Saturday, May 24, 2008

വേറിട്ടൊരു സ്വപ്നം


അമ്പലപ്പറമ്പിലൂടെ നായ ഓടിക്കുന്നത്, അമ്മയുടെ വീട്ടിലെ താഴെ കണ്ടത്തിലെ പൊട്ടക്കിണറിലേയ്ക്ക് വീഴുന്നത്, വൃത്തിയില്ലാത്ത ഒരു കക്കൂസിൽ പോകാൻ നിർബ്ബന്ധിതനായി അതിലെ പൈപ്പിൽ വെള്ളമില്ലാത്തത് കാരണം മിഴിച്ചിരിക്കുന്നത്, പരീക്ഷാഹാളിൽ ഒരു ഉത്തരം പോലും അറിയാത്ത ചോദ്യപ്പേപ്പറും പിടിച്ച് അന്തം വിട്ടിരിക്കുന്നത്....

ഇതൊക്കെയാണ് സാധാരണയായി ഞാൻ ഉറക്കത്തിൽ കാണാറുള്ള സ്ഥിരം സ്വപ്നങ്ങൾ. പണ്ടൊക്കെ ഇതെല്ലാം യാഥാർത്ഥ്യമാണെന്ന് കരുതി ഉറക്കത്തിൽ കൈകാലിട്ടടിക്കുന്നതും കിതയ്ക്കുന്നതും നിലവിളിക്കുന്നതുമൊക്കെ പതിവായിരുന്നു. ഇപ്പൊഴാണെങ്കിൽ തുടക്കത്തിൽ തന്നെ ഞാൻ സ്വപ്നം കാണുകയാണ് എന്ന തിരിച്ചറിവ് ഉണ്ട് എങ്കിലും മേൽ‌പ്പറഞ്ഞ ഏതെങ്കിലും ഒരു സ്വപ്നം മിക്കവാറും ദിവസങ്ങളിൽ കാണുന്നുണ്ട്.

പക്ഷേ ഒരിക്കൽ കണ്ട ഒരു സ്വപ്നം മാത്രം വേറിട്ട് നിൽക്കുന്നു, ഇപ്പൊഴും എന്നെ അത്ഭുതപ്പെടുത്തുന്നു.

ഒരു പെരുമഴയത്ത് ഞാനൊരു മല കയറുകയാണ്. കുത്തനെയുള്ള കയറ്റം. പാറക്കെട്ടുകൾക്കും മുൾച്ചെടികൾക്കും ഉയരത്തിൽ വളർന്ന് നിൽക്കുന്ന പുല്ലുകൾക്കും ഇടയിലൂടെയുള്ള വഴി. മേലോട്ട് എത്തും തോറും കാടിന്റെ നിബിഡത കൂടിക്കൂടി വരികയാണ്. നേരം ഉച്ച തിരിഞ്ഞതേയുള്ളുവെങ്കിലും മഴയും മഴക്കാറും കാരണം സന്ധ്യയായതിന്റെ പ്രതീതി. എന്റെ കൂട്ടുകാർ ആരൊക്കെയോ എനിക്ക് പിന്നിലായി മല കേറുന്നുണ്ട്. എല്ലാവരും എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് പറയുന്നുണ്ടെങ്കിലും മഴയുടെയും കാറ്റിന്റെയും ശബ്ദം കാരണം ഒന്നും വ്യക്തമല്ല.

വളരെ വേഗത്തിൽ എല്ലാവർക്കും മുന്നിലായാണ് എന്റെ മല കയറ്റം. എത്രയും വേഗം ഉച്ചിയിൽ എത്തുക എന്നത് മാത്രമായിരുന്നും എന്റെ ചിന്ത. ചിലയിടങ്ങളിൽ കാൽ തെറ്റി വീണതും കള്ളി മുള്ളുകളിൽ കുടുങ്ങി കൈകാലുകൾ വേദനിച്ചതൊന്നും ഞാൻ കൂട്ടാക്കിയില്ല.

ഒടുവിൽ മലമുകളിലെത്തുമ്പോഴേയ്കും മഴയും കാറ്റും നിലച്ചിരുന്നു. മേഘങ്ങൾക്കിടയിലൂടെ സായാഹ്ന സൂര്യൻ തെളിഞ്ഞ് വന്നു. നനഞ്ഞ നേരിയ കാറ്റ്. മലയുടെ ഉച്ചി വിശാലമായ പുല്ല് നിറഞ്ഞ ഒരു മൈതാനം പോലെയായിരുന്നു. അങ്ങേത്തലയ്ക്ക് നിബിഡമായ കാട്. മൈതാനത്തിന്റെ ഒത്ത നടുവിലായി ഒരു ചെറിയ കുളത്തിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളം...

വർഷങ്ങൾക്ക് ശേഷം പഴയ കുറച്ച് കോളെജ് സുഹൃത്തുക്കളുമായി വയനാട്ടിൽ ഒരു ഉച്ചയ്ക്ക് ചെമ്പ്ര മലകേറാൻ തുടങ്ങുമ്പോഴേയ്ക്കും പൊടുന്നനെയെന്ന പോലെ പെരുമഴയും കാറ്റും...ഓരോ കാൽച്ചുവടിലും ഞാനെപ്പോഴോ ഈ വഴി പോയതാണെന്ന് എനിക്കുറപ്പ്. അതേ കയറ്റം, അതേ പാറക്കെട്ടുകളും മുൾച്ചെടികളും ഉയരത്തിൽ വളർന്ന് നിൽക്കുന്ന പുല്ലുകളും...

ഒടുവിൽ മല മുകളിലെത്തിയപ്പോഴേയ്ക്കും എനിക്കുറപ്പായി, ഞാനെപ്പൊഴോ സ്വപ്നത്തിൽ കണ്ട അതേ യാത്ര. അതേ സ്ഥലം..!!

7 comments:

  1. ആളെ പേടിപ്പിക്കാതെ , സ്വപ്നത്തില്‍ കണ്ടത് നടക്കുമെന്നാല്‍ എന്‍‌റ്റെ കാര്യം ....
    (ഈയിടെ മിക്ക ദിവസവും ഞാന്‍ പാമ്പുകളെ സ്വപ്നം കാണുന്നു.

    ReplyDelete
  2. മനോജ് , ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യം ക്ഷമയോടെ കേള്‍ക്കണം. നമ്മള്‍ അന്വേഷിച്ചു കൊണ്ടിരൂന്ന ആ മനോരോഗി തറവാടി അല്ല.ആ മനോരോഗി മനോജാണെന്ന സത്യം ദുഖത്തോടെ ഞാന്‍ മനസ്സിലാക്കി.
    “നാള്യ്ക്കു ദുര്‍ഗാഷ്ടമി” എന്നു ഉറക്കത്തില്‍ മനോജ് പറഞ്ഞതു ഞങ്ങളെല്ലാം കേട്ടതാണു.

    ReplyDelete
  3. മനോജ്, എനിയ്ക്കൊരു കൂട്ടായല്ലൊ

    ഇവൈടെ ഈയിടെ അമ്പലത്തില്‍ പോകുന്ന വഴി ഒരു സ്ഥലത്തൂടെ കാര്‍ കടന്നു പോയതും ഞാനൊന്നു ഞെട്ടി. കാരണം വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ സ്ഥലം സ്വപ്നത്തില്‍ കണ്ടിരുന്നു ഞാന്‍.

    അതുപോലെ സ്വപ്നത്തില്‍ കണ്ട പല കാര്യങ്ങളും അതേപടി നടക്കൂന്നു.

    കേള്‍ക്കുന്നവര്‍ വിശ്വസിക്കില്ല എന്നറിയാം, എങ്കിലും പറഞ്ഞേ തീരൂ

    ReplyDelete
  4. നിങ്ങളൊക്കെ യഥാര്‍ത്ഥ മനുഷ്യരാണൊ? ഒരുള്‍ ഫയം!

    ReplyDelete
  5. ഞാനും ആഗ്രഹിക്കാറുണ്ട് സ്വപ്നങ്ങള്‍ ഫലിക്കാന്‍....ഓഹ്....നോ രക്ഷ...

    ReplyDelete
  6. തറവാടി, അനിമൽ പ്ലാനറ്റ് കാണുന്നത് നിർത്തിയാൽ തന്നെ പാമ്പുകളെ സ്വപ്നം കാണുന്നത് കുറയും എന്ന് അനുഭവം ;)

    ഹരിത്, പ്രിയ, നിഗൂഡഭൂമി, ശിവ :)

    ReplyDelete
  7. മാഷേ... ശരിയാണ്. ചിലപ്പോഴൊക്കെ എനിയ്ക്കും ഇതു പോലെ ഉള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യമായി ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ കാണുന്ന ചില കാഴ്ചകള്‍ മുന്‍പ് കണ്ടിട്ടുള്ളതു പോലെ തോന്നുന്നതും മറ്റും.
    :)

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...