*ഒന്ന്
ഒരു തുടക്കം ആണ്.
'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.
വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ തുടക്കം ആണോ എന്ന ഭയം അറിയാതെ ഉള്ളിൽ എവിടെയോ തല പൊക്കുന്നതും അർത്ഥം വച്ച് എന്നെ നോക്കി ചിരിക്കുന്നതും ഒക്കെ ഞാൻ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഇന്നലെ രാത്രിയിലെ സംഭവങ്ങൾ ബാക്കി വച്ച ഉറക്കകനവും, ഇന്ന് കാലത്ത് മുതൽ പോലീസ് പാസിനായുള്ള ഓട്ടവും ഒക്കെ കൂടെ തല പിളർക്കുന്ന വേദന ആയിരുന്നു ഇങ്ങോട്ടുള്ള യാത്രയിൽ മുഴുവനും. വയനാട്ടിലേക്കുള്ള ചുരം കയറി മേലെ എത്തിയത് പോലും ഞാൻ അറിഞ്ഞില്ല. കാര്യങ്ങൾ എവിടെ ചെന്നെത്തും എന്ന അനിശ്ചിതത്വവും ഭീതിയും എന്നെ വല്ലാതെ ഗ്രസിച്ചിരിക്കുകയായിരുന്നു. ഇക്കാലത്തിനിടയിൽ ആദ്യമായാണ് ചുരത്തിൽ ഇറങ്ങി കാഴ്ചകൾ കാണാതെ ഉള്ള ഒരു വയനാട് യാത്ര.
കരൾ പിളരുന്ന അനുഭവങ്ങളുടെയും ഭ്രാന്തൻ സ്വപ്നങ്ങളുടെയും ഉറക്കമില്ലാത്ത രാത്രിയുടെയും ദിവസമായി ശിഷ്ടകാലം മുഴുവൻ ഈ ദിനം എന്നെ വേട്ടയാടിക്കൊണ്ടിരിക്കും
*രണ്ട്
ഇന്നലെ ഉറങ്ങിയിരുന്നോ, അറിയില്ല. ഭക്ഷണം കഴിച്ചോ, അറിയില്ല. ജീവിച്ചിരുന്നോ എന്ന് ചോദിച്ചാൽ പോലും അറിയില്ല എന്നതായാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്. ദുസ്വപ്നങ്ങൾ കണ്ടുണരുന്ന രാവിലെകളിൽ അതൊരു സ്വപ്നം മാത്രമായിരുന്നു എന്നറിയുമ്പോൾ ഉള്ള ആശ്വാസം പോലെ അല്ല, ഇന്നലത്തേത് എന്ന തിരിച്ചറിവ് എൻ്റെ നാഡികളെ മരവിപ്പിക്കുന്നു. തലക്കുള്ളിൽ വെട്ടുന്ന മിന്നൽ പിണരുകൾ കൊടും വേദനയായി എന്റെ പ്രാണൻ എടുക്കുന്നത് പോലെ തോനുന്നു. ഇന്നും നാളെയും എന്നല്ല, ഇനി എല്ലാ നാളുകളും അശാന്തിയുടെയും ദുഃഖത്തിന്റെയും ആവുമെന്ന് എനിക്ക് അറിയാം.
എനിക്ക് വിധിച്ച നരകത്തെ കുറിച്ചും ഞാനവിടെ അനുഭവിക്കാൻ പോകുന്നശിക്ഷകളെ കുറിച്ചും അപ്പോഴെനിക്കുണ്ടാകാൻ പോകുന്ന പശ്ചാത്തപത്തെ കുറിച്ചുമുള്ള ശാപവചനങ്ങൾ ഞാൻ കേട്ടു. മരണത്തിനപ്പുറത്തേക്ക് ചിന്തിക്കാത്ത എനിക്കെന്ത് നരക ഭയം. എന്നിട്ടും ആ ശാപത്തിൻ്റെ ഉറവിടത്തെ ഓർക്കുമ്പോൾ ഉള്ള് പുകയുകയാണ്.
രാത്രി. നിശ്ശബ്ദത. ഇരുട്ട്. തണുപ്പ്.
*മൂന്ന്
എന്റേതല്ലാത്ത ഒരു ദിവസത്തിനു മേലേ സൂര്യൻ വെറുതെ ഉദിച്ചു നിൽക്കുന്നത് പോലെയാണ് രാവിലെ ഉണർന്ന് മുറിക്ക് പുറത്ത് വന്നപ്പോൾ എനിക്ക് അനുഭവപ്പെട്ടത്.
രണ്ടറ്റവും ഗ്രിൽ ഇട്ട് പൂട്ടിയ നീണ്ട ഒരു ഇടനാഴിയുടെ ഇങ്ങേ തലക്കുള്ള മുറിയാണ് ഞങ്ങളുടേത്. ഇടനാഴിയുടെ മറുവശത്ത് ചെറിയ അഴികളുള്ള ഗ്രില്ലിട്ട ജനലുകൾക്കിടയിലൂടെ പുറത്തേക്ക് നോക്കിയാൽ സമചതുരത്തിലുള്ള മൂന്ന് നില കെട്ടിടത്തിന്റെ ഉൾഭാഗം കാണാം. എല്ലാ നിലകളുടെയും വരാന്തകൾ തടിച്ച കമ്പിവലകൾ കൊണ്ട് മൂടിയതിനാൽ ഉൾവശത്തെ കാഴ്ചകൾ വ്യക്തമല്ല. ഇതു പോലെ തന്നെ ഇടനാഴികളും ചെറിയ മുറികളും തന്നെ ആയിരിക്കാം അവിടെയും. അശാന്തമായ മനസുകളുടെ ആക്രോശങ്ങളും പരിവേദനങ്ങളും നിശ്വാസങ്ങളും അവിടെയും ഉയരുന്നുണ്ടാവണം.
പുറത്ത് താഴെ സമചതുരത്തിലുള്ള വിശാലമായ മുറ്റം തവിട്ടുംഇളം മഞ്ഞ നിറവുമുള്ള ടൈലുകൾ ഇടവിട്ട് പാകിയ ചെസ്സ് ബോർഡ് പോലെയാണ്. അന്തേവാസികൾക്ക് കളിക്കാനായി മുറ്റത്തിന് നടുവിൽ വോളിബോളിനും ഷട്ടിലിനുമുള്ള നെറ്റുകൾ കെട്ടിയിട്ടുണ്ട്. വൈകീട്ടത്തെ ചായക്ക് ശേഷമാണ് കോർട്ടിൽ കളികൾ ആരംഭിക്കുന്നത്.
വൈകുന്നേരം അപ്രതീക്ഷിതമായി കാറ്റിനും ഇടിമിന്നലിനുമൊപ്പം കുറച്ചധികം നേരം കനത്ത മഴ പെയ്തു.
ഇന്ന് സന്ധ്യാ പ്രാർഥനയുടെ അവസാനം ഒരു നഴ്സ്, 'എന്നമ്മയെ ഞാൻ ഓർക്കുമ്പോൾ മാതാവേ...' എന്ന് തുടങ്ങുന്ന, ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ലാത്ത ഒരു ഗാനം മനോഹരമായി പാടുകയുണ്ടായി. നേരം ഇരുട്ടി ഇത്ര കഴിഞ്ഞിട്ടും നിശ്ശബ്ദതയിൽ ആ ഗാനം പിന്നെയും പിന്നെയും ഇവിടെ അലയടിക്കുന്നതായി അനുഭവപ്പെടുന്നു.
മഴ പെയ്തത് കൊണ്ടാവാം, നല്ല തണുപ്പ്.
*നാല്
ഒരു രാത്രി കൊണ്ടല്ല നേരം പുലരുന്നത്, നൂറ്റാണ്ടുകൾ എടുത്താണ് റോമാ സാമ്രാജ്യം ഉണ്ടായത് എന്നൊക്കെയുള്ള ചൊല്ലുകളുണ്ട്. മഹാത്ഭുതങ്ങൾ പൊടുന്നനെ പ്രതീക്ഷിക്കരുത്, അത്ര തന്നെ.
അജ്ഞാതമായ കാരണങ്ങൾ കാരണം മനസിൻ്റെ കടിഞ്ഞാണ് വിട്ടു പോയവരാണ്. ചെറുപ്പക്കാരുണ്ട്, വൃദ്ധരും മധ്യവയസ്കരുമായവരുണ്ട്. ആണുങ്ങളും, പെണ്ണുങ്ങളും.
എല്ലാവർക്കും ഒരേഭാവമാണ്. അതോ എനിക്ക് തോന്നുന്നതോ. അവർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. മുറ്റത്തിന് വശങ്ങളിലെ ബെഞ്ചുകളിൽ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. പരസ്പരം സംസാരിക്കുന്നു. ഇടക്ക് എല്ലാവരും എങ്ങോട്ടോ അപ്രത്യക്ഷമാകുന്നു.
ഇന്നലത്തെ ഗായകനെ ഇന്ന് മുറിയിൽ മരുന്നുമായി വന്നപ്പോൾ കണ്ടു. നന്നായി പാടി എന്ന് അഭിനന്ദിച്ചപ്പോൾ അവൻ വിനീതമായി ചിരിച്ചു.
ഇന്ന് രാത്രിയും മഴ പെയ്തു. അൽപ സമയത്തേക്ക് വൈദ്യതി പോയപ്പോൾ പുറത്തെ ഇരുട്ടിൽ എവിടെയോ ഒരു മിന്നാമിന്നി പറന്നകന്നു.
*അഞ്ച്
എവിടെയോ സമാധാനത്തിൽ കിടന്ന് ഉറങ്ങുന്ന എന്നെ തന്നെ സ്വപ്നം കണ്ടാണ് രാവിലെ ഉണർന്നത്. ആരാണ് സമാധാനം ആഗ്രഹിക്കാത്തത്. അതും ഈ അവസ്ഥയിൽ.
ചെറിയ മാറ്റങ്ങൾ ഇന്ന് കണ്ട് തുടങ്ങിയിട്ടുണ്ട്. ഇവിടെ വന്നതിൽ പിന്നെ ഇന്ന് ഉച്ചക്ക് കുറച്ചു നേരം നന്നായി ഉറങ്ങി. ഉണർന്ന് ഇടനാഴിയിൽ വന്ന് നിന്നപ്പോൾ ദൂരെ പശ്ചിമഘട്ടത്തിലെ തല ഉയർത്തി നിൽക്കുന്ന മലകൾക്കിടയിൽ രക്ത വർണ്ണത്തിലുള്ള സൂര്യൻ താഴ്ന്ന് പോകുന്നു. സൂര്യൻ അസ്തമിച്ചിട്ടും ചക്രവാളത്തിൽ കുറെ നേരം കൂടെ ചുവപ്പ് നിറം പടർന്ന് കിടന്നു.
ഇന്ന് സന്ധ്യയ്ക്കും മഴ ചെറുതായി ചാറി. രാത്രി അത്ഭുതപ്പെടുത്തിക്കൊണ്ടു ജനലിന് പുറത്ത് നിലാവിനെ മറച്ച് കോട ഇറങ്ങി. നല്ല തണുപ്പ്. മറ്റൊരു അവസരമായിരുന്നെങ്കിൽ മൂടിപ്പുതച്ചു മതികെട്ട് ഉറങ്ങിയേനെ.
*ആറ്
ഇന്നലെ അല്ല, ഇന്ന്. ഒരു പുഴയിൽ രണ്ടാമതൊരിക്കൽ കുളിക്കാൻ ആർക്കും കഴിയില്ല. ഒഴുകുന്ന വെള്ളത്തിൽ ഓരോ മുങ്ങിനിവരലും പുതിയ വെള്ളത്തിലേക്കാണ്. അത് കൊണ്ട് തന്നെ പുതിയ പുഴയിലുമാണ്.
തികച്ചും മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും ആയിരുന്നു ഇന്നത്തെ അനുഭവങ്ങൾ. പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ നല്ല രീതിയൽ അല്ല നീങ്ങുന്നത് എന്നത് നിസ്സഹായതയോടെ ഞാൻ അറിയുന്നുണ്ട്.
ഉത്തരവാദിത്വമുണ്ട്. സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. വികരാധീനനാവരുത് എന്നുണ്ട്. എനിക്ക് തോന്നില്ല എന്റെ ക്ഷമ എന്നെ അനുവദിക്കുമെന്ന്.
അയാൾ ഇന്നും പാടിയിയുന്നു. അപ്പോൾ പാട്ടിലല്ല, ഇന്നിനി എന്താണ് നടക്കാൻ പോകുന്നത് എന്ന ആധിയിലായിരുന്നു ഞാൻ.