉദാഹരണത്തിന്, ഒരാൾ വായ്പാട്ട് പാടുമ്പോൾ മറ്റയാൾ തബലയിൽ അത് ആവർത്തിക്കുക”

“എന്തിന്? രണ്ടാൾക്കും ഒരുമിച്ചങ്ങ് ചെയ്താൽ പോരേ? ഏത് പാട്ട് പാടുമ്പോഴും തബല മുട്ടാമല്ലോ“

“അങ്ങിനെയല്ലടാ, അതൊരു തരം മത്സരം പോലെയാണ്”; അജയന്റെ ക്ഷമ നശിക്കാൻ തുടങ്ങുന്നുണ്ട്

“ഒരാൾ വായിൽ പാടുമ്പോൾ മറ്റയാൾ തബലയിൽ എന്തു മത്സരിക്കാനാണ്. പാടുന്നതിനനുസരിച്ചങ്ങ് മുട്ടിയാ പോരെ”; സംശയം ചോദിക്കുന്നതിനൊപ്പം ദേവൻ തുരുതുരാ കടല കൊറിക്കുന്നുമുണ്ട്.

അജയൻ ദേവനെ പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിക്കുകയാണ്;
“എടാ, ഇപ്പോൾ ഒരാൾ വായ്പാട്ടായി ‘തോം തരികിട തോം’ എന്ന് പാടുമ്പോൾ അത് മറ്റയാൾ തബലയിൽ വായിക്കും. അല്ലെങ്കിൽ മറ്റേതെങ്കിലും ഇൻസ്ട്രുമെന്റിൽ വായിക്കും. അതങ്ങനെ കേറി കേറി പോകും”

ക്ഷമ നശിച്ച് അജയൻ ഇപ്പോ പൊട്ടിതെറിക്കും എന്ന് ദേവന് അറിയാം. അവനെ ശുണ്ഠി പിടിപ്പിക്കുക എന്നതാണ് ദേവന്റെ ലക്ഷ്യം.

“തോം തരികിട തോം എന്ന് വായിച്ചിട്ട് തബലയുമായി എങ്ങോട്ട് കേറി പോകാനാണ്”; ദേവന്റെ അലസമായ ചോദ്യം പിന്നെയും

“ഇങ്ങിനുണ്ടോ ഒരു ജന്മം! യവനെ ഞാൻ...”; അജയൻ ദേവന്റെ നേരെ കയ്യോങ്ങി

“ചൂടാവുന്നോടാ, നിനക്കറിയീല എങ്കിൽ അത് പറഞ്ഞാപോരെ. ഹും! തബലയുമായിട്ട് കേറി  കേറി പോകുമത്രേ..”

സഹികെട്ട അജയൻ ദേവന്റെ മേൽ ചാടി വീണു. രണ്ടും കൂടെ കടപ്പുറത്തെ പൂഴിമണ്ണിൽ  ഉരുണ്ട് വീണു. ദേവന്റെ കയ്യിലെ കടലക്കൂട് പൂഴിയിൽ വീണ് ചിതറി. അജയന്റെ പിടിയിൽ നിന്നും കുതറി എഴുന്നേറ്റ് ദേവൻ ഓടി.

“പോടാ പ്രാന്താ. ഞാനൊരു സംശയം ചോദിച്ചതിന് തല്ലാൻ വരുന്നോ. തോം തരികിടയല്ല, നീ തോം തോം തരികിടയാണെടാ പുല്ലേ...”

“പറഞ്ഞാൽ മനസ്സിലാവാത്ത കഴുത. എന്റെ മുന്നിൽ ഇന്നെനി നിന്നെ കണ്ടുപോകരുത്. കൊന്ന് കുടലെടുക്കും ഞാൻ”

രണ്ട്പേരും കൂടെയുള്ള അടികണ്ട് ചിരിച്ച് മറിഞ്ഞ് നിൽക്കുകയാണ് ഞാനും ഗണേശനും.

“അജയാ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്തുകൂടെ നിനക്ക്. അവന് ബുദ്ധിക്ക് ഇത്തിരി വളർച്ച കുറവുള്ളത് നിനക്കറിയുന്നതല്ലേ”; ഗണേശൻ എരിതീയിൽ എണ്ണ ഒഴിക്കുകയാണ്.

“രാമായണം മുഴുവൻ വായിച്ചിട്ട് സീത രാമന്റെ ആരാന്ന് ചോദിക്കുന്നവനാ ഇവൻ. മന്ദബുദ്ധിനൊക്കെ പറഞ്ഞാൽ ഇങ്ങനേം ഒണ്ടോ!”

“ഞാൻ കൃസ്ത്യാനിയാടാ. നീ ബൈബിളിലെ കഥ ചോദിക്ക്. ഞാൻ പറയും”; അല്പം മാറി നിന്ന്  ദേവൻ അജയനെ വെറിപിടിപ്പിക്കുകയാണ്

“എങ്കി പറ, ഉണ്ണിയേശു പിറന്ന സ്ഥലത്തേക്ക് ആട്ടിടയർക്ക് ആരാടാ വഴികാണിച്ച് കൊടുത്തത്”; വീട്ടിന് അടുത്തുള്ള പള്ളിയിൽ വരുന്ന പെൺപിള്ളാരുടെ വായിൽ നോക്കാൻ പോയി നിന്ന് ബൈബിളിൽ പാണ്ഡിത്യം നേടിയ ഗണേശന്റെ ചോദ്യം

“ആട്ടിടയർക്ക് വല്ലോരും എന്തിന് വഴികാണിച്ചു കൊടുക്കണം?. അവരുടെ കാലി  തൊഴുത്തിലല്ലേടാ  ഉണ്ണിയേശു പിറന്ന് വീണതുതന്നെ”

ദേവനെ ഓടിച്ചിട്ട് പിടിക്കാൻ ഞാനും ഗണേശനും അജയനൊപ്പം കൂടി. എല്ലാവരും കൂടെ കടൽതിരകളിൽ വീണ് നനഞ്ഞു കുളിച്ചു.

***
ഒരുപാട് വർഷങ്ങൾക്കിപ്പുറം.
മൈസൂറിലെ ഒരു റിസോർട്ട്. ഡിസംബറിലെ തണുത്ത ഒരു വൈകുന്നേരം. ആദ്യ റൌണ്ട് ഡ്രിങ്ക്സ് കഴിഞ്ഞ് അടുത്തത് ഫിക്സ് ചെയ്ത് ഗ്ലാസ്സ് കയ്യിലെടുത്ത് ദേവൻ എന്നെയും ഗണേശനെയും നോക്കി ഒന്ന് ചിരിച്ച് അജയനോട് പറഞ്ഞു;

“ഇതാണെടാ ജുഗൽബന്ദി. നീ ഒന്നടിക്കുമ്പോൾ ഞാൻ ഒന്നടിക്കും. ഞാൻ രണ്ടടിക്കുമ്പോൾ നീ രണ്ടടിക്കും... അങ്ങിനെ കേറി കേറി പോകും”

കൂട്ടചിരിയിൽ ഓർമകളുടെ തിളക്കം

2 comments:

 1. "തോം തരികിടയല്ല, നീ തോം തോം തരികിട
  അതങ്ങനെ കേറി കേറി പോകും."
  അവതരണം 'ക്ഷ' പിടിച്ചു.
  ഇനി ഈ 'ക്ഷ' എങ്ങനാ പിടിക്കുന്നതെന്ന് ചോദിക്കുമോ കൂട്ടുകാർ

  ReplyDelete
 2. HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL............

  ReplyDelete