Tuesday, May 31, 2011

പുകവലിക്കില്ല


1999 ഫിബ്രുവരിയിലെ ഏതോ ഒരു ദിവസം. ബാച്ചിലർ കാലം.

ബാംഗ്ലൂർ ലാങ്ങ്ഫോർഡ് റോഡിലെ ഹോക്കി സ്റ്റേഡിയത്തിനു മുന്നിലെ ഓഫീസിൽ, രാവിലെ പതിനൊന്ന് മണിയുടെ കോഫി കഴിഞ്ഞ് തിരിച്ച് സീറ്റിലേക്ക് മടങ്ങുമ്പോൾ കൂടെയുണ്ടായിരുന്ന മധുരക്കാരൻ ത്യാഗരാജൻ അത്ഭുതപ്പെട്ടു ചോദിച്ചു;
“വൈ നോ സിഗരറ്റ് റ്റുഡേ?”
“നിർത്തി മോനെ. ഇന്നലെ രാത്രിയോടെ”

ഇരുപതോളം പേർ മാത്രമുള്ള ഒരു ചെറിയ സോഫ്റ്റ്‌വേർ കമ്പനിയാണ്. പുകവലിക്കാരനായി ഞാൻ മാത്രം. ജോലിസമയത്തിനിടയിൽ ഇടവേളകളുണ്ടാക്കി താഴെ  റോഡിലിറങ്ങി ഞാൻ സിഗറട്ട് വലിക്കും. വലിക്കില്ലെങ്കിലും തിരക്കുകളില്ലാത്തപ്പോൾ ചില സഹജോലിക്കാരും കമ്പനിക്ക് കൂടെ വരും.

പത്ത് പതിനൊന്ന് വർഷങ്ങളെങ്കിലും ആയിക്കാണും വലി തുടങ്ങിയിട്ട്. അടുത്ത കുടുംബത്തിലൊന്നും പുകവലിക്കാർ അധികമില്ല. കല്ല്യാണങ്ങൾക്കും മറ്റു ഗെറ്റ്ടുഗദറുകൾക്കും ഇടയിൽ ഞാൻ മുങ്ങി പാത്തുംപതുങ്ങിയുമിരുന്ന് വലിക്കും. മണമടിച്ച് ഇതിനിടയിൽ തന്നെ കുടുംബത്തിൽ മിക്കാവാറും പേരും അറിഞ്ഞു കഴിഞ്ഞു, ഞാൻ പുകവലിക്കുന്നുണ്ടെന്ന്.

താമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴെയുണ്ടായിരുന്ന പാനൂരുകാരൻ പ്രദീപന്റെ കടയിൽ തിന്നാൻ വാങ്ങിയ സാധനങ്ങളുടെ ബില്ലിനെക്കാൾ കൂടും ചിലപ്പോൾ മാസത്തിൽ സിഗറട്ട് ബിൽ.

ത്യാഗരാജൻ ചിരിച്ചു;
“യു നോ, ഇത്രയും വർഷം തുടർച്ചയായി വലിച്ച നിനക്ക് ഒരിക്കലും നിർത്താൻ കഴിയില്ല. ഒന്നോ രണ്ടോ ദിവസം, ഏറിയാൽ ഒന്നോ രണ്ടോ ആഴ്ച”

“എനിക്കും വലിയ ഉറപ്പൊന്നുമില്ല”; ഞാൻ സമ്മതിച്ചു. മുൻപ് ഒന്നോ രണ്ടോ പ്രാവശ്യം നിർത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ അനുഭവം എനിക്കുണ്ട്.

 “എന്റെ അച്ഛൻ ഭയങ്കര വലിക്കാരനാണ്“; ത്യാഗരാജൻ തുടർന്നു;  “ഒരിക്കൽ അച്ഛൻ വലിനിർത്തി, ഫോർ ടെൻ ഇയേഴ്സ്. പത്ത് വർഷം കഴിഞ്ഞ് പിന്നെയും തുടങ്ങി. വലിക്കാതിരുന്ന ആ പത്ത് വർഷങ്ങളിലെ  ഓരോ ദിവസവും വലിക്കാനുള്ള പ്രവണത അങ്ങനെതന്നെ നിലനിന്നു എന്ന് അച്ഛൻ പറയും. നിർത്താൻ പറ്റിയില്ല. ദാറ്റ്സ് ടുബാകോ”

പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു. ഞാൻ പിന്നീട് പുകവലിച്ചിട്ടില്ല. ത്യാഗരാജന്റെ അച്ഛൻ പറഞ്ഞതുപോലെ വലിക്കാനുള്ള പ്രവണത എന്നിലിപ്പൊഴും നിലനിൽക്കുന്നു. എങ്കിലും അതിനെക്കാൽ വലുതാണ് എനിക്കെന്റെ തീരുമാനം.

Will never smoke again.

(ഇന്ന് പുകയില വിരുദ്ധ ദിനം)

4 comments:

 1. പുകവലിക്കില്ല

  ReplyDelete
 2. പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വലിനിര്‍ത്തിയ മറ്റൊരാള്‍ പക്ഷെ എനിക്കു ആ പ്രവണത അന്നു തൊട്ടു തന്നെ ഇല്ല കേട്ടൊ

  ReplyDelete
 3. എന്റെ അച്ഛൻ ദിനവും 60 സിഗരറ്റ് വലിച്ചിരുന്ന ആളായിരുന്നു. ഒരു നല്ല ദിവസം, പുള്ളി തീരുമാനിച്ചു നിറുത്തിയാലോ എന്ന്..!. അന്ന് തൊട്ട് ഇന്നേ വരെ ..ഇല്ലേ ഇല്ല വലി ഒന്ന് പോലും.35 വർഷത്തോളമെങ്കിലും ആയിക്കാണൂം.
  ഞാനും വലിക്കാറില്ല കേട്ടോ..

  ReplyDelete
 4. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ജോലിക്കായി തെരഞ്ഞെടുത്ത് കഴിഞ്ഞപ്പോള്‍ അടുത്ത ചോദ്യം വലിക്കുമോ എന്നായിരുന്നു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ എന്ന് ജോയിന്‍ ചെയ്യുന്നു എന്ന് ചോദിച്ചു. ജോലിക്ക് ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് രക്തം, മൂത്രം എല്ലാം പരിശോധിച്ചു. പുക വലിച്ചിരുന്നുവെങ്കില്‍ 90 ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്ത് നിക്കോട്ടിന്‍ ഇല്ല എന്ന് ഉറപ്പാക്കിയാലേ ജോലിക്ക് കയറുവാന്‍ കഴിയുകയുള്ളൂ എന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. കാരണം അമേരിക്കയില്‍ പുകവലിക്കാത്തവരെ മാത്രം എടുക്കുന്ന ഒരു സ്ഥാപനം!!

  വലിച്ചില്ലെങ്കിലും മറ്റുള്ളവര്‍ വലിക്കുന്ന പുക ശ്വസിച്ചാലും (സെക്കന്‍ ഹാന്റ് സ്മോക്കിങ്) ക്യാന്‍സര്‍ ഉണ്ടാക്കും എന്നതിനാല്‍ മറ്റുള്ളവര്‍ വലിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്താന്‍ നമുക്കും അവകാശം ഉണ്ട്...

  പക്ഷേ സൂക്ഷിക്കുക.... ന്യൂയോര്‍ക്കില്‍ തിരക്കേറിയ ട്രെയിനില്‍ ഒരു സ്ത്രീ ഇത് പോലെ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പേന കൊണ്ട് കവിളിനൊരു കുത്ത് കിട്ടി എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത!

  അമേരിക്കയീല്‍ പല സ്ഥാപനങ്ങളും ഇപ്പോള്‍ പുകവലിക്കാത്ത ആളുകളെയാണ് ജോലിക്കെടുക്കുന്നത്, പ്രത്യേകിച്ച് ആശുപത്രികളില്‍! മാത്രമല്ല പല സ്റ്റേറ്റും പൊതു സ്ഥലത്ത് പുകവലി കര്‍ശനമായി നിരോധിച്ചു തുടങ്ങി!!

  സ്വന്തം ആരോഗ്യം മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യവും കൂടിയാണ് പുകവലിക്കുന്നതിലൂടെ നശിപ്പിക്കുന്നതെന്ന തിരിച്ചറിവ് ആണ് ആവശ്യം....

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...