
അമ്പലപ്പറമ്പിലൂടെ നായ ഓടിക്കുന്നത്, അമ്മയുടെ വീട്ടിലെ താഴെ കണ്ടത്തിലെ പൊട്ടക്കിണറിലേയ്ക്ക് വീഴുന്നത്, വൃത്തിയില്ലാത്ത ഒരു കക്കൂസിൽ പോകാൻ നിർബ്ബന്ധിതനായി അതിലെ പൈപ്പിൽ വെള്ളമില്ലാത്തത് കാരണം മിഴിച്ചിരിക്കുന്നത്, പരീക്ഷാഹാളിൽ ഒരു ഉത്തരം പോലും അറിയാത്ത ചോദ്യപ്പേപ്പറും പിടിച്ച് അന്തം വിട്ടിരിക്കുന്നത്....
ഇതൊക്കെയാണ് സാധാരണയായി ഞാൻ ഉറക്കത്തിൽ കാണാറുള്ള സ്ഥിരം സ്വപ്നങ്ങൾ. പണ്ടൊക്കെ ഇതെല്ലാം യാഥാർത്ഥ്യമാണെന്ന് കരുതി ഉറക്കത്തിൽ കൈകാലിട്ടടിക്കുന്നതും കിതയ്ക്കുന്നതും നിലവിളിക്കുന്നതുമൊക്കെ പതിവായിരുന്നു. ഇപ്പൊഴാണെങ്കിൽ തുടക്കത്തിൽ തന്നെ ഞാൻ സ്വപ്നം കാണുകയാണ് എന്ന തിരിച്ചറിവ് ഉണ്ട് എങ്കിലും മേൽപ്പറഞ്ഞ ഏതെങ്കിലും ഒരു സ്വപ്നം മിക്കവാറും ദിവസങ്ങളിൽ കാണുന്നുണ്ട്.
പക്ഷേ ഒരിക്കൽ കണ്ട ഒരു സ്വപ്നം മാത്രം വേറിട്ട് നിൽക്കുന്നു, ഇപ്പൊഴും എന്നെ അത്ഭുതപ്പെടുത്തുന്നു.
ഒരു പെരുമഴയത്ത് ഞാനൊരു മല കയറുകയാണ്. കുത്തനെയുള്ള കയറ്റം. പാറക്കെട്ടുകൾക്കും മുൾച്ചെടികൾക്കും ഉയരത്തിൽ വളർന്ന് നിൽക്കുന്ന പുല്ലുകൾക്കും ഇടയിലൂടെയുള്ള വഴി. മേലോട്ട് എത്തും തോറും കാടിന്റെ നിബിഡത കൂടിക്കൂടി വരികയാണ്. നേരം ഉച്ച തിരിഞ്ഞതേയുള്ളുവെങ്കിലും മഴയും മഴക്കാറും കാരണം സന്ധ്യയായതിന്റെ പ്രതീതി. എന്റെ കൂട്ടുകാർ ആരൊക്കെയോ എനിക്ക് പിന്നിലായി മല കേറുന്നുണ്ട്. എല്ലാവരും എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് പറയുന്നുണ്ടെങ്കിലും മഴയുടെയും കാറ്റിന്റെയും ശബ്ദം കാരണം ഒന്നും വ്യക്തമല്ല.
വളരെ വേഗത്തിൽ എല്ലാവർക്കും മുന്നിലായാണ് എന്റെ മല കയറ്റം. എത്രയും വേഗം ഉച്ചിയിൽ എത്തുക എന്നത് മാത്രമായിരുന്നും എന്റെ ചിന്ത. ചിലയിടങ്ങളിൽ കാൽ തെറ്റി വീണതും കള്ളി മുള്ളുകളിൽ കുടുങ്ങി കൈകാലുകൾ വേദനിച്ചതൊന്നും ഞാൻ കൂട്ടാക്കിയില്ല.
ഒടുവിൽ മലമുകളിലെത്തുമ്പോഴേയ്കും മഴയും കാറ്റും നിലച്ചിരുന്നു. മേഘങ്ങൾക്കിടയിലൂടെ സായാഹ്ന സൂര്യൻ തെളിഞ്ഞ് വന്നു. നനഞ്ഞ നേരിയ കാറ്റ്. മലയുടെ ഉച്ചി വിശാലമായ പുല്ല് നിറഞ്ഞ ഒരു മൈതാനം പോലെയായിരുന്നു. അങ്ങേത്തലയ്ക്ക് നിബിഡമായ കാട്. മൈതാനത്തിന്റെ ഒത്ത നടുവിലായി ഒരു ചെറിയ കുളത്തിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളം...
വർഷങ്ങൾക്ക് ശേഷം പഴയ കുറച്ച് കോളെജ് സുഹൃത്തുക്കളുമായി വയനാട്ടിൽ ഒരു ഉച്ചയ്ക്ക് ചെമ്പ്ര മലകേറാൻ തുടങ്ങുമ്പോഴേയ്ക്കും പൊടുന്നനെയെന്ന പോലെ പെരുമഴയും കാറ്റും...ഓരോ കാൽച്ചുവടിലും ഞാനെപ്പോഴോ ഈ വഴി പോയതാണെന്ന് എനിക്കുറപ്പ്. അതേ കയറ്റം, അതേ പാറക്കെട്ടുകളും മുൾച്ചെടികളും ഉയരത്തിൽ വളർന്ന് നിൽക്കുന്ന പുല്ലുകളും...
ഒടുവിൽ മല മുകളിലെത്തിയപ്പോഴേയ്ക്കും എനിക്കുറപ്പായി, ഞാനെപ്പൊഴോ സ്വപ്നത്തിൽ കണ്ട അതേ യാത്ര. അതേ സ്ഥലം..!!

