Monday, August 19, 2013

ഒന്ന്

ജനുവരി, 2010.

ശനിയാഴ്ച രാത്രി ഇത്ര വൈകിയിട്ടും ധാബയില്‍ പുളിമരച്ചുവട്ടിലെ ഗാനമേള ഇനിയും തുടങ്ങിയിട്ടില്ല. രാജു പോക്കറ്റില്‍ നിന്നും മൊബൈലെടുത്ത് സ്ക്രീനിൽ സമയം നോക്കി. മണി പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. അജയേട്ടന്‍ നാളെ നഗരം വിടുകയാണ്. കേരളത്തിലെ വീട്ടില്‍ പോയി കുറച്ച് ദിവസം തങ്ങി അവിടെ നിന്നും പുതിയ ജോലിയില്‍ പ്രവേശിക്കാന്‍  വിദേശത്തേക്ക് പോകും. ശനിയാഴ്ച വൈകുന്നേരങ്ങളിലെ കൂട്ടുകൂടലില്‍  ഇനി രാമചന്ദ്രേട്ടനും അനൂപേട്ടനും മാത്രമേ ഉണ്ടാവുകയുള്ളൂ. മൂന്ന് പേരും ഇവിടെ കൂടാത്ത ശനിയാഴ്ച വൈകുന്നേരങ്ങള്‍ വിരളമാണ്. ആറു വര്‍ഷം മുമ്പ് താനിവിടെ ജോലിക്ക് ചേര്‍ന്ന ആദ്യദിവസം രാത്രിയില്‍ ധാബയിലെ മേശകള്‍ വൃത്തിയാക്കിക്കൊണ്ടിരുന്നതിനിടയിലാണ് അപ്പുറത്ത് നിന്നും ആദ്യമായി ആ വിളി കേട്ടത്;

"തമ്മാ... ഇല്ലി ബന്നി"

പുളിമരച്ചുവട്ടിലെ മേശയ്ക്ക് ചുറ്റുമായി മൂന്നുപേര്‍ ഇരിക്കുന്നതില്‍ അല്പം പ്രായക്കൂടുതല്‍ തോനിക്കുന്ന ആളാണ് വിളിച്ചത്. പേടിച്ചുകൊണ്ടാണ് അടുത്ത് ചെന്നത്.

"ഇവിടെ പുതുതായാണോ?" കന്നഡയിലാണ് ചോദ്യം

ഇന്ന് ജോലിക്ക് ചേര്‍ന്നതേയുള്ളൂ എന്ന് ഉത്തരം പറഞ്ഞു. സ്കൂളില്‍ പോകാതെ ബാറിലെ പണിക്ക് വന്നതെന്തിന് എന്ന അടുത്ത ചോദ്യത്തിന് വല്ലാത്ത കാര്‍ക്കശ്യം. അപ്പോഴേക്കും ധാബയുടെ മാനേജര്‍ ദേവണ്ണന്‍ എത്തി

"സര്‍ പാവപ്പെട്ട വീട്ടിലേതാണ്. എന്റെ ഒരു പരിചയക്കാരന്റെ ബന്ധു"

"കുട്ടികളെ ജോലിക്ക് വയ്ക്കുന്നത് ശിക്ഷാര്‍ഹമാണെന്നറിയില്ലേ"

"കക്കാനോ മോഷ്ടിക്കാനോ പോകുന്നതിലും ഭേദമല്ലേ രമചന്ദ്രേട്ടാ ജോലി ചെയ്ത് കുടുംബം നോക്കുന്നത്"

ദേവണ്ണന്റെ മറുപടി കേട്ട് അയാള്‍ അടങ്ങി, തന്റെ മേല്‍മീശയിലെ കട്ടി രോമങ്ങള്‍ വിരലുകള്‍ കൊണ്ട് പിടിച്ച് വലിച്ച് എന്തോ ആലോചിച്ച് അല്പനേരം ഇരുന്നു.
"ദേവാ, ഞങ്ങള്‍ക്ക് ഇനി ഇവന്‍ സര്‍‌വ്വ് ചെയ്താമതി"; രാമചന്ദ്രേട്ടന്‍ ആവശ്യപ്പെട്ടു. അന്നുമുതല്‍ എപ്പോള്‍ ധാബയില്‍ വന്നാലും രാമചന്ദ്രേട്ടന്റെ ആ വിളി ഉയര്‍ന്ന് കേള്‍ക്കും; "തമ്മാ രാജൂ..."
കാശൊക്കെ സൂക്ഷിച്ച് വയ്ക്കണം, അനാവശ്യമായി ചിലവു ചെയ്യരുത് എന്നൊക്കെ പറഞ്ഞാണ് ടിപ്പ് തരിക. എല്ലാ പൊങ്കലിനും ഒരു ജോഡി പുതിയ ഡ്രസ്സ് അവരില്‍ ആരെങ്കിലും സമ്മാനമായി കൊണ്ടുവന്ന് തരും.

ഇന്നിനി ഗാനമേള ഉണ്ടാവാനുള്ള വഴിയില്ല. ഗസല്‍ ഗായകന്‍ കരിംഭായ് ഹാര്‍മ്മോണിയം മരച്ചുവട്ടില്‍ വച്ച് നല്ല ഫോമില്‍ അവര്‍ക്കിടയില്‍ ഇരിക്കുന്നുണ്ട്. കരിംഭായ് മിക്കവാറും എല്ലാ ദിവസവും വൈകുന്നേരമാവുമ്പോഴെക്കും തന്റെ പഴയ ഹാര്‍മ്മോണിയവും തൂക്കി ധാബയിലെത്തും. ആരെങ്കിലും കൊടുക്കുന്ന കാശിനോ ഒന്നോ രണ്ടോ പെഗ്ഗിനോ പകരമായി അവര്‍ ആവശ്യപ്പെടുന്ന ഹിന്ദി പാട്ടുകള്‍ പാടും. പക്ഷേ ഇവർ വരുന്ന ദിവസങ്ങളിൽ കരിംഭായ് മുഴുവന്‍ സമയവും ഈ സംഘത്തിനു മാത്രമായാണ് പാടുക.   രണ്ടിലധികം ഡ്രിങ്ക്സ് കഴിച്ചാല്‍ കരിംഭായിക്ക് വരികള്‍ ഓര്‍മ്മവരില്ല. പിന്നെ ഹാര്‍മ്മോണിയത്തിന്റെ താളത്തിനനുസരിച്ച് മൂളലാവും ഉണ്ടാകുക. അതുകൊണ്ട് പാട്ടു പാടാന്‍ തുടങ്ങുന്നതിന് മുമ്പ് രണ്ട് ഡ്രിങ്ക്സില്‍ കൂടുതല്‍ കഴിക്കാന്‍ രാമചന്ദ്രേട്ടനും സംഘവും കരിംഭായിയെ സമ്മതിക്കാറില്ല. പാട്ടുകള്‍ കഴിഞ്ഞ് പിരിയുമ്പോള്‍ കരിംഭായിയുടെ പാട്ടിനുള്ള പണം അയാളുടെ കയ്യിലും, കഴിക്കാനുള്ള ഡ്രിംങ്ക്സിന്റെ പണം രാജുവിനെയും ഏല്‍‌പ്പിച്ചാണ സംഘം മടങ്ങുക പതിവ്.

ഹസ്സനിലെ ഗ്രാമത്തില്‍ നിന്നും ചിറ്റപ്പനൊപ്പം ബാംഗ്ലൂറിലേക്ക് വരുമ്പോള്‍ താന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുകകയായിരുന്നു. തുടര്‍ന്ന് പഠിക്കണമെന്ന് തനിക്കും പഠിപ്പിക്കണമെന്ന് മാതാപിതാക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നുവെങ്കിലും വീട്ടിലെ ചുറ്റുപാടുകള്‍ അനുകൂലമല്ലായിരുന്നു. കൃഷിയിടങ്ങളില്‍ കൂലിപ്പണിയായിരുന്ന അച്ഛന്, ഭാര്യയും മൂന്ന് മക്കളും, വൃദ്ധരും രോഗികളുമായ സ്വന്തം മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബത്തിനെ പോറ്റാനുള്ള വരുമാനമില്ലായിരുന്നു. "എന്റെ കുഞ്ഞ് പഠിക്കാന്‍ മിടുക്കനായിട്ടും ഇങ്ങിനെ ചെയ്യേണ്ടി വന്നല്ലോ" എന്ന് യാത്രപറഞ്ഞ് പിരിയുമ്പോള്‍ അമ്മ അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. കൈകള്‍ മാറത്ത് പിണച്ച് അച്ഛന്‍ നിര്‍‌വ്വികാരനായി നിന്നു. മിഠായിയും പുത്തനുടുപ്പുകളും  കൊണ്ടുവന്ന് തരാമെന്ന് ഇളയ സഹോദരങ്ങള്‍ക്ക് വാക്ക് കൊടുത്ത് ചിറ്റപ്പനൊപ്പം ബസ്സില്‍ ഇരിക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ  നിറഞ്ഞൊഴുകി.

ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് പുറത്തുള്ള പൂനെ ഹൈവേയിലെ വിശാലമായ ഈ ധാബയില്‍ ഉച്ച തിരിഞ്ഞ് സപ്ലൈ ജോലിതുടങ്ങിയാല്‍ നേരം പുലര്‍ച്ചെയാവുമ്പോഴാണ് ഒഴിവാകുന്നത്. എച്ചിലിന്റെയും മദ്യത്തിന്റെയും വിയര്‍പ്പിന്റെയും ദുര്‍ഗന്ധമുയരുന്ന ശരീരത്തില്‍ വെള്ളം കോരിയൊഴിച്ച് വല്ലയിടത്തും ചുരുണ്ടുകൂടി കിടക്കുമ്പോഴേക്കും മിക്കവാറും സൂര്യനുദിക്കാറായിരിക്കും. താമസവും ഭക്ഷണവും ഇവിടെതന്നെ തരാവുന്നത്കൊണ്ട് തുച്ഛമാണെങ്കിലും ശമ്പളം മിച്ചം വയ്ക്കാം. ചില്ലറകളായി കിട്ടുന്ന ടിപ്പുകളും തീരെ മോശമല്ല.  വീട്ടില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്. കുറച്ച് കൃഷിയിടം പാട്ടത്തിനെടുക്കാനുള്ള പണം സമ്പാദിച്ച് കഴിഞ്ഞാല്‍ നാട്ടില്‍ പോയി ഉരുളക്കിഴങ്ങും കാബേജും കൃഷിചെയ്ത് ജീവിക്കാം. മിച്ചം വയ്ക്കുന്ന പണം അമ്മ നാട്ടിലെ സഹകര ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ട്. പണമൊന്നും ദുരുപയോഗിക്കരുത് എന്നും, മിച്ചം വയ്ക്കണം എന്നും രാമചന്ദ്രേട്ടന്‍  ഇടക്കിടെ ഓര്‍മ്മിപ്പിക്കും. വളരെ പാവപ്പെട്ട നിലയില്‍ നിന്നും ഉയര്‍ന്ന് വന്ന് ഇപ്പോള്‍ ഏതോ വലിയ കമ്പനിയുടെ ജനറല്‍ മാനേജരായി ഇരിക്കുന്ന ആളാണ് അദ്ദേഹം. മന്ത്രിമാരെയും പോലിസ് ഉദ്ധ്യോഗസ്ഥരെയുമൊക്കെ പരിചയമുള്ള രാമചന്ദ്രേട്ടനെ ധാബയുടെ മുതലാളിക്കും മാനേജര്‍ക്കുമൊക്കെ വലിയ കാര്യമാണ്. അജയേട്ടനും അനൂപേട്ടനും കമ്പ്യൂട്ടറിന്റെ എന്തോ ജോലിയാണ് എന്നാണ് പറഞ്ഞിട്ടുള്ളത്.  പഠിക്കാന്‍ മിടുക്കരായ തന്റെ ഇളയ സഹോദരങ്ങളെ രണ്ടുപേരെയും കമ്പ്യൂട്ടര്‍ പഠിപ്പിക്കാന്‍ വിടണം എന്ന ആഗ്രഹം രാജുവിന് അങ്ങിനെ ഉണ്ടായതാണ്.

"തമ്മാ രാജൂ, ഇല്ലി ബന്നി"; രാമചന്ദ്രേട്ടന്റെ ഉച്ചത്തിലുള്ള വിളി ഉയര്‍ന്നു.

പുളിമരച്ചുവട്ടില്‍ അവര്‍ പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. മാനേജര്‍ ദേവണ്ണന്‍ അജയേട്ടന് കൈകൊടുത്ത് വര്‍ത്തമാനം പറയുന്നുണ്ട്. കരിംഭായ് വരികള്‍ മറന്ന ഏതോ പാട്ടും മൂളി ഒരു കസേരയില്‍ ഇരിക്കുന്നു. അജയേട്ടന്‍ അടുത്തേക്ക് വിളിച്ച് ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുറച്ച് നോട്ടുകള്‍ തിരുകി;
"അപ്പോള്‍ രാജു, നമ്മള്‍ ഇനിയും കാണും"

"അജയേട്ടന്‍ മറന്നുപോകുമോ?"

"നിന്നെ മറക്കാനോ..."; ഷോള്‍ഡറില്‍ പിടിച്ച് കുലുക്കി മറുപടി പറഞ്ഞത് രാമചന്ദ്രേട്ടനാണ്; "അവനെവിടെ പോയാലും ഇവിടേക്ക് തിരിച്ചുവരുമെടാ. നമ്മളൊക്കെ ഇവിടെയല്ലേ ഉള്ളത്"

"അജയ്.. എനിക്ക് നിനക്ക് വേണ്ടി ഒരു പാട്ട് പാടണം"; കൈകള്‍ ഉയര്‍ത്തി ആടിയാടി കരീംഭായ് ഇടയില്‍ കയറി നിന്നു

"പാടിക്കോളൂ... പക്ഷേ വരികള്‍ ഓര്‍മ്മയുണ്ടാവില്ലല്ലോ!"

"വരികള്‍ ഞാന്‍ എഴുതി കൊണ്ടുവന്നിട്ടുണ്ട്"; പാന്റിന്റെ പോക്കറ്റില്‍ നിന്നും ഒരു കടലാസ് വലിച്ചെടുത്ത് എല്ലാവര്‍ക്ക് നേരെയും ഉയര്‍ത്തിക്കാണിച്ച് ചിരിച്ചു കണ്ണെട മൂക്കില്‍ ഉറപ്പിച്ച് നിര്‍ത്തി പുളിമരച്ചുവട്ടിലെ ഹാര്‍മ്മോണിയത്തിനു മുന്നിലിരുന്ന് താളമിട്ട് കരിംഭായ് പാടാന്‍ തുടങ്ങി-

"ചല്‍തേ ചല്‍തേ മേരെ യേ ഗീത് യാഥ് രഘ്നാ... കഭി അല്‍‌വിദ നാ കെഹനാ..."

പാടിക്കൊണ്ടിരിക്കുന്ന കരിംഭായിയെ പിന്നിലൂടെ കെട്ടിപ്പിടിച്ച് അജയന്‍ കുറച്ച് നേരം നിന്നു. പിന്നെ എല്ലാവരെയും തിരിഞ്ഞുനോക്കി ചിരിച്ചു. രാമചന്ദ്രേട്ടന്‍ അജയന്റെ ചുമലിലൂടെ കയ്യിട്ട് മുന്നിലേക്ക് നടന്നു. പിന്നാലെ അനൂപും. ഗേറ്റുവരെ ചെന്ന് ദേവണ്ണന്‍ അവരെ കൈവീശി യാത്രയാക്കി.

അവരുടെ വാഹനം നീങ്ങുന്നതും നോക്കി രാജു അങ്ങിനെ തന്നെ നിന്നു.
യാത്ര പറഞ്ഞ് പോയവര്‍ക്കായി കരിംഭായ് പാടിക്കൊണ്ടേയിരുന്നു;

".... കഭി അല്‍‌വിദ നാ കെഹനാ..."

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...