Thursday, August 29, 2013

രണ്ട്

മാര്‍ച്ച്, 1987

വൈകീട്ട് ഏഴരയ്ക്കാണു ബോംബെയിലേക്കുള്ള ട്രെയിന്‍.

മൂന്നാം നാള്‍ പുലര്‍ച്ചെ  ട്രെയിന്‍ ബോംബയിലെ വിക്ടോറിയ ടെര്‍മിനസില്‍ എത്തും. സിനിമകളിലൊക്കെ കണ്ട അറിവേ ബോംബയെക്കുറിച്ചുള്ളൂ. അധോലോകരും രാഷ്ട്റീയക്കാരും കച്ചവടക്കാരും സിനിമാക്കാരും വേശ്യകളുമൊക്കെയായി വലിയ തിരക്കുള്ള മഹാനഗരം. മാമയുടെ പരിചയക്കാരന്‍ അബ്ദുക്ക എന്നൊരാള്‍ സ്റ്റേഷനില്‍ വന്ന് കൂട്ടിക്കൊണ്ടുപോകും എന്നാണ് ബഹറിനില്‍ നിന്നും ഫോണ്‍ വിളിച്ചപ്പോള്‍ മാമ പറഞ്ഞിട്ടുള്ളത്. അബ്ദുക്ക ജോലിചെയ്യുന്ന ട്രാവല്‍സിലാണ് ടിക്കറ്റ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ടിക്കറ്റ് ഒ.കെ ആകാന്‍ ചിലപ്പോള്‍ ഒരാഴ്ചവരെ ബോംബെയില്‍ തങ്ങേണ്ടി വരും എന്നും, അതിനൊക്കെയുള്ള സൗകര്യം അബ്ദുക്ക ഒരുക്കിത്തരും എന്നും മാമ പറഞ്ഞിട്ടുണ്ട്. 

ഒറ്റയ്ക്ക് ഇത്രയും ദൂരം ഇതുവരെ യാത്ര ചെയ്തിട്ടില്ല. എളാപ്പയുടെ മകന്‍ മുസ്തഫ കൂടെ വരാമെന്ന് ഏറ്റതായിരുന്നെങ്കിലും അവന്റെ മുതലാളി മംഗലാപുരത്ത് നിന്നും രണ്ട് ദിവസം മുന്‍പ് പെട്ടന്ന് നാട്ടില്‍ വന്നത് കൊണ്ട് അവന് ഒഴിവാകാന്‍ പറ്റിയില്ല. ഹസ്സനാജിക്ക് കോഴിക്കോടും എടപ്പാളിലും കുറ്റിപ്പുറത്തുമൊക്കെ പല ബിസിനസ്സുകളുമുണ്ട്.  അയാള്‍ നാട്ടില്‍ വന്നാപ്പിന്നെ അയാളുടെ ഡ്രൈവറായ മുസ്തഫയ്ക്ക് രാവും പകലുമെന്നില്ലാതെ ഓട്ടമായിരിക്കും. ബോംബെയ്ക്ക് ഒറ്റയ്ക്ക് പോകേണ്ടി വരും എന്ന് കേട്ടപ്പോ ഉമ്മായ്ക്ക് ആധിയായി. അവനൊരു ആങ്കുട്ട്യല്ലേ എന്ന് മാമ പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ടെങ്കിലും,വയസ്സ് പതിനെട്ട് തുടങ്ങിയതല്ലേയുള്ളൂ, അവന്  ഒറ്റയ്ക്ക് യാത്രചെയ്ത് ശീലമില്ലല്ലോ എന്നതൊക്കെയായിരുന്നു ഉമ്മയുടെ സങ്കടങ്ങള്‍.

അഞ്ച് മക്കളില്‍ രണ്ടാമത്തെതാണ റഫീക്ക്. ആകെയുള്ള ആണ്‍തരി. ഇളയ മോള്‍ ആബിദയെ പ്രസവിച്ച് കിടക്കുമ്പോഴാണ് ഭര്‍ത്താവ് ഹസ്സന്‍ മരിച്ചത്. കൊപ്രക്കളത്തില്‍ പണിയെടുത്തോണ്ടിരിക്കെ തളര്‍ന്ന് വീണു. കൂടെ പണിയെടുക്കുന്നവര്‍ താങ്ങിപ്പിടിച്ച് കിടത്തുമ്പോഴേക്കും ജീവന്‍ പോയിരുന്നു. അതിനുശേഷം ഇക്കണ്ടകാലം വരെ വീട്ട് കാര്യങ്ങള്‍ മുഴുവനും അറിഞ്ഞ് നടത്തുന്നത് ബഹറിനിലുള്ള ആങ്ങള കാദറാണ്. അവന് ഭാഗം കിട്ടിയ സ്ഥലം വിറ്റാണ് ഹസ്സനിക്കായുടെ മരണശ്ശേഷം അവന്‍ പെങ്ങള്‍ക്ക് അവരുടെ നാലുസെന്റ് ഭാഗത്തില്‍ ഒരു ചെറിയ വീട് വച്ചുകൊടുത്തത്. മൂത്ത മോളെ കെട്ടിച്ച് വിടാനുള്ള മുഴുവന്‍ ചിലവുകളും കാദര്‍ തന്നെയാണു വഹിച്ചത്. ഇനിയുമുണ്ട് മൂന്ന് പെങ്കുട്ടികള്‍. ചെലുവുകള്‍ ഒരുപാട് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. റഫീഖ് ഒന്നാം വര്‍ഷം ഡിഗ്രിക്ക് ചേര്‍ന്ന സമയത്താണ് പഠിച്ചത് മതി, ഇനിയവനെ ഗള്‍ഫിലേക്ക് കൊണ്ടുപോകാം എന്ന് കാദർ അഭിപ്രായപ്പെട്ടത്. തന്റെ ഭാരവും കുറച്ചൊന്ന് കുറക്കാമല്ലോ. പഠിച്ച് നാട്ടില്‍ തന്നെ ജോലിയൊക്കെയായി കഴിയുന്നതായിരുന്നു അവന് ആഗ്രഹമെങ്കിലും എതിരൊന്നും പറയാതെ റഫീക്ക് സമ്മതം മൂളി . മാമന് കുടുംബവും കുട്ടികളുമൊക്കെയായി. എത്രകാലം എന്ന് വച്ചാണ് പെങ്ങളുടെയും മക്കളുടെയും കാര്യങ്ങള്‍ നോക്കിനടത്തേണ്ടത്. ഇനി നമ്മുടെ കുടുംബം നോക്കേണ്ടത് ഞാനാണ്. ഉമ്മ വിഷമിക്കരുത്, ഇതായിരിക്കും എനിക്ക് കൂടുതൽ സന്തോഷം തരിക.  

കദീജുമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പരമകാരുണ്യവാനായ അള്ളാഹൂ, എന്റെ കുഞ്ഞിനെ കാത്തുകൊള്ളേണമേ....

പ്ലാറ്റ്ഫോമില്‍ തൂക്കിയിട്ട വലിയ ക്ലോക്കില്‍ സമയം 5 മണി.

വൈകുന്നേരത്തെ മഞ്ഞവെയില്‍ പ്ലാറ്റ്ഫോമിലേക്ക് ചരിഞ്ഞു വീണു. റഫീക്ക് പെട്ടിയൊതുക്കി വച്ച് ഒരു സിമന്റ് ബഞ്ചില്‍ ഇരുന്നു. നേരിയ കാറ്റ്. ആകാശത്ത് അവിടവിടെ ചെറിയ ചെറിയ മേഘക്കൂട്ടങ്ങള്‍. മഴക്കാലം അവസാനിക്കുകയാണ്. എതിര്‍‌വശത്ത് പ്ലാറ്റ്ഫോമിനതിരുകളായി വളര്‍ത്തിയ മരങ്ങളിലെ, മഴവെള്ളം തേച്ചുമിനുക്കിയ ഇലകള്‍ക്ക് അസാധാരണമായ  പച്ച നിറം. ട്രാക്കിന് പുറത്ത് കരിങ്കല്‍ ചീളുകളുടെ മുകളിലൂടെ പടര്‍ന്ന് വളര്‍ന്ന ഏതോ കാട്ട് ചെടികളില്‍ വെയിലില്‍ കത്തിനില്‍ക്കുന്നപോലെ മഞ്ഞ നിറമുള്ള പൂക്കള്‍. അതില്‍ തൊട്ടുപൊങ്ങി പറന്നുയര്‍ന്ന് കളിക്കുന്ന പൂമ്പാറ്റക്കുട്ടങ്ങള്‍. ഓണക്കാലം അടുക്കുകയാണ്. ഈ വര്‍ഷത്തെ ഓണത്തിന് ഏതൊക്കെ സിനിമകളാണോ റിലീസാവുന്നത്.

ഏഴരയ്ക്കാ വരാനുള്ള ബോംബെ ട്രയിനും കാത്ത് പ്ലാറ്റ്ഫോമിലെ സിമന്റ് ബഞ്ചില്‍ റഫീക്ക് ചാരിയിരുന്നു.

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...