Saturday, July 27, 2013

വരദക്ഷിണ


സന്ധ്യയ്ക്ക്, മല്ലേശ്വരം ബസ്സ്റ്റോപിൽ പതിവു പോലെ എന്നെ ഇറക്കി വിട്ട്, അവന്റെ ബജാജ് ചേതകിന്റെ ഹാൻഡിലിൽ ഒന്ന് തലോടി ബാഷ പറഞ്ഞു;

“ഇതാണ് ലാസ്റ്റ് ഡ്രോപ്. നാളെ മുതൽ ഞാനും നിന്നെ പോലെ ബി.ടി.എസ്സ് യാത്രക്കാരൻ. അപ്പോൾ ശരി, ബൈ”

നിയോൺ ബൾബുകളുടെ വെളിച്ചം തട്ടി പ്രതിഫലിക്കുന്ന കണ്ണടയ്ക്ക് പിന്നിൽ അവന്റെ കണ്ണുകൾ എനിക്ക് കാണാൻ പറ്റിയില്ല. റോഡിലെ തിരക്കിലേക്ക് അവൻ സ്കൂട്ടറോടിച്ച് മറയുന്നതും നോക്കി ഞാൻ നിന്നു.

പൂക്കളുടെയും അഗർബത്തികളുടെയും സുഗന്ധമാണ് മല്ലേശ്വരത്തെ തെരുവുകൾക്ക്. ബ്രിട്ടിഷ് കാലം മുതൽ പൂക്കാരുടെയും, പൂജാ ദ്രവ്യങ്ങളും മധുരപലഹാരങ്ങളും വിൽക്കുന്നവരുടെയും ഗലികൾ. മിക്കവാറും ഗലികളിലെ ചെറുതും വലുതുമായ കോവിലുകളിൽ സദാസമയവും പുകയുന്ന അഗർബത്തികൾ. മൊട്ടുസൂചിമുതൽ ആഡംബര കാറുകൾ വരെ വിൽക്കുന്ന കടകൾക്ക് മുന്നിലും, വൃത്തിയുള്ള ഫുട്പാത്തുകളിൽ കളിപ്പാട്ടങ്ങളും പഴയ പുസ്തകങ്ങളും കൌതുക വസുതുക്കളും തുണിത്തരങ്ങളും പഴങ്ങളും വിൽക്കുന്നവരുടെ മുന്നിലും സദാ പുകയുന്ന അഗർബത്തികൾ.

മല്ലേശ്വരം ‘എ’ സ്ട്രീറ്റിലുള്ള ഞങ്ങളൂടെ ഓഫീസിൽ നിന്നും ബസ്സ്സ്റ്റോപിലേക്ക് കഷ്ടിച്ച് അരകിലോമീറ്റർ ദൂരമേ കാണു. വൈകുന്നേരത്തെ തെരുവ് തിരക്കുകളിലൂടെ നടക്കാനാണ് എനിക്ക് ഇഷ്ടമെങ്കിലും ബാഷ നിർബ്ബന്ധിച്ച് എന്നെ അവന്റെ സ്കൂട്ടറിൽ കയറ്റി ബസ്സ് സ്റ്റോപ്പിൽ ഇറക്കി വിടും. മത്തിക്കരയിൽ അവന്റെ ബാപുവിന്റെ സോഫ റിപ്പയർ വർൿഷോപ്പിൽ അദ്ദേഹത്തെ സഹായിക്കാൻ രാത്രി അവന് കൂടേണ്ടതുകൊണ്ട് അവൻ ധൃതിവച്ച് ഓടിച്ച് പോകും.

അപൂർവ്വം വൈകുന്നേരങ്ങളിൽ സ്കൂട്ടർ എവിടെയെങ്കിലും പാർക്ക് ചെയ്ത് മല്ലേശ്വരത്തെ തെരുവുകളിലൂടെ നടക്കാൻ ബാഷ എന്റെ കൂടെ കൂടും. മസാല ചേർത്ത് പുഴുങ്ങിയ നിലക്കടലയോ ചോളമോ തിന്നുകൊണ്ട് തെരുവുകാഴ്ചകൾ കണ്ട് നടന്ന്  സായിബാബയുടെ മഠത്തിന് മുന്നിലെ അരമതിലിലോ കുട്ടികളെ ക്രിക്കറ്റ് പഠിപ്പിക്കുന്ന മൈതാനത്തിന്റെ കല്പടവുകളിലോ വർത്തമാനവും പറഞ്ഞ് ഞങ്ങൾ കുത്തിയിരിക്കും.  അയ്യങ്കാർ ടിഫിനിലെ കടുപ്പത്തിലുള്ള ഓരോ കപ്പ് കാപ്പിയ്ക്കും ഒന്നോ രണ്ടോ സിഗരട്ടുകൾക്കും ശേഷം അവൻ മത്തിക്കരയിലേയ്ക്ക് സ്കൂട്ടറിലും ഞാൻ പീനിയയിലേയ്ക്ക് ബിടിഎസ്സിലും മടങ്ങും.

അവന്റെ രണ്ട് സഹോദരികളുള്ളതിൽ മൂത്തവളുടെ വിവാഹാലോചന വന്നപ്പോൾ രണ്ട് ലക്ഷം രൂപയാണ് വരദക്ഷിണ ചോദിച്ചത്. പയ്യന് ശിവാജി നഗറിൽ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കടയുണ്ട്.  ഒടുവിൽ ഒന്നരലക്ഷം രൂപയിലും അവന്റെ ബജാജ് ചേതക് സ്കൂട്ടറിലും വിവാഹം ഉറപ്പിച്ചു.

“സ്കൂട്ടർ പിന്നെയും വാങ്ങാലോ, ഹേ നാ ഭായി?”; ബഹന്റെ വിവാഹമാണ് അവന്റെ സന്തോഷം.

അവന്റെ സ്കൂട്ടർ കൊടുക്കുന്നതിൽ ബാപുവിന് വിഷമമുണ്ട്. വരദക്ഷിണയ്ക്ക് മാത്രമല്ല കല്യാണ ചിലവുകൾക്കും പണം കണ്ടത്തേണ്ടതുണ്ട്. പോസ്റ്റ് ഗ്രാഡുവേഷന് പഠിക്കുന്ന സഹോദരി മുഖം വീർപ്പിച്ചു;

“ഭയ്യയുടെ സ്കൂട്ടറും ഇല്ലാത്ത കാശും കൊടുത്തുള്ള വിവാഹം എനിക്ക് വേണ്ട”

“നീ അതൊന്നും അലോചിക്കേണ്ട”; ബാപു മകളെ സമാധാനിപ്പിച്ചു; “കാറ് വരദക്ഷിണയായി വാങ്ങിയായിരിക്കും നിന്റെ ഭയ്യ വിവാഹം കഴിക്കുക”

അയ്യങ്കാർ ടിഫിനിലെ ഇരുമ്പു കസേരകളിലിരുന്ന് കാപ്പി കുടിക്കുമ്പോൾ ഞാൻ ബാഷയോട് ചോദിച്ചു;
“അങ്ങിനെ തന്നെയായിരിക്കുമോ നീ വിവാഹം കഴിക്കുക?”
“എനിക്കറിയില്ല യാർ. വരദക്ഷിണവാങ്ങാതെയുള്ള വിവാഹം ഞങ്ങളുടെയിടയിൽ പതിവില്ല...”

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...