ഇടുക്കിയിലെ കുഞ്ഞുങ്ങൾ എങ്ങിനെയാണ് രാത്രിയിൽ കിടന്നുറങ്ങുന്നത് എന്ന് നിശ്ചയമില്ലെങ്കിലും വെള്ളമില്ലാതെ വരണ്ട കൃഷിയിടങ്ങളെ സ്വപ്നത്തിൽ കണ്ട് ഭയന്ന് തേനിയിലെ തമിഴൻ ഉറങ്ങുന്നുണ്ടാവില്ല എന്ന് ശ്രീ അശോകൻ ചരുവിലിന് അറിയാം. സർക്കാറുകൾ ഭയം ഉത്പാദിപ്പിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഒരു മുൻകൂർ ജാമ്യമെന്നോണം ലേഖനത്തിൽ അദ്ദേഹം പറയുന്നുമുണ്ട്- ‘മുല്ലപ്പെരിയാറിനെകുറിച്ച് ഞാൻ ഒന്നും എഴുതില്ല. അതിനുള്ള സാങ്കേതിക പരിഞ്ജാനമില്ല’ എന്ന്.
അതാത് വിഷയങ്ങളിൽ ‘സാങ്കേതിക പരിഞ്ജാനം’ ഉള്ളവർ മാത്രമേ ആ വിഷയത്തെ കുറിച്ച് സംസാരിക്കാവു. ഒരു സാമൂഹിക പ്രശ്നം വരുമ്പോൾ പോലും ആരും കാര്യത്തെകുറിച്ച് പഠിക്കാനോ പ്രതികരിക്കാനോ പാടുള്ളതേ അല്ല!
പകരം ചെന്നയിലെ ചുവന്ന ചായമടിച്ച സെൻട്രൽ സ്റ്റേഷനിലുള്ളിലും ഒരുകാലത്ത് കേരളത്തിന്റെ പാതി തലസ്ഥാനമായിരുന്ന ആ നഗരത്തിലെ ഗലികൾക്കിടയിലും കുതിരച്ചാണകത്തിന്റെയും മുല്ലപ്പൂവിന്റെയും മണമേറ്റ് സാത്തുകുടി നീരുകുടിച്ചും എംജിആറിന്റെ തമിഴ് സിനിമകണ്ടും നടന്ന ഒരു കാലത്തിന്റെ മാസ്മരികതയിൽ മുങ്ങി തപ്പുകയാണ് അദ്ദേഹം. (നൊസ്റ്റാൾജിയ മലയാളിക്ക് എങ്ങിനെയാണ് ചീത്തപ്പേരുണ്ടാക്കിയത് എന്നതിനെ കുറിച്ച് ആരോ ചോദിച്ചത് ഓർത്തുപോകുന്നു!)
ഭൂചലന ഭീഷണി നിലനിൽക്കുന്ന ഒരു മേഖലയിൽ കാലപ്പഴക്കം അതിക്രമിച്ച് ഭൂചലനങ്ങൾ അതിജീവിക്കാൻ സാദ്ധ്യതയില്ലാത്ത, തകർന്നാൽ മുപ്പത്തഞ്ച് ലക്ഷത്തോളം വരുന്ന മൻഷ്യജീവൻ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ള മുല്ലപെരിയാർ ഡാം മാറ്റിപണിയണമെന്നേ നാം ആവശ്യപെടുന്നുള്ളൂ. തമിഴ് നാടിന് അവർക്ക് അർഹമായ ജലം നൽകാമെന്ന് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നുണ്ട്, ബന്ധപ്പെട്ടവർ.
ഇനി അതുമല്ലെങ്കിൽ കാത്തിരിക്കാം. ദുരന്തം സംഭവിച്ചതിന് ശേഷം അതേകുറിച്ച് നമുക്ക് കവിതകളും കഥകളും ലേഖനങ്ങളും എഴുതാം.
ദുരന്തം ആഘോഷമാക്കാം.
(ഇന്നത്തെ ‘മനോരമ‘ പത്രത്തിൽ ശ്രീ. അശോകൻ ചരുവിലിന്റെ ‘കഥയറിയാതെ’ എന്ന കോളം വായിച്ചപ്പോൾ തോനിയത്)

ലേഖനം ഞാൻ വായിച്ചില്ല.
ReplyDeleteസാഹിത്യ സാംസ്കാരിക, സിനിമാ നായകന്മാരൊക്കെ മൗനവ്രതത്തിലായതും ആ പരിജ്ഞാനമില്ലായ്മ കൊണ്ടു തന്നെയാവുമായിരിക്കും അല്ലേ? :)