ബികോംകാരുടെ ശല്യം ഇനിയും സഹിക്കാന്‍ വയ്യെന്ന അവസ്ഥയെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഒരു സര്‍ക്കുലര്‍ ഇറക്കി-
'മേലില്‍ ബികോം ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മെയിന്‍ ബ്ലോക്കില്‍ പ്രവേശിക്കരുത്, പ്രവേശിച്ചാല്‍ സസ്പെന്‍ഷനടക്കമുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരും'
'മേലില്‍ ബികോം ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മെയിന്‍ ബ്ലോക്കില്‍ പ്രവേശിക്കരുത്, പ്രവേശിച്ചാല്‍ സസ്പെന്‍ഷനടക്കമുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരും'
രാവിലെതന്നെ നോട്ടീസ് വായിച്ച് ഞങ്ങള്‍ ബികോം ക്ലാസ്സില്‍ ഇതികര്‍ത്തവ്യമൂഡരായി ഇരുന്നു.
മെയിന്‍ ബ്ലോക്കില്‍ പ്രവേശിക്കരുത് എന്ന് പറയുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്മഹത്യയ്ക്ക് തുല്യമാണു. പലരുടെയും നിലവിലുള്ള ലൈനുകളും വീഴാനിരിക്കുന്ന ലൈനുകളൂം അവിടെയാണു. ഇതൊക്കെയും വേണ്ടെന്ന് വയ്ക്കാം, ആ ഇടനാഴിയിലൂടെ നടക്കരുത് എന്ന് പറയുന്നത് ഞങ്ങള്‍ക്ക് സങ്കല്പിക്കാന്‍ പോലുമാവില്ലായിരുന്നു.
"നിങ്ങളൊക്കെ എന്ത് മൊയന്തമ്മാരാണു! ഇത് കൊമേഴ്സിലെ ആണ്‍കുട്ടികളെ ഒതുക്കാനുള്ള നീക്കമാണു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയേ പറ്റൂ"; ബികോം ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ഇളകി വന്ന്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടി. ഞങ്ങള്‍ ചാര്‍ജ്ജായി. കരിങ്കൊടി കെട്ടാനും, നെഞ്ചില്‍ കുത്താനുമുള്ള കറുത്ത ബാഡ്ജുകള്‍ക്കുമായി പെണ്‍കുട്ടികള്‍ അവരുടെ കറുത്ത ഷാളുകള്‍ സംഭാവന നല്‍കി. പത്ത്പൈസാപോലും ചോദിച്ചാല്‍ തരാത്ത പലപെണ്‍കുട്ടികളും ഒന്നും രണ്ടും രൂപ സംഭാവന തന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. കരിങ്കൊടികള്‍ വഹിച്ച്, വായമൂടിക്കെട്ടി പെണ്‍കുട്ടികളടക്കം ഞങ്ങള്‍ മൗനജാഥയായി മെയിന്‍ ബ്ലോക്കിലേക്ക് നീങ്ങി. പ്രിന്‍സിപ്പല്‍ ചൂരല്‍ വടിയുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണു. നിന്റെയൊക്കെ പേരെഴുതിയെടുത്ത് സസ്പെന്‍ഡ് ചെയ്തുകളയുമെന്ന ഭാവത്തില്‍ ചില നോണ്‍ടീച്ചിംഗ് സ്റ്റാഫംഗങ്ങള്‍ കടലാസ്സില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച്കൊണ്ട് ഗൗരവം നടിച്ച് പ്രിന്‍സിപ്പലിനു പിന്നില്‍ നടക്കുന്നു. കരിനിയമം പിന്‍വലിക്കാതെ പിരിയില്ല എന്ന വാശിയില്‍ ഞങ്ങള്‍ വരാന്തയില്‍ കുത്തിയിരുന്നു. ഒടുവില്‍ ചില അദ്ധ്യാപകര്‍ ഇടപെട്ട് പ്രിന്‍സിപ്പലിനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
No comments:
Post a Comment