
വൈകുന്നേരം അങ്ങാടിക്ക് നടക്കുമ്പോഴുണ്ട് മുന്നില്‍ രാമേട്ടന്‍.
“ യ്യ് പ്പോ വന്നൂ ? “ ചിരിച്ച് കൊണ്ടുള്ള ചോദ്യം
ഒരു മാറ്റവുമില്ല. തലയില്‍ തോര്‍ത്ത് മുണ്ട് കൊണ്ടുള്ള കെട്ട്, കയ്യില്ലാത്ത, ചെറിയ ചെറിയ ദ്വാരങ്ങള്‍ വീണ ബനിയന്‍, മാടിക്കുത്തിയ കള്ളി മുണ്ട്, ചുണ്ടില്‍ പുകയുന്ന ബീഡി.
നാട്ടിലെ ഒരേ ഒരു ഫാക്ടറിയുടെ ഉടമയായിരുന്നു, രാമേട്ടന്‍. ‘കല്പക സോഡാ ഫാക്ടറി’
മീന്‍ ചാപ്പയുടെ പിന്നില്‍ ഖാദിയുടെ നൂല്‍നൂല്‍പ്പ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന ഒരു പഴയ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കോണിക്കൂടിന് തൊട്ടടുത്ത ഒരു ചെറിയ മുറിയിലായിരുന്നു രാമേട്ടന്റെ ഫാക്ടറി.
മാപ്പിള സ്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സി.കെ ബാബുവാണ് ഒരിക്കല്‍ ‘ഫാക്ടറി’ കാണാന്‍ എന്നെ ആദ്യമായി കൂട്ടി കൊണ്ട് പോയത്.
രണ്ട് മൂന്ന് വലിയ സിമന്റ് വീപ്പയില്‍ പഞ്ചായത്ത് കിണറില്‍ നിന്നും കോരി കൊണ്ടുവന്ന് ഒഴിച്ച് വെച്ച വെള്ളം. വെള്ളം അരിച്ച് സോഡാ കുപ്പിയില്‍ ഒഴിക്കാന്‍ ഉപയോഗിക്കുന്ന മണ്ണിന്റെ നിറമായ കുറച്ച് തുണി കഷ്ണങ്ങള്‍. ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന കുറെ കാലി സോഡാ കുപ്പികള്‍, കാര്‍ബണ്‍ഡൈ ഓക്സൈഡ് നിറച്ച് വച്ച ഒരാള്‍ പൊക്കത്തിലുള്ള ഒരു സിലിണ്ടര്‍. സിലിണ്ടറില്‍ നിന്നും ഗ്യാസ് കുപ്പിയിലേയ്ക്ക് പകരാന്‍ ലിവര്‍ ഉള്ള ഒരു ചെറിയ ‘യന്ത്രം’- ഇതായിരുന്നു രാമേട്ടന്റെ ഫാക്ടറി.
വിതരണവും രാമേട്ടന്‍ തന്നെ. ഒരു പഴയ ഹെര്‍ക്കുലിസ് സൈക്കിളിന്റെ പിന്നില്‍ കെട്ടി വച്ച തക്കാളി പെട്ടിയില്‍ സോഡ കുപ്പികള്‍ അടുക്കി വച്ച് അങ്ങാടിയിലെ കടകളില്‍ എത്തിക്കും.
പത്ത് പൈസ കൊടുത്ത് ഞങ്ങള്‍ ഒരു സോഡ വാങ്ങി. കയ്യിലെ തള്ള വിരല്‍ ഒരു പ്രത്യേക രീതിയില്‍ ചലിപ്പിച്ച് കുപ്പിയിലെ ഗോലി ഇളക്കി ഗ്യാസ് നുരയുന്ന സോഡ രാമേട്ടന്‍ എനിക്ക് നേരെ നീട്ടി.
ഞാന്‍ ആദ്യമായി രുചിച്ച സോഡ.