Thursday, May 26, 2011

ശിവപ്രസാദ്


ഡിഗ്രിക്ക് കോളെജിലെ ആദ്യ ദിവസം.

രാവിലെ ചെറുതായി മഴപെയ്തിരുന്നു.
കോളെജിന്റെ പ്രധാന കെട്ടിടത്തിന്റെ മുന്നിൽ നിൽക്കുന്ന ആരോടോ ചോദിച്ച് ഞാൻ ബികോം ഒന്നാം വർഷ ക്ലാസ്സ് കണ്ടുപിടിച്ചു. ആരും എത്തിയിട്ടില്ല. എന്തു ചെയ്യണം എന്ന അങ്കലാപ്പോടെ നിൽക്കുമ്പോഴാണ് കുറച്ചപ്പുറത്ത് ഓടിട്ട ഒരു ഷെഡ് കാണുന്നത്- കാന്റീൻ

മഴവെള്ളം കെട്ടിനിൽക്കുന്ന ആ കാന്റീൻ വരാന്തയിൽ വച്ചായിരുന്നു, ആദ്യമായി പ്രസാദിനെ കാണുന്നതും പരിചയപ്പെടുന്നതും.

നല്ല കൈപട. പ്രസാദ് എഴുതുന്നതു പോലെ എഴുതാൻ സ്വകാര്യമായി ഞാനൊരുപാട് ശ്രമിച്ചുനോക്കി, വിഫലമായി. എങ്കിലും അവൻ എഴുതാനുപയോഗിച്ചിരുന്ന ‘റെയ്നോൾഡ്സ്040 ഫൈൻകാർബർ‘ പേന തന്നെ ഞാനും സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങി.

കോളെജ് കഴിഞ്ഞിട്ടും കുറെ വർഷം ഞങ്ങൾ കത്തുകൾ എഴുതിക്കൊണ്ടേയിരുന്നു. കുനുകുനെയുള്ള കൈയക്ഷരത്തിൽ അവനെഴുതിയ കത്തുകൾ എന്റെ ശേഖരത്തിൽ ഇപ്പോഴുമുണ്ടെന്ന് കഴിഞ്ഞ അവധിക്ക് ഞാനവനോട് ഫോണിൽ പറഞ്ഞപ്പോൾ അവൻ ചിരിച്ചു;
“ബാലിശമായ എന്തൊക്കെയോ എഴുതികൂട്ടിയ കത്തുകൾ. നമ്മുടെതിൽ ‘അച്ഛൻ മകൾക്കയച്ച കത്തുകൾ‘ പോലെ ഗൌരവപ്പെട്ടതൊന്നുമില്ലല്ലോ!“

റബ്ബർ എസ്റ്റേറ്റുകളും, ചെറുതും വലുതുമായ കുന്നുകളും പാടങ്ങളും നിറഞ്ഞ അവന്റെ ഗ്രാമത്തിലൂടെ ഞങ്ങൾ ഒരുപാട് യാത്ര ചെയ്തു. കുന്നിൻ മുകളിലെ വലിയമരങ്ങളുടെ കടയ്ക്കൽ, ഇനിയൊരിക്കൽ വരുമ്പോൾ കാണാൻ ചെറിയ കത്തികൊണ്ട് പേരുകൾ കൊത്തിവെച്ചു. കാവുത്സവത്തോടനുബന്ധിച്ച ചന്തയിൽ, വയലിലെ പൊടിമണ്ണിൽ ആൾക്കൂട്ടത്തിനിടയിൽ സിഗറട്ടും വലിച്ച് അലഞ്ഞു നടന്നു, പ്രദീപേട്ടന്റെ ആക്രിക്കടക്കുള്ളിലെ രഹസ്യമുറിയിലിരുന്ന് ‘കുഞ്ഞു’ പുസ്തകങ്ങൾ വായിച്ച് രസിച്ച്, അതിലെ സാഹിത്യം പറഞ്ഞു തലതല്ലിച്ചിരിച്ചു...

‘തറ’ ക്ലാസ്സ് ടിക്കറ്റുകളിൽ മലയാളവും തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലിഷും സിനിമകൾ കണ്ടു തള്ളി, ഭാവിയിൽ സിനിമകൾക്ക് തിരക്കഥകൾ എഴുതാനും സംവിധാനം ചെയ്യാനും പദ്ധതികളിട്ടു. ഒരു പഴയ മോണോ പ്ലയറിൽ കാസറ്റുകളിട്ട് പാട്ടുകേൾക്കുകയും കൂടെ അലറിപ്പാടുകയും ചെയ്തു....

എന്ത് പറയാൻ തുടങ്ങിയാലും പ്രസാദിന് ഒരിക്കലും മുഷിയുകയില്ല. ഒരു സംസാരവും ‘മതി‘ എന്ന് അവൻ പറഞ്ഞത് കാരണം മതിയാക്കിയതായി ഞാനോർക്കുന്നില്ല. ലോഡ്ജ് മുറിയുടെ വരാന്തയിൽ രാവേറെ വൈകുന്നതുവരെ തുടർന്നിരുന്ന സംസാരം അവസാനിക്കുന്നത് ഞാൻ ഉറക്കത്തിലേക്ക് വീഴുമ്പോൾ മാത്രമായിരുന്നു...

ഒരു നല്ല കേൾവിക്കാരന് മാത്രമേ ഒരു നല്ല സുഹൃത്താവാനാവുകയുള്ളൂ എന്നത് ഞാൻ മനസ്സിലാക്കിയത് പിന്നെയും ഏറെക്കഴിഞ്ഞായിരുന്നു.

1 comment:

  1. എന്താ ഇപ്പോ പഴയ സുഹൃത്തിനേപ്പറ്റി ഓർക്കാൻ?

    ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...