A blend of 99% fine fiction and 1% fact

Monday, December 12, 2011

വോൾഗയിലെ താമരപൂക്കൾ


രാത്രി ഏറെ വൈകിയിരിക്കുന്നു.

ഞാൻ ഇപ്പോൾ മോസ്കോയിൽ, റഷ്യയുടെ ദേശീയ നദിയായ വോൾഗയിലൂടെ ഒരു ചെറിയ ടൂറിസ്റ്റ് കപ്പലിൽ യാത്രചെയ്യുകയാണ്. എവിടെയ്ക്കാണെന്നറിയാമോ? വോൾഗയിലെ താമരപൂക്കൾ വിടരുന്നത് കാണാൻ. പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങൾ വന്ന് തൊടുമ്പോൾ ഇതളിതളായി പതുക്കെ വിടർന്ന് വരുന്ന താമരകൾ വോൾഗയിലെ ഒരു അത്ഭുത കാഴ്ചയത്രേ. ഉദയസൂര്യന്റെയും താമരയുടെയും ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ആ അപൂർവ്വ കാഴ്ച നേരിൽ കാണാൻ...

ശാന്തമായൊഴുകുന്ന പുഴ. തെളിഞ്ഞ ആകാശത്ത് നിറയെ നക്ഷത്രങ്ങൾ. ഇളം കാറ്റ്. വോഡ്കയുടെ നേരിയ ലഹരിക്കൊപ്പം നീ ഓർമയിലേക്ക് കയറി വന്നപ്പോൾ നിനക്ക് എഴുതണമെന്ന് തോന്നി.

ഹൈസ്കൂൾ ക്ലാസ്സിലെ പെൺകുട്ടികളുടെ നിരയിലെ പിൻ ബെഞ്ചിൽ, എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി ആരോടും സംസാരിക്കാതെ തലതാഴ്ത്തി ഒതുങ്ങി ഇരുന്നിരുന്ന, എമ്പാടും വിലക്കുകൾ മാത്രമുണ്ടായിരുന്ന ആ പഴയ സാറ എന്തുമത്രം മാറിപ്പോയിരിക്കുന്നു എന്നായിരിക്കും നീയിപ്പോൾ ഓർക്കുന്നത് എന്നെനിക്കറിയാം. എന്റെ ആ ഒഴിഞ്ഞ്മാറ്റമായിരുന്നു നിനക്ക് എന്നോട് പ്രണയം തോന്നാൻ കാരണം എന്ന് നീ പിന്നീടെപ്പൊഴോ ഒരിക്കൽ പറഞ്ഞിരുന്നു.

എന്റെ മൌനത്തിന്റെ പുറംതോട് നീ തച്ചുടച്ചു. ഞാൻ മനസ്സിൽ മാത്രം വരച്ചിരുന്ന ചിത്രങ്ങളും എഴുതിയ കവിതകളും നിർബ്ബന്ധിച്ച് നീ പുറത്തെടുപ്പിച്ചു. കയ്യെഴുത്ത് മാഗസിനിലെ എന്റെ കവിതയെകുറിച്ച് കേട്ടറിഞ്ഞ് സ്കൂളിൽ വന്ന മൂത്തുപ്പ അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും മുന്നിൽ വെച്ച് കരണത്തടിച്ചപ്പോൾ കരഞ്ഞുപോകാതിരിക്കാൻ ഞാൻ നിന്റെ കണ്ണുകളിലേക്ക് തുറിച്ച് നോക്കിനിൽക്കുകയായിരുന്നു. ഇനിയൊരിക്കലും കവിത എഴുതില്ലെന്ന് സത്യം ചെയ്തതുകൊണ്ടാണ് എനിക്ക് സ്കൂൾ പഠനം തുടരാനായത്.
 
ഞാൻ കാടുകയറുകയുന്നു. വോൾഗയിലെ താമരപ്പൂക്കളെ കുറിച്ച് പറയാനാണ് നിനക്ക് എഴുതി തുടങ്ങിയത്. റഷ്യയിൽ മറ്റെവിടെയും കാണാത്ത താമരപ്പൂക്കൾ വോൾഗയിൽ എങ്ങിനെ എത്തി എന്നതിനെക്കുറിച്ച് അറിയാമോ നിനക്ക്? അതൊരു കഥയാണ്. അതേകുറിച്ച് വൈകുന്നേരം, യാത്രയുടെ തുടക്കത്തിൽ ടൂർ ഓപ്പറേറ്റർ കപ്പലിന്റെ ഡക്കിൽ മനോഹരമായ ഒരു നൃത്ത സംഗീത ശിലപ്ത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചിരുന്നു.

വോൾഗ ഒഴുകുന്ന പ്രദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് ഭരിച്ചിരുന്ന നോഗയ്സ്കി രാജാവിന്റെ അതി സുന്ദരിയായ ഒരേഒരു മകളായിരുന്നു സെജ്നബ് രാജകുമാരി. രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന ഷക്കീർ എന്ന ധീരനും സുന്ദരനുമായ ഒരു യുവ സൈനികന് രാജകുമാരിയോട് അഗാധമായ പ്രണയമായി. തന്നെപോലുള്ള ഒരു സാധാരണ സൈനികനെ രാജകുമാരി ഒന്ന് തിരിഞ്ഞ് നോക്കുകപോലുമില്ലെന്ന് ഉറപ്പുണ്ടായിരുന്ന ഷക്കീർ തന്റെ പ്രണയം സെജ്നബിനെ അറിയിക്കാൻ ഒരു മാലാഖയുടെ സഹായം തേടി.

മാലാഖ ഒരു പോംവഴി പറഞ്ഞു;
“മാമലകൾക്കും കടലുകൾക്കും മരുഭൂമികൾക്കും അപ്പുറം, അങ്ങ് ദൂരെ ഇന്ത്യ എന്നൊരു രാജ്യത്ത് ഗംഗ എന്നപേരിലൊരു നദി ഒഴുകുന്നുണ്ട്. അതിൽ നിറയെ വിരിഞ്ഞുനിൽക്കുന്ന അതിസുന്ദരമായ ഒരു പുഷ്പമുണ്ട്. താമര. അതിന്റെ വിത്തുകൾ എടുത്ത് കൊണ്ട് വന്ന് നീ വോൾഗയിൽ വിതറുക. വോൾഗയിൽ ആദ്യ പുഷ്പം വിരിയുമ്പോൾ സെജ്നബ് നീയുമായി പ്രണയത്തിലാവും”

“എത്ര കഠിനമാണെങ്കിലും എന്ത് ത്യാഗം സഹിച്ചാണെങ്കിലും താമര വിത്തുകൾ കൊണ്ടുവന്ന് ഞാൻ വോൾഗയിൽ വിതറും“; ഷക്കീർ തയ്യാറായി.

“എങ്കിൽ നിന്റെ സ്വപ്നം സഫലമാകും. പക്ഷേ ഓർക്കുക, പ്രിയപ്പെട്ട പലതും ഇതുകാരണം നിനക്ക് നഷ്ടമാകും”; മാലാഖ മുന്നറിയിപ്പ് നൽകി.

അനാഥനായ തനിക്ക് നഷ്ടപ്പെടാൻ കുറച്ച് ഭൂമിയിയും കുറച്ച് ആടുകളും ഒരു കൊച്ചു വീടും മാത്രമാണുള്ളത്. അതിനെക്കാളൊക്കെയും വലുത് തന്റെ പ്രണയ സാക്ഷാൽക്കാരമാണ്. മാലഖയോടും അടുത്ത കൂട്ടുകാരോടും യാത്രപറഞ്ഞ് ഷക്കീർ അതികഠിനമായ തന്റെ യാത്രയാരംഭിച്ചു.

കോളെജിലെത്തിയപ്പൊഴേയ്ക്കും, നിന്റെ കൂട്ട് എനിക്ക് വല്ലാത്തൊരു ധൈര്യമായി മാറി. കള്ളപേരിൽ കവിതകളെഴുതാൻ, കീബോർഡ് പഠിക്കാൻ, ഡാൻസ് പ്രാക്ടീസ് ചെയ്യാൻ, ക്ലാസ്സ് കട്ട് ചെയ്ത് ടൌൺഹാളിൽ ചിത്രപ്രദർശനങ്ങൾ കാണാൻ പോകാൻ, കടപ്പുറത്തെ ചവോക്ക് മരങ്ങളുടെ തണലിൽ കടലയുംകൊറിച്ചിരുന്ന് നിന്നോട് വർത്തമാനം പറയാൻ...

കൊമേഴ്സ് ഡേയ്ക്ക് സ്റ്റേജിൽ ഡാൻസ് കളിച്ചതിന് വീട്ടിൽ നിന്നും കിട്ടിയ അടിയുടെ വേദന, നിന്റെ ചുമലിൽ തലചേർത്ത് വച്ച് കരഞ്ഞാണ് ഞാൻ തീർത്തത്. നിന്റെ സാമീപ്യത്തിലല്ലാതെ ഒരിക്കലും ഞാൻ കരഞ്ഞിട്ടില്ല. കരയാത്തതിനായിരുന്നു വീട്ടിൽ എനിക്ക് അധികപ്രസംഗി എന്ന പേര് കിട്ടിയത്! നീ പറയാറുള്ളത് ശരിയാണ്, കരയണം എന്ന് തോന്നുമ്പോൾ മാത്രമാണ് ഇപ്പൊഴും നിന്നെ ഞാൻ വിളിക്കാറുള്ളത്.

കഥ പിന്നെയും കാടു കയറി..
വർഷങ്ങൾ പലതു കഴിഞ്ഞു. ഷക്കീർ തിരിച്ചു വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് താമര വിത്തുകളുമായി ഒരുനാൾ ഷക്കീർ തിരിച്ചെത്തി. ആ വിത്തുകൾ വോൾഗയിൽ വിതറി അയാൾ തന്റെ പ്രാണപ്രണയിനിയെ കാണാനായി രാജകൊട്ടാരത്തിലേക്ക് കുതിച്ചു.

രാജവീഥിയിൽ, ആളുകൾ അലമുറയിട്ട് കൊണ്ട് കൊട്ടാരത്തിനുള്ളിലേക്ക് ഓടുന്നത് ഷക്കീർ കണ്ടു. എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു. അയാൾ കാര്യം തിരക്കി. രാജകുമാരി പെട്ടന്ന് മരിച്ചുപോയി, ഓട്ടത്തിനിടയിൽ ആരോ പറഞ്ഞത് കേട്ട് ഷക്കീർ സർവ്വാംഗം തളർന്ന് സ്തബ്ധനായി നിന്നു. അയാൾ മാലാഖയുടെ വാക്കുകൾ ഓർത്തു;

“പ്രിയപ്പെട്ടത് പലതും നിനക്ക് നഷ്ടമാവും!”

താൻ വോൾഗയിൽ താമര വിത്തുകൾ വിതറിയപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെ നഷ്ടമായിരിക്കുന്നു. സെജ്നബ് ഇല്ലാതെ ഇനിയെന്തിന് ജീവിക്കണം. പ്രാണപ്രണയിനി നഷ്ടമായ അഗാധദുഃഖത്തിൽ അരയിൽ നിന്ന് കത്തി വലിച്ചൂരി നെഞ്ചിലേക്ക് താഴ്ത്തി ഷക്കീർ മരണം വരിച്ചു.

എന്റെതായ ലോകത്തിലേക്ക് ഞാൻ എത്തിയപ്പോഴേക്കും എനിക്ക് പ്രിയപ്പെട്ടതൊക്കെയും നഷ്ടമായി. നീ, നിന്റെ കൂട്ട്, നിന്നോടൊപ്പമുള്ള യാത്രകൾ, കാഴ്ചകൾ... യാത്രകൾ തന്നെയാണ് ഇപ്പൊഴും  ഒരാശ്വാസം. ആമസോൺ കാടുകളിലൂടെയും അറേബ്യൻ മരുഭൂമികളിലൂടെയും ആഫ്രിക്കയുടെ ഇരുളിലൂടെയും  മാവോയിസ്റ്റ് ക്യാമ്പുകളിലൂടെയും അഭയാർത്ഥികളുടെ നിസ്സഹായതകളിലൂടെയും ഞാൻ യാത്രചെയ്തു. ഓരോ യാത്രകളിലും പക്ഷേ, എന്റെ തൊട്ടടുത്ത് നിന്റെ ശൂന്യത എന്നെ വല്ലാതെ ഒറ്റപ്പെടുത്തുന്നു.

കഥ തീർക്കട്ടെ,
സെജ്നബിന്റെയും ഷക്കീറിന്റെയും മരണാനന്തര ചടങ്ങുകൾ കഴിഞ്ഞപ്പോഴേയ്ക്കും വോൾഗയിലെ  ഓളങ്ങൾക്ക് മീതെ നാളതുവരെ ആരും കണ്ടിട്ടില്ലാതിരുന്ന അതി മനോഹരങ്ങളായ താമരപ്പൂക്കൾ വിടർന്നു വന്നു.

ഈ അത്ഭുത പുഷ്പം എവിടെനിന്നും വന്നു എന്നറിയാതെ ആശ്ചര്യപ്പെട്ടു നിന്ന രാജാവിനും പ്രജകൾക്കും മുന്നിൽ മാലാഖ പ്രത്യക്ഷപ്പെട്ട്, സെജ്നബിന്റെ പ്രണയം നേടാൻ സാഹസികയാത്ര പോയി താമര വിത്തുകൾ തേടി കൊണ്ടുവന്ന ഷക്കീറിനെകുറിച്ചും അവന്റെ ജീവത്യാഗത്തെയും കുറിച്ചും  അവരോട് പറഞ്ഞു.

റഷ്യക്കാർ ഇപ്പൊഴും ആ കഥ ഓർക്കുന്നു. വോൾഗയിലെ താമരപൂക്കൾ ഷക്കീറിന്റെയും സെജ്നബിന്റെയും  നഷ്ടപ്രണയത്തിന്റെ സ്മാരകങ്ങളാണെന്ന് പാടിയാണ് ആ നൃത്ത ശില്പത്തിന്റെ വീഡിയോ  അവസാനിച്ചത്.

കോളേജിൽ, ഏതോ ഒരു ഒരു വിനോദയാത്രയ്ക്ക് പോയി നീ തിരിച്ച് വന്നപ്പോൾ എനിക്ക് സമ്മാനമായി തന്ന ക്രിസ്റ്റലിൽ ഉണ്ടാക്കിയ ഒരു കൊച്ചു താമര എന്റെ വീട്ടിലുണ്ടാക്കിയ ഭൂകമ്പം വളരെ വലുതായിരുന്നു. കുടുംബത്തിലെ കാരണവന്മാരാരോ അത് വലിച്ചെറിഞ്ഞ് പൊട്ടിച്ചപ്പോൾ ഒരു പൊട്ടെങ്കിലും എടുത്തുവയ്ക്കാൻ കഴിഞ്ഞില്ലല്ലോ എന്നത് ഇന്നും എന്റെ ദുഃഖമാണ്.

ഓർമകൾ മാത്രമേയുള്ളു, നമ്മുടെ നഷ്ടപ്രണയത്തിന്റെ സ്മാരകങ്ങളായി.

2 comments:

  1. പാവം ഷക്കീർ. ഇത്ര പാട്പെട്ട് താമര കൊണ്ടുവന്നിട്ടും അവനു് അവളെ കിട്ടിയില്ലല്ലോ. എന്നാലും വോൾഗക്കു് താമരപ്പൂക്കളെ കിട്ടി.

    ReplyDelete
  2. pranayam swantham akan oru bagyam venam.

    ReplyDelete