
നവംബറിന്റെ നഷ്ടം.
മാതൃഭൂമി പത്രത്തില്‍ ആ സിനിമയുടെ പരസ്യം ആദ്യമായി കാണുമ്പോള്‍ ഞാന്‍ എട്ടാം ക്ലാസില്‍.
പദ്മരാജന്റെ സിനിമകള്‍ കാണുന്നത് പിന്നെയും ഏറെ കഴിഞ്ഞായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകളുടെ ആകര്‍ഷണീയതയിലൂടെ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി.
പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം, ഒഴിവുകാലം, ഇതാ ഇവിടെവരെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ദേശാടനക്കിളി കരയാറില്ല, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍, അപരന്‍, മൂന്നാം പക്കം, സീസണ്‍, ഇന്നലെ, ഞാന്‍ ഗന്ധര്‍വ്വന്‍....
പദ്മരാജന്‍ പടങ്ങള്‍ മിക്കവാറും എല്ലാം ആദ്യദിവസം ആദ്യ ഷോ തന്നെ കാണണമെന്നത് എന്റെയും മുസ്തഫയുടെയും ഒരു വാശിയായിരുന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ മുസ്തഫയായിരുന്നു ഒരിക്കല്‍ എന്നോട് പറഞ്ഞത്, നമുക്കൊരിക്കല്‍ പദ്മരാജനെ നേരില്‍ കാണാന്‍ പോകണമെന്ന്, കുറെനേരം സംസാരിക്കണമെന്ന്.
വടകരയില്‍, പദ്മരാജന്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത ഒഴിവുകാലം ഷൂട്ടിംഗ് നടക്കുമ്പോള്‍ ബ്ലൂസ്റ്റാര്‍ ഹോട്ടലിന്ന് മുന്നില്‍ തടിച്ചുകൂടിയിരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് കൊണ്ട്, ഹോട്ടലിലേയ്ക്ക് കയറിപ്പോകുകയായിരുന്ന പദ്മരാജനെ ഞങ്ങള്‍ ഒരു നോക്കുകണ്ടു- ആദ്യമായും അവസാനമായും.
കോഴിക്കോട് വച്ച് പദ്മരാജന്‍ അന്തരിച്ചപ്പോള്‍ മുസ്തഫ ഗള്‍ഫിലായിരുന്നു. അന്ന് അവനെനിക്കെഴുതിയ കത്തിലെ ഒരു വാചകം അദ്ദേഹത്തിന്റെ തന്നെ കരിയിലക്കാറ്റുപോലെ എന്ന പടത്തിലെ ഒരു ഡയലോഗായിരുന്നു-
“ഒരിക്കലെങ്കിലും നേരില്‍ ചെന്ന് കണ്ട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു എഴുത്തുകാരനായിരുന്നു....”
നവംബര്‍ വരുമ്പോള്‍ 'നവംബറിന്റെ നഷ്ടം' എന്ന ആ സിനിമയുടെ പേര് ഓര്‍ക്കും, പദ്മരാജനെ ഓര്‍ക്കും.
