Wednesday, May 18, 2011

സൌഹൃദം.


‘സൌഹൃദം എന്നത് ഒരു പളുങ്കുശില്പം പോലെയാണ്. അതിലോലം, അതിസുന്ദരം. സൂക്ഷമതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ എളുപ്പം പൊട്ടിപ്പോകുന്നത്. പൊട്ടിപ്പോയാലോ പിന്നെ ഒരിക്കലും ചേർത്തിണക്കാൻ കഴിയാത്തത്. ചേർത്തിണക്കിയാൽ തന്നെ അഭംഗി മുഴച്ച് നിൽക്കുന്നതും!‘

പഴയമെയിലുകളിൽ ആവശ്യമില്ലാത്തവ തിരഞ്ഞ് കളയുന്നതിനിടയിൽ പഴയൊരു സുഹൃത്തിന്റെ 11 ഡിസംബർ 1999ലെ, ഒരു ഫോർവേഡ് മെയിലിലെ, സുന്ദരമായൊരു പളുങ്കുശില്പത്തിന്റെ പടത്തിനടിയിലെ വാചകങ്ങൾ.

അജയൻ പറയും; “സൌഹൃദം എന്നത് ഓരോരുത്തർക്കും, അതാത് കാലങ്ങളുടെ സൃഷ്ടിയാണ്. എൽ.പി സ്കൂളിലെ സുഹൃത്തുക്കളല്ല, യു.പി സ്കൂളിലെത്തുമ്പോഴെത്തത്. അവിടത്തെതല്ല, ഹൈസ്കൂളിലെത്തുമ്പോഴെത്തത്. പ്രീഡിഗ്രിക്കും ഡിഗ്രിക്കും പിജിക്കും ആദ്യ ജോലി സ്ഥലത്തും തുടങ്ങി ഓരോ സമയത്തുമുണ്ടായിരുന്ന സൌഹൃദവലയങ്ങൾ അതാത് കാലങ്ങളിൽ നമ്മൾ കരുതും, ഒരിക്കലും നഷ്ടമാവാത്തതാണ് അല്ലെങ്കിൽ നഷ്ടപ്പെടാൻ പാടില്ലാത്താണ് എന്ന്. എന്നിട്ടോ?...എല്ലാവരും പലവഴിക്ക് പോകും. കാണുന്നതോ ഓർക്കുന്നതോ പോലും വിരളം. സൌഹൃദം പോലെ ഇത്രയും നിലനിൽക്കാത്ത മറ്റൊരു ബന്ധമില്ല“

അതിതീഷ്ണമായ വൈകാരിക ബന്ധം മാത്രമാണ് പലപ്പോഴും സൌഹൃദത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. യഥാർത്ഥ്യങ്ങൾക്ക് മിക്കവാറും അവിടെ സ്ഥാനമില്ല. ബാറിൽ നിപ്പനടിച്ച് കൊണ്ട് നിൽക്കുമ്പോൾ, തന്നെ ഒരു കന്നഡക്കാരൻ നോക്കിപ്പേടിപ്പിക്കാൻ ശ്രമിച്ചു എന്ന് രാത്രി പതിനൊന്ന് മണിക്ക് റൂമിൽ വന്ന് പറഞ്ഞ സതീശനൊപ്പം, ഉറങ്ങാൻ കിടന്നിടത്ത് നിന്നും എഴുന്നേറ്റ്, നോക്കി പേടിപ്പിക്കാൻ ശ്രമിച്ച കന്നഡക്കാരനെയും തേടിച്ചെന്ന് അവന്റെയും അവന്റെ ലോക്കൽ സുഹൃത്തുക്കളുടെയും തല്ല് മതിയാവോളം വാങ്ങി തിരിച്ച് വന്ന് മുറിയിൽ കിടന്ന്, അവനെ ഇനിയൊരിക്കൽ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നതും, ക്ലാസ്സിൽ കേറാത്തതിന് ചീത്ത വിളിച്ച പ്രൊഫസറുടെ പുസ്തകങ്ങൾ, സംഘം ചേർന്ന് രാത്രിയിൽ ഡിപ്പാർട്ട്മെന്റിൽ നൂണുകേറി പൊക്കി കോളെജ് കിണറ്റിലിടുന്നതും തുടങ്ങി പലതും ഈ ഒരു വൈകാരിക ബന്ധം കൊണ്ടു മാത്രം തന്നെ.

അടിച്ചുപിരിയുവാനും മതി, നിസ്സാര കാരണങ്ങൾ. ഓഫീസിലെ സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്ക് പോയതിന്. അമ്മായിയുടെ അമ്മാമന്റെ മകളുടെ മകന്റെ പാലുകൊടുക്കലിനു വിളിച്ചിട്ട് ചെല്ലാതിരുന്നതിന്, തന്നെക്കാൾ പ്രാധാന്യം മറ്റൊരു സുഹൃത്തിനു കൊടുക്കുന്നു എന്ന തോനലിന്.....

ആ ഫോർവേഡ് മെയിൽ ഡെലിറ്റ് ചെയ്യാതെ ഞാൻ പേഴ്സണൽ ഫോൾഡറിലേക്ക് മാറ്റിയിട്ടു. എന്തു കൊണ്ടെന്നാൽ സൌഹൃദത്തെക്കുറിച്ച് ഇനിയും ഒരുപാടേറെ ഓർത്തെടുക്കേണ്ടതുണ്ട്.

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...