Wednesday, October 26, 2011

പ്രേത ബംഗ്ലാവ്


“അർദ്ധരാത്രി. കുറെ നേരമായി മുറ്റത്ത് കാൽപ്പെരുമാറ്റം കേൾക്കുന്നു. അച്ഛന്റെ മൂത്ത എഴുന്നേറ്റ് പതുക്കെ ജനവാതിലിന്റെ വിടവിലൂടെ പുറത്തേക്ക് നോക്കി. അപ്പോഴുണ്ടത്രേ നിലാവെളിച്ചത്തിൽ വെള്ളസാരിയുടുത്ത ഒരു സ്ത്രീരൂപം മുറ്റത്ത്കൂടെ നടക്കുന്നു. മൂത്ത  നിലവിളിച്ച് ബോധംകെട്ട് വീണു. പനി മാറാൻ ഒരാഴ്ചയെടുത്തത്രേ“; ദേവൻ ബീഡി ആഞ്ഞു വലിച്ചു.

ഇടിമിന്നൽ അകമ്പടിയോടെ കനത്ത തുലാവർഷം. സമയം രാത്രി പന്ത്രണ്ട് മണിയെങ്കിലും കഴിഞ്ഞുകാണും. കറണ്ടില്ല. മെഴുകുതിരി കത്തി തീർന്നിരിക്കുന്നു.. പ്രേത കഥകൾ പറയാൻ പറ്റിയ സമയം.

“നമ്മൾ വിചാരിക്കുന്നത് പോലല്ല. ചെലതൊക്കെ സത്യാണ്. നിങ്ങൾ മുക്കിലെ വയൽക്കരയിലെ ബംഗ്ലാവ് കണ്ടിട്ടില്ലേ. അവിടെ ആൾതാമസമില്ല. കാര്യംന്താന്ന്  അറിയോ?”; തറയിൽ കിടക്കുകയായിരുന്ന ദിലീപേട്ടൻ എഴുന്നേറ്റിരുന്നു

“എന്താ?”; ഞങ്ങൾ മൂന്നുപേരും ഉദ്വേഗത്തോടെ ചോദിച്ചു.

“അതൊരു കഥയാണ്. ബത്തേരിയിലുള്ള ഒരു കൃസ്ത്യൻസ് ആണ് ആ സ്ഥലത്ത് ഈ വീട് പണിയിച്ചത്. എന്റെ അമ്മയൊക്കെ ചെറുതിൽ. വീട്ടുകൂടൽ കഴിഞ്ഞ് അടുത്ത ദിവസം തന്നെ സംഭവം തുടങ്ങിയത്രേ”; സസ്പെൻസിന്റെ മുൾമുനയിൽ ഞങ്ങളെ നിർത്തി ദിലീപേട്ടൻ ബീഡി കത്തിച്ചു.

“എന്താണ് സംഭവം?”; വാതിൽക്കൽനിന്ന് ദേവൻ എനിക്കും അജയനും ഇടയിലേയ്ക്ക് ഞെക്കിഞെരുക്കി  സ്ഥലം മാറി ഇരുന്നു.

“മുറികളിലൂടെ ആരൊക്കെയോ നടക്കുന്ന ശബ്ദം. മേശപ്പുറത്തും അലമാരയിലുമൊക്കെയുള്ള സാധനങ്ങൾ  തനിയെ താഴെവീഴുക, കൊളുത്തിടാത്ത ജനലുകളൊക്കെ പടപടാന്ന് അടക്കുകയും തുറക്കുകയും ചെയ്യുക. പശുവിന്റ്റെ വലുപ്പമുള്ള ഒരു ആൾസേഷൻ നായയുണ്ടായിരുന്നു അവർക്ക്,  നിർത്താതെ ഓരിയിട്ട് മൂനാംദിവസം അത് ചത്തു”

“എന്നിട്ട്?”

“അവര് അച്ചന്മാരെ കൊണ്ടുവന്ന് വെഞ്ചരിപ്പിച്ചു. എന്തൊക്കെയോ വഴിപാടുകൾ നടത്തി. ഒരു മാറ്റവുമില്ല. ഒടുക്കം ആയമ്മയ്ക്ക് ഒരു വട്ടുപോലെ ആയപ്പോൾ കിട്ടിയ വിലയ്ക്ക് അവരത് ഒരു മുസ്ലിംസിന് വിറ്റു. പൊതുവേ പ്രേതങ്ങളിലൊന്നും അങ്ങിനെ വിശ്വാസമില്ലാത്തവരാണല്ലോ മുസ്ലിംസ്. പക്ഷേ അവർക്കും അവിടെ അതുതന്നെ കഥ! ആയമ്മ ഒരു ദിവസം ബെഡ് റൂമിൽ കേറി ലൈറ്റിട്ടപ്പോൾ....."

"ലൈറ്റിട്ടപ്പോൾ? ലൈറ്റിട്ടപ്പോൾ?"; ഞങ്ങൾക്ക് ആകാംക്ഷ തടഞ്ഞുനിർത്താനാവുന്നില്ല

ശബ്ദത്തിൽ അല്പം ഭീകരത കലർത്തി ദിലീപേട്ടൻ തുടർന്നു;
“കട്ടിലിനടിയിൽനിന്നും ഒരു ചുവന്ന രൂപം എഴുന്നേറ്റ് വന്ന് ജനാലയഴികൾക്കിടയിലൂടെ പുകപോലെ പുറത്തേക്ക് പോയത്രേ. ആയമ്മ കാറിവിളിച്ച് പുറത്തേക്കോടിയപ്പോൾ ആ രൂപമുണ്ട് പുറത്തെ മുറിയിലെ സെറ്റിയിലിരിക്കുന്നെന്ന്.  പിള്ളേർക്കൊക്കെ എപ്പോനോക്കിയാലും എന്തെങ്കിലും സൂക്കേട്. മൊല്ലാക്കമാരൊക്കെ വന്ന് എന്തൊക്കെയോ ചെയ്തിട്ടൊന്നും ഒരു രക്ഷയുമില്ല. ആരോ പറഞ്ഞ് കൊടുത്ത് അവർ ഒരു മാന്ത്രികതാന്ത്രിക നമ്പൂരിയുടെ ഇല്ലത്ത് ചെന്നപ്പോൾ പുറത്ത് കാത്തുനിൽക്കുന്നവരെ ഒക്കെ ഒഴിവാക്കി നമ്പൂരി ഇയാളെ അകത്തേക്ക് വിളിച്ചത്രേ. ബ്രഹ്മരക്ഷസും രക്തരക്ഷസും പിന്നെയും എന്തൊക്കെയോ ഉള്ള പറമ്പാണ് അത് എന്ന്. അതോടെ അവർ താമസം മാറി. അതിനുശേഷം അതിങ്ങനെ കിടക്കുവാ”

“എന്റമ്മോ!“; ദേവൻ എന്നെയും അജയനെയും തോണ്ടി; “എടാ ഇനി സന്തോഷിൽ സെക്കൻഡ്ഷോ പോന്ന പരിവാടി വേണ്ട”

സന്തോഷ് ടാക്കീസിൽ പോകുന്ന വഴിക്ക് റോഡ് സൈഡിലെ വിശാലമായ വയലിനപ്പുറത്ത് ദൂരെയായി ആ വീട് കാണാം

“ദിലീപേട്ടാ ഒരു ദിവസം വിടുവല്ലേ? അവിടയ്ക്ക്”; അജയൻ പെട്ടന്ന് ചോദിച്ചു; “ഞാനാണെങ്കിൽ ഇതുവരെ ഒരു പ്രേതത്തിനെ കണ്ടിട്ടില്ല”

“നിനക്ക് പ്രാന്താണ്. വെറുതെ എന്തിനാടാ പ്രേതത്തിന്റെ കൈ കൊണ്ട് ചാവുന്നത്. ഇതൊക്കെ ഇല്ലാത്തതായിരുന്നെങ്കിൽ ആ വീട് ഇങ്ങിനെ അടച്ചിടേണ്ടി വരുവായിരുന്നോ? അല്ലേ ദിലീപേട്ടാ”; ദേവന് ആധിയായി

“ഇനിക്കും തോന്നലുണ്ട്, ഒന്ന് അവ്ടെപ്പോയി നോക്കണംന്ന്. ന്നാലും ധൈര്യം അങ്ങോട്ട് സമ്മതിക്കുന്നില്ല”; ദിലീപേട്ടന് അർദ്ധസമ്മതം.

“നിനക്ക് പേടിയുണ്ടോടാ?”; അജയൻ എന്നെ തോണ്ടി. അവൻ തീരുമാനിച്ചുകഴിഞ്ഞെങ്കിൽ പിന്നെ ഞാൻ എന്തു പറഞ്ഞിട്ടും കാര്യമില്ല.  അവൻ എന്നെ കൊണ്ടുപോയിരിക്കും.

“ഏയ് എന്ത് പേടി! നീയുള്ളിടത്ത് വേറേത് പ്രേതം!“

അടുത്ത ആഴ്ചയിലെ ഒരു ദിവസം. രാത്രി പതിനൊന്ന് മണി.

കശുമാങ്ങ വാറ്റിയ നാടൻ അവസാനത്തെ റൌണ്ട് വിഴുങ്ങി ഞങ്ങൾ നാലും മിഷൻ പ്രേതബംഗ്ലാവിനിറങ്ങി. ദിലീപേട്ടന്റെ നാലുകട്ട ടോർച്ച്. എല്ലാവരുടെയും പോക്കറ്റിൽ ദിനേശ് ബീഡി, തീപ്പെട്ടി, മെഴുകുതിരികൾ. ദേവന്റെ കഴുത്തിൽ ഷർട്ടിന് പുറത്തായി കുരിശ് മാല. എന്റെ തോൾ സഞ്ചിയിൽ നാടന്റെ രണ്ട് അരക്കുപ്പികൾ. രണ്ട് സ്റ്റീൽ ഗ്ലാസ്സുകൾ. എല്ലാവരുടെയും കയ്യിൽ ഒരു ധൈര്യത്തിന് വണ്ണം കുറഞ്ഞ, കുത്തിനടക്കാൻ പാകത്തിൽ നീളമുള്ള ബലമുള്ള മുളവടികൾ.

അടുത്തെത്തും തോറും കൂരാക്കൂരിരുട്ടിൽ അതൊരു പ്രേതഭവനം തന്നെയായി തോന്നിച്ചു. ഞങ്ങളുടെ കാലിനടിയിലെ കരിയിലകൾ ഞെരിയുന്ന ശബ്ദം മാത്രം കേൾക്കാനുണ്ട്. ആൾപ്പെരുമാറ്റം തീണ്ടിയില്ലാത്ത വലിയ പറമ്പിൽ കുറ്റിച്ചെടികൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലൂടെ നടന്ന് ഞങ്ങൾ വരാന്തയിലേക്ക് കയറി. ഇടിഞ്ഞുപൊളിഞ്ഞ് വീണ മേൽക്കൂരയുടെ അവശിഷ്ടങ്ങളും പൊടിപടലങ്ങളും ഉണങ്ങിയ ഇലകളും കയ്യിലെ വടികൾ കൊണ്ട് തള്ളിമാറ്റി ഇരിക്കാൻ അല്പം ഇടമുണ്ടാക്കി ഞങ്ങൾ അവിടെ ഒരു മെഴുകുതിരി കത്തിച്ചു കുത്തിനിർത്തി.

“എന്നാ തൊടങ്ങ്വല്ലേ മക്കളേ” ദിലീപേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു. എന്റെ കയ്യിൽ നിന്നും സഞ്ചിവാങ്ങി സ്റ്റീൽഗ്ലാസ്സുകളിൽ ഒന്നെടുത്ത് അതിൽ പകുതി നാടനൊഴിച്ച് ദിലീപേട്ടൻ വരാന്തയിലേക്ക് കേറിവരുന്നിടത്ത് കൊണ്ടുവച്ച് തിരിച്ചുവന്നു;

“ഏതു പ്രേതം വന്നാലും അതുമടിച്ച് അവിടിരിക്കട്ടെ”

പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചുകൊണ്ട് ഞങ്ങൾ നാടൻ സേവ തുടർന്നു. ലഹരിക്കൊപ്പം സംസാരത്തിന്റെ ശബ്ദവും ഏറിവന്നു. അറിയാവുന്ന പ്രേതകതഥകൾ ഓരോരുത്തരായി പറഞ്ഞ് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

പെട്ടന്നായിരുന്നു ആ ശബ്ദം!

അടിച്ച് ഓഫായി പിന്നിലെ മരപ്പലകയിലേക്ക് ദേവൻ മറിഞ്ഞ് വീണതിന്റെ ശബ്ദം. മയക്കത്തിലേക്ക് വീഴുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു; “പ്രേതത്തിന്റെ അപ്പൻ”

ചുവരിൽ ചാരിയും മടിയിൽ തലവച്ചും ഓരോരുത്തരായി ഉറക്കത്തിലേക്ക് വീണു.

*****
“ഡാആ....എണീക്കെടാ...”; ദേവന്റെ അലർച്ച കേട്ടാണ് ഞങ്ങൾ ഞെട്ടിഉണർന്നത്. നേരം നല്ലപോലെ വെളുത്തിരിക്കുന്നു. വരാന്തയിലേക്ക് കയറുന്നിടത്ത് നിന്ന് ദേവൻ അവിടെ വച്ച സ്റ്റീൽ ഗ്ലാസ്സിലേക്ക് ചൂണ്ടി പറഞ്ഞു. “എന്തോ ഒരു സത്യമുണ്ടെടാ, ഇതിൽ ഒരു തുള്ളിപോലും ഇല്ല”; അവൻ കഴുത്തിലെ കുരിശിൽ തിരുകിപ്പിടിച്ച് നാലുപാടും നോക്കി.

എഴുന്നേറ്റിരുന്ന് ഒരു ബീഡി തീപ്പിടിപ്പിച്ച് ദിലീപേട്ടൻ ശാന്തനായി പറഞ്ഞു; “വെർതെ അളറി വിളിക്കല്ല ദേവാ. നിങ്ങളൊക്കെ ഒറങ്ങി സാധനം തീർന്നപ്പോൾ അതെടുത്ത് ഞാനങ്ങടിച്ചു”

2 comments:

  1. മിഷൻ പ്രേത ബംഗ്ലാവ്

    ReplyDelete
  2. ഇപ്പൊ മനസ്സിലായല്ലോ ആരാ പ്രേതമെന്ന്!

    ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...