
തുലാവര്‍ഷം തകര്‍ത്ത് പെയതവസാനിച്ച ഒരു ദിവസം സന്ധ്യയ്ക്ക് മക്കള്‍ക്കൊപ്പം നിരത്തിലൂടെ നടക്കുമ്പോള്‍ തെരുവുവിളക്കിന് ചുറ്റും മഴപ്പാറ്റകളുടെ പ്രളയം. രണ്ട് വയസ്സ്കാരി കുഞ്ഞുമോള്‍ എന്ത് കണ്ടാലും ചോദിക്കുന്ന സ്ഥിരം ചോദ്യം ചോദിച്ചു;
“ദെന്നാ ച്ചീ”; ചേച്ചിയോടാണ് ചോദ്യം.
“മഴപ്പാറ്റ. നീ പറയ്”
“യ..പറ്റ”; കുഞ്ഞുമോള്‍ അവളുടെ ഭാഷയില്‍ ചേച്ചി പറഞ്ഞ് കൊടുത്തത് ആവര്‍ത്തിച്ചു.
“ഇത്രേം പെട്ടന്ന് ഇതെവിടെനിന്നാണ് വരുന്നത് അച്ഛാ?”; ചേച്ചി എനിക്ക് നേരെ തിരിഞ്ഞു.
ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്, മഴ പെട്ടന്ന് പെയ്തൊഴിയുമ്പോള്‍ മണ്ണിനടിയില്‍ നിന്നും വെളിച്ചം ലക്ഷയമാക്കി പറന്നുയര്‍ന്ന് വരുന്നതാണ് മഴപാറ്റകളെന്ന്. നിലവിളക്കിലെയും, മഴപെയ്ത് കറണ്ട് പോവുമ്പോള്‍ കത്തിച്ച് വയ്ക്കാറുള്ള മണ്ണെണ്ണ വിളക്കിലെയും തിരികളില്‍ പറന്ന് വീണ് ചിറക് കരിഞ്ഞ് പിടയുന്ന മഴപാറ്റകള്‍ എന്നും ഒരത്ഭുതം തന്നെയായിരുന്നു.
നിമിഷ നേരം മാത്രം നീണ്ട് നില്‍ക്കുന്ന ജീവന്‍, കുറെ നേര്‍ത്ത ചിറകുകള്‍ മാത്രം ബാക്കി വച്ച് വന്നത് പോലെ അവസാനിച്ച് പോകുന്ന മഴപാറ്റകള്‍.