Monday, October 03, 2011

ക്യൂൻ സേബ, അൺനോൺ ക്യൂൻ ഓഫ് അൺനോൺ കിംഗ്ഡം...


സൂര്യൻ അസ്തമിച്ചതേയുള്ളു. മരുഭൂമിക്കും അതുകഴിഞ്ഞ് കടലിനും അപ്പുറം  ആകാശച്ചരിവിൽ നരച്ച വെളിച്ചം തങ്ങിനിൽക്കുന്നു. ഉഷ്ണത്തിന് കുറവ് തെല്ലുമില്ല. പകൽ മുഴുവൻ വീശിയടിക്കുകയായിരുന്ന ചൂട് കാറ്റ് ഉടനെയൊന്നും അവസാനിക്കുന്ന മട്ടില്ല.

കൊട്ടാരത്തിലെ മട്ടുപ്പാവിൽ, രത്നങ്ങൾ പതിച്ച സിംഹാസനത്തിൽ രാജ്ഞി സേബ ആസനസ്ഥയായി. കടും നിറത്തിലുള്ള പട്ടു വസ്ത്രങ്ങളിൽ രാജ്ഞി പതിവിലും സുന്ദരിയായും ഉന്മേഷവതിയായും തോന്നിച്ചു. അവർ ശരീരത്തിൽ പൂശിയ മുന്തിയ സുഗന്ധ ദ്രവ്യങ്ങളുടെ മണം മട്ടുപ്പാവിൽ തങ്ങിനിന്നു.

കടലിൽ നിന്നും കൊട്ടാരവളപ്പിലേക്ക് കപ്പലുകൾക്ക് കടന്നുവരാൻ നിർമ്മിച്ച ജലമാർഗ്ഗത്തിലൂടെ എത്തിയ, രാജ്ഞിയുടെ വലിയ കപ്പലുകളിലൊന്ന് നങ്കൂരമിടുകയാണ്. ലഭിച്ച വിവരമനുസരിച്ച് അമൂല്യങ്ങളായ രത്നങ്ങളും സ്വർണ്ണവുമടങ്ങുന്ന വൻ സമ്പത്തുമായാണ് അത് തിരിച്ചെത്തിയിരിക്കുന്നത്.

ഗൂഡമായ ഒരു ചിരിയോടെ രാജ്ഞി സിംഹാസനത്തിലേയ്ക്ക് ചാഞ്ഞിരുന്ന്, രത്നചകിതങ്ങളായ വളകളും മോതിരങ്ങളും അണിഞ്ഞ ഇടത് കൈ അല്പം  ഉയർത്തി. പിന്നിൽ നിരന്നു നിൽക്കുകയായിരുന്ന ദാസികളിൽ ഒരുവൾ നിശ്ശബ്ദമായ ചുവടുവയ്പുകളോടെ വന്ന് താലത്തിലെ പളുങ്കു ചഷകത്തിൽ നിറച്ച വീഞ്ഞ് ഭവ്യതയോടെ രാജ്ഞിക്ക് കൈമാറി. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും വരികയായിരുന്ന കപ്പലുകൾ കൊള്ളയടിച്ചു കൊണ്ടുവന്ന, കട്ടിരക്തത്തിന്റെ നിറമുള്ള വീഞ്ഞ് രാജ്ഞി ചുണ്ടോട് അടുപ്പിച്ചു.

ലോകത്തിലെ സകലസമ്പത്തും തന്റേത് മാത്രമാവണം. ലോകം മുഴുവൻ ആളുകൾ അറിയണം ആരാണ് രാജ്ഞി സേബ എന്നത്. കടൽക്കൊള്ളക്കാരി എന്ന് പറഞ്ഞ് പരത്തുന്നുണ്ട്, പലരും. നേരിട്ട് പരാജയപ്പെടുത്തുമെന്ന ഭീഷണിയും. എന്നിട്ടെന്തായി! തന്റെ നാവികരുടെ കൈക്കരുത്തിനു മുന്നിൽ അടിയറവ് പറയുകയാണ് സകലരും. പിടിച്ചെടുത്ത കപ്പലുകളിലെ മുതലുകൾ കൊണ്ട് നിറയുകയാണ് തന്റെ ഖജനാവ്. വീഞ്ഞിന്റെ ലഹരി രാജ്ഞിയുടെ കണ്ണുകളിൽ തിളങ്ങി. സ്വതേ ചുവന്ന മുഖം ഒന്നുകൂടെ ചുവന്ന് തുടുത്തു.

ആയുധധാരികളായ കരുത്തരായ പുരുഷ അടിമകൾ മുതലുകൾ അടങ്ങുന്ന വലിയ പെട്ടികൾ ഓരോന്നായി കൊണ്ട് വന്ന് രാജ്ഞിയുടെ മുന്നിൽ വച്ചു. അവ തുറന്ന് നാവികത്തലവൻ മുതലുകളെക്കുറിച്ച് വർണ്ണിച്ച് കേൾപ്പിക്കാൻ തുടങ്ങി. രത്നങ്ങൾ, പവിഴങ്ങൾ, മുത്തുകൾ, വൈഡൂര്യങ്ങൾ, സ്വർണ്ണാഭരണങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ.....

“ഇന്നു രാത്രി ആഘോഷത്തിന്റെതാവട്ടെ!“; രാജ്ഞി ഉത്തരവിട്ടു.

വാദ്യമേളത്തിന്റെയും പാട്ടിന്റെയും അകമ്പടിയിൽ തീറ്റയും കുടിയുമായി ആണും പെണ്ണും മതിമറന്ന് നൃത്തം ചെയ്തു. രാജ്ഞിയെ പ്രകീർത്തിച്ചു. ആഘോഷങ്ങൾ രാവേറുന്നത് വരെ നീണ്ടു.

രാജ്ഞിയുടെ ചഷകം നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടേയിരുന്നു.

***

സൂര്യൻ അസ്തമിച്ചതേയുള്ളു. മരുഭൂമിക്കും അതുകഴിഞ്ഞ് കടലിനും അപ്പുറം  ആകാശച്ചരിവിൽ നരച്ച വെളിച്ചം തങ്ങിനിൽക്കുന്നു. ഉഷ്ണത്തിന് കുറവ് തെല്ലുമില്ല പകൽ മുഴുവൻ വീശിയടിക്കുകയായിരുന്ന ചൂട് കാറ്റ് ഉടനെയൊന്നും അവസാനിക്കുന്ന മട്ടില്ല.

ആറാമത്തെ നിലയിലുള്ള ഹോട്ടൽമുറിയുടെ കുളിർമയിൽ ജനലിലൂടെ പുറത്തേക്ക് നോക്കിനിൽക്കുകയാണ് സേബ. പുറത്ത് വിശാലമായ മരുഭൂമിയിൽ, വളരുന്ന ഇരുട്ടിൽ ഉൽഖനനം ചെയ്തെടുത്ത കൂറ്റൻ കരിങ്കൽതൂണുകൾ കുത്തനെ നിർത്തി വച്ചിരിക്കുന്നത് കാണുമ്പോൾ, ആശ്ചര്യം തോന്നുകയാണ്. കൃസ്തുവിനും  മുമ്പ് പത്താംനൂറ്റാണ്ടിൽ മരുഭൂമിയിലേക്ക് ഈ പാറക്കല്ലുകൾ എവിടെനിന്നും എങ്ങിനെ കൊണ്ടുവന്നു!

യുനസ്കോ വേൾഡ് ഹെറിട്ടേജ് ലിസ്റ്റിൽ പെടുത്തിയതിൽ പിന്നെയാണ് എഴുപതുകളിൽ നിർത്തി വച്ചിരുന്ന ഉൽഖനനം ഇവിടെ പുനരാരംഭിക്കുന്നത്. ആർക്കിയോളജിയിൽ പി.എച്ച്.ഡി എടുത്ത് യുനെസ്കോയിൽ ജോലിക്ക് ചേർന്നതിന് ശേഷം ആദ്യമായി വരുന്നത് ഇവിടേയ്ക്കാണ്.

“കുടിച്ച് കൂത്താടി നടന്നിരുന്ന രാജ്ഞിയുടെ നാടായിരുന്നു. ഇവിടിപ്പോൾ മദ്യത്തിന് വിലക്ക്!“;  ഗ്ലാസ്സുകൾ പരസ്പരം മുട്ടിക്കുമ്പോൾ നരേന്ദ്രൻ പറഞ്ഞു.

“രാജ്ഞി സേബയ്ക്ക് ഉണ്ടായിരുന്നെന്നു പറയുന്ന അളവറ്റ സമ്പത്തിന് എന്തു പറ്റിക്കാണും”; സേബ ഗ്ലാസ്സ് ചുണ്ടോട് ചേർത്തു.

“ആരറഞ്ഞു”; നരേന്ദ്രൻ ചിരിച്ചു; “അറുപതുകളിലും എഴുപതുകളിലും പലപ്പോഴായി ഇവിടെ ഉഴുതു മറിച്ചിട്ടും പരതിയിട്ടും, ചില്ലറ ചെമ്പു ഉപകരണങ്ങൾ മാത്രമേ അന്ന് കണ്ടുകിട്ടിയതായി പറയുന്നുള്ളു. നൂറ്റാണ്ടുകളായി രാജ്ഞിയുടെ സമ്പത്ത് തേടി അതാത് കാലത്തെ അധിനിവേശക്കാർ ഇവിടം പരതുന്നു. ആർക്കൊക്കെ എന്തൊക്കെ കിട്ടി എന്നതിന് ഒരു രേഖയുമില്ല”;

“ഒരു പ്രകൃതി ദുരന്തമായിരുന്നെങ്കിൽ ഇപ്പറഞ്ഞ സമ്പത്ത് മുഴുവൻ ചിലപ്പോൾ ഈ ഭൂമിക്കടിയിലുണ്ടായിരുന്നേക്കാം. അല്ല മറിച്ചൊരു  യുദ്ധത്തിൽ രാജ്ഞിയെ പരാജയപ്പെടുത്തി ഇവിടം തകർത്താണ് എങ്കിൽ ഒരു പോടിപോലും ബാക്കിവച്ചിരുന്നിട്ടുണ്ടാവില്ല, കണ്ടു പിടിക്കാൻ”

 “നിധി കണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഉഴുതുമറിച്ചത് കൊണ്ട് നഷ്ടമുണ്ടായത്, മറ്റ് പഠനങ്ങൾക്കാണ്. പഴയകെട്ടിടങ്ങളുടെ ലേ ഔട്ട്, ലഭിച്ചേക്കാമായിരുന്ന അക്കാലത്തെ പാത്രങ്ങളുടെയും ആയുധങ്ങളുടെയും ആഭരണങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ...”; വർഷങ്ങളായി പുരാതന വാസ്തുകലയെക്കുറിച്ച് പഠനം നടത്തുകയാണ് നരേന്ദ്രൻ.

“രാജ്ഞി സേബയുടെ കൊട്ടാരം എന്നത് ഒരു കെട്ടുകഥ മാത്രമാണെന്ന് പറയുന്നവരും ഉണ്ട്. സൂര്യനെ ആരാധിച്ചിരുന്ന പ്രാകൃതരായ ഒരുകൂട്ടം ആളുകൾ, മീൻ പിടിച്ചും, കുന്തിരിക്കം ശേഖരിച്ച് കയറ്റിഅയച്ചും ജീവിച്ചിരുന്ന ഒരു പ്രദേശമായിരുന്ന് ഇത് എന്നാണ് അവരുടെ അഭിപ്രായം. പക്ഷേ ഇക്കണ്ട കൂറ്റൻ കല്ലുകൾകൊണ്ട് നിർമ്മിച്ച കെട്ടിടങ്ങളെക്കുറിച്ച് അവരൊന്നും പറയുന്നില്ല“

“സോളമന്റെ ബുദ്ധിയെ കേട്ടറിഞ്ഞ് സമ്മാനങ്ങളുമായി അദ്ദേഹത്തെ തേടിച്ചെന്ന്, ക്യൂൻ സേബ അദ്ദേഹത്തിൽ അനുരാഗവതിയായി, അല്ല ശിഷ്യയായി എന്നുമുണ്ട് ചരിത്രം. അറബ് ആഫ്രിക്കൻ ചരിത്രങ്ങളിൽ പലയിടത്തും പലയിടങ്ങളിലായാണ് ക്യൂൻ ഓഫ് സേബയെക്കുറിച്ച് പറയുന്നത്. ഖുറാനിലും ബൈബിളിലും ക്യൂൻ സേബയെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഇനി ഒരാൾ മാത്രമായിരുന്നോ ക്യൂൻ ഓഫ് സേബ എന്നതിനെക്കുറിച്ചുമുണ്ട് ആശയക്കുഴപ്പം“

“ക്യൂൻ സേബ, അൺനോൺ ക്യൂൻ ഓഫ് അൺനോൺ കിംഗ്ഡം...”

രാജ്ഞി സേബയെക്കുറിച്ച് സംസാരിച്ചുകൊണ്ട്, സേബയുടെ ഗ്ലാസ്സ് നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടേയിരുന്നു.

1 comment:

  1. ക്യൂൻ സേബ, അൺനോൺ ക്യൂൻ ഓഫ് അൺനോൺ കിംഗ്ഡം...

    ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...