
അനിയത്തി റാബിയയുടെ കല്ല്യാണം നിശ്ചയിച്ചപ്പോള്‍ മുസ്തഫ എനിക്കെഴുതി;
“കാശിനിത്തിരി ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് ഞാന്‍ വരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാനക്കൂലിയും കൂടി വീട്ടിലേയ്ക്ക് അയച്ച് കൊടുക്കാമല്ലോ. പക്ഷേ നീയവിടെ ഉണ്ടാവണം, എനിക്ക് പകരമായി”
റാബിയയുടെ കല്ല്യാണത്തലേന്ന് വരന്റെ വീട്ടില്‍ നിന്ന് വന്ന കാരണവന്മാര്‍ക്ക് കൈനീട്ടി ഉറപ്പ് കൊടുക്കാനൊരുങ്ങുമ്പോള്‍ വെള്ളത്താടിയും മുടിയുമുള്ള മൊല്ലാക്ക ചോദിച്ചു;
“ആങ്ങളയുടെ സ്ഥാനത്ത് ആരാ നിക്കുന്നത്?”
മുസ്തഫയുടെ ഉമ്മ എന്നെ കാരണവന്മാരുടെ ഇടയിലേക്ക് പതുക്കെ തള്ളി;
“ഇദാ, ഇവിടുണ്ട്. മനു, മുത്തൂന്റെ കൂട്ടുകാരനാ”
മൊല്ലാക്കയുടെയും കാരണവന്മാരുടെയും കൈകളില്‍ എന്റെ കൈ കൂടെ ചേര്‍ത്ത് വച്ച് എന്തൊക്കെയോ ജപിച്ച്, എല്ലാവരും പ്രാര്‍ത്ഥന നിമഗ്നരായി ഇരിക്കുമ്പോള്‍, എന്തോ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
*
ജോലി ചെയ്യുന്ന കമ്പനിയുടെ പത്ത് ദിവസത്തെ ഒരു ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ബാംഗ്ലൂരില്‍ നിന്നും ഞാന്‍ ബോംബെയിലെത്താന്‍ ചില ഔദ്യോഗിക കാരണങ്ങളാല്‍ രണ്ട് ദിവസം വൈകി.
ഗസ്റ്റ് ഹൌസിലെ മൂന്നാമത്തെ നിലയിലെ എനിക്ക് അനുവദിച്ചിട്ടുള്ള ഷേറിംഗ് അക്കമഡേഷന്‍ മുറിയുടെ ചാരിയ വാതില്‍ ഞാന്‍ പതുക്കെ തള്ളി തുറന്നപ്പോള്‍ വെള്ള പൈജാമയും ജുബ്ബയും ധരിച്ച ഒരാള്‍ നിലത്ത് വിരിച്ച ഷീറ്റില്‍ ഇരുന്ന് നിസ്കരിക്കുന്നു.
നിസ്കാരം കഴിയുന്നത് വരെ കാത്തിരുന്ന് ഞാന്‍ ഉള്ളില്‍ കയറി സ്വയം പരിചയപ്പെടുത്തി.
“ജിലന്‍”; നിലത്ത് വിരിച്ച ഷീറ്റ് തിടുക്കത്തില്‍ വലിച്ചെടുത്ത് മടക്കുന്നതിന്നിടയില്‍ എന്റെ സഹമുറിയനും സ്വയം പരിചയപ്പെടുത്തി. ജിലന്‍ ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്നുമാണ്.
തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ട്രെയിനിംഗ് ക്ലാസ്സിലും ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും ഞാന്‍ ജിലന്ന് ഒരുമിച്ചായിരുന്നുവെങ്കിലും അവന്‍ എന്തോ ഒരു അകല്‍ച്ച കാണിക്കുന്നത് പോലെ എനിക്ക് തോന്നി. എങ്കിലും മറ്റ് നോര്‍ത്തിന്ത്യന്‍ സഹട്രെയിനികളെക്കാള്‍ ഭേദം. ഞായറാഴ്ച ട്രെയിനിംഗ് ഇല്ല. ശനിയാഴ്ച വൈകീട്ട് ഞാന്‍ ജിലന്നോട് പറഞ്ഞു;
“ഡിന്നര്‍ ഇന്ന് നമുക്ക് വേറെ വല്ലിടത്തും ആക്കാം.”
അടുത്തായുള്ള ഒരു ബാര്‍ റെസ്റ്റോറന്റിന് മുന്നില്‍ ഓട്ടോ ഇറങ്ങിയപ്പോള്‍ ജിലന്‍ പറഞ്ഞു;
“ഐ ഡോണ്ട് ഡ്രിംഗ്”
നീ കുടിക്കേണ്ട, ഞാന്‍ കുടിച്ചോളാം നീ കഴിച്ചാല്‍ മതി എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ച് ഞങ്ങള്‍ ഒരു മൂലയില്‍ ഇരിപ്പായി. ഭക്ഷണം കഴിക്കുന്നതിന്നിടയില്‍ ജിലന്‍ അവന്റെ നാടിനെക്കുറിച്ചും വീടിനെയും വീട്ടുകാരെയും കുറിച്ചും ഭാവിയെക്കുറിച്ചുള്ള അവന്റെ പ്രതീക്ഷകളെ കുറിച്ചും എന്നോട് സംസാരിച്ചു.
ഭക്ഷണം കഴിഞ്ഞ്, നിലാവ് വീണ വസൈയിലെ നിരത്തിലൂടെ തിരിച്ച് ഗസ്റ്റ് ഹൌസിലേയ്ക്ക് നടക്കുമ്പോള്‍ ഒന്നറച്ച് കൊണ്ട് ജിലന്‍ എന്നോട് ഹിന്ദിയില്‍ ചോദിച്ചു;
“താങ്കള്‍ എന്റെ കൂടെ താമസിക്കാന്‍ നിര്‍ബ്ബന്ധിതനായതാണോ?”
“എന്തിന്? ആര് നിര്‍ബ്ബന്ധിക്കാന്‍?”
“മറ്റ് മുറികളെല്ലാം ഒക്കുപ്പൈഡ് ആയിപ്പോയത് കൊണ്ട്”
“എനിക്ക് മനസ്സിലാവുന്നില്ല. ജിലന്‍ എന്താണ് ഉദ്ദേശിക്കുന്നത്?”
“ആ മുറിയില്‍ നിങ്ങള്‍ക്ക് മുന്‍പേ വന്നവരെല്ലാം പെട്ടന്ന് തന്നെ മറ്റ് മുറികളിലേയ്ക്ക് മാറുകയായിരുന്നു”
“എന്തായിരുന്നു കാര്യം?”
ജിലന്‍ തെല്ലിട സംസാരിച്ചില്ല.
“ഞാനൊരു മുസ്ലീം ആയത് കൊണ്ടാവാം”
ജിലന്റെ കൈ കോര്‍ത്ത് പിടിച്ച് ഒരു പരിചയവുമില്ലാത്ത ബോംബെയിലെ ആ തെരുവിലൂടെ നടക്കുമ്പോഴും എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

