ടെക്സ്പോർട്ടിൽ എട്ടുമാസമേ ഞാൻ ജോലി ചെയ്തിരുന്നുള്ളൂ.
പുതുതായി ഡവലപ് ചെയ്യുന്ന ഇൻഡസ്ട്രിയൽ ഏരിയായിലായിരുന്നു കമ്പനിയുടെ കോർപറേറ്റ് ഓഫീസ്.
ഹൈവെയിൽ നിന്നും തെറ്റി ടാറു ചെയ്യാത്ത ചെമ്മൺ റോട്ടിലൂടെ വേണം ഓഫീസിലെത്താൻ. റോഡിന് ഇരുവശങ്ങളിലുമായി പൊങ്ങിവരുന്ന കൂറ്റൻ കെട്ടിടങ്ങളുടെ കോണ്ട്രാക്ട് പണിക്കാരായ പാവപ്പെട്ട തൊഴിലാളികൾ, റോഡിന് ഇരുവശത്തുമായുള്ള താൽക്കാലിക ടെന്റുകളിലാണ് കുടുംബസമേതം താമസം. ചളി വെള്ളവും മനുഷ്യവിസർജ്ജനവും ഭക്ഷണാവശിഷ്ടങ്ങളും കെട്ടിനിൽക്കുന്ന മലിന ജലനത്തിൽ രാവെന്നോ പകലെന്നോയില്ലാതെ തിമർത്ത് കളിക്കുന്ന തീരെ ചെറിയ കുട്ടികൾ. മുതിർന്ന കുട്ടികൾ പോലും ആരും സ്കൂളിൽ പോകുന്നില്ല. പകൽ അവരുടെ മാതാപിതാക്കൾക്കൊപ്പം പണിയിടത്ത് കല്ലുചുമാക്കാനും സിമന്റ് കോരാനും അവർ സഹായികളായി ചെല്ലും. പത്തും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികൾ വരെ സന്ധ്യകഴിഞ്ഞാൽ റോഡരികിലിരുന്ന് പുകവലിക്കുന്നതും മദ്യപിക്കുന്നതും കാണാം.
ഒരു രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിൽ ആട്ടവും പാട്ടും നടക്കുന്നത് കണ്ട് ഞാനവരുടെ കൂട്ടത്തിലേക്ക് നുഴഞ്ഞു കേറി. ആ രാത്രിയിൽ അവിടെ ഒരു വിവാഹ ചടങ്ങുകൾ നടക്കുകയായിരുന്നു.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ പണികഴിഞ്ഞ് ആ റോഡ് ഇപ്പോൾ, രാത്രിയിലും പകലുപോലെ തെളിഞ്ഞു നിൽക്കുന്ന വൈദ്യുതവെളിച്ചമുള്ള ടാറിട്ട രണ്ടുവരി പാതയായി മാറിയിരിക്കുന്നു. പാതയോരത്ത് തണൽ മരങ്ങളും അലങ്കാരചെടികളും വളർത്തിയിടുണ്ട്.
ജനനവും മരണവും വിവാഹവും ആഘോഷങ്ങളുമായി അവിടെ അന്ന് ജീവിച്ചിരുന്ന ആ മനുഷ്യരൊക്കെ ഇന്നെവിടെയാണോ..
എല്ലാം നല്ല മിനിയേച്ചറുകളാണല്ലോ ഭായ്..!
ReplyDelete