എപ്പോഴും കേള്‍ക്കാത്ത, എങ്കിലും ഒന്ന് കാതോര്‍ത്താല്‍ കേള്‍ക്കാവുന്ന ഹൃദയത്തുടിപ്പുകള്‍ പോലെ, സദാസമയവും ഓരോരുത്തരുടെയും ഉള്ളില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ചില ഓര്‍മകളുണ്ട്.
സുരേഷ് എനിക്ക് അങ്ങിനെയുള്ള ഒരു ഓര്‍മയാണു.
ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ക്ഷീണിച്ച കണ്ണുകളും, നര കേറിയ താടിമീശയും, കഷണ്ടി കയറിയതുടങ്ങിയ തലയുമായി ഞാന്‍ കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, ഇരുപത്തിനാലുകാരന്റെ ഊര്‍ജ്ജ്വസലതയോടെ, പ്രസരിപ്പേറിയ മുഖവുമായി സുരേഷ് എനിക്ക് തൊട്ടു പിന്നില്‍ നിന്ന് മന്ദഹസിക്കുന്നു. അവനു ജരാനരകളില്ല, അവനെകുറിച്ചുള്ള ഓര്‍മകള്‍ക്കും.
എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണു കഴിഞ്ഞ അവധിക്ക് ഞാന്‍ കൂര്‍മ്മം കുളങ്ങര അമ്പലപ്പറമ്പില്‍ വീണ്ടും ചെല്ലുന്നത്. ഈ തെങ്ങിന്‍ തോപ്പിലെ വോളിബോള്‍ കോര്‍ട്ടില്‍, സുരേഷ് അവന്റെ നാട്ടിലെ കൂട്ടുകാരുമൊത്ത് വോളിബോള്‍ കളിക്കുന്നതും നോക്കി അമ്പലപ്പറമ്പിന്റെ അതിരില്‍ ഞാന്‍ പല വൈകുന്നേരങ്ങളിലും കുത്തിയിരുന്നിട്ടുണ്ട്. ലിഫ്റ്റും സ്മാഷും ഡിഫന്‍ഡുമൊക്കെയായി അവന്‍ കളം നിറഞ്ഞ് കളിക്കുന്നത് കണ്ട് ആനന്ദിച്ചിട്ടുണ്ട്... കളി കഴിഞ്ഞ് അവനൊപ്പം പറമ്പുകളും ഇടവഴികളും കേറിമറിഞ്ഞ് കൊറുമ്പാത്തി കുളത്തിലെ സ്ഫടിക തുല്യമായ വെള്ളത്തില്‍ നീന്തിതുടിച്ചിട്ടുണ്ട്... കുളികഴിഞ്ഞ് അവന്റെ വീട്ടില്‍ ചെന്ന് അവന്റെ അമ്മ ഉണ്ടാക്കിതന്ന ചായയും പലഹാരങ്ങളും കഴിച്ചിട്ടുണ്ട്...
ഈ പറമ്പിലെ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍, എല്ലാം ഇന്നലെയിലെന്നപോലെ ഓര്‍മകളില്‍ തെളിയുന്നു. സൗമ്യമായ പുഞ്ചിരിയോടുള്ള അവന്റെ സാമീപ്യം അറിയുന്നു.

വളരെ സുന്ദരമായിരിക്കുന്നു.
ReplyDelete