Sunday, July 25, 2010

ഗ്രൌണ്ട് സീറോ


“ഡോ, മുടിയും മീശയുമൊക്കെ വെളുപ്പിച്ചാൽ ആളിനെ തിരിച്ചറിയില്ലെന്നു കരുതിയോ”

ആതിര ബേക്കറിയ്ക്ക് മുന്നിൽ സമൂസ വാങ്ങാൻ നില്ക്കുകയായിരുന്ന ഞാൻ അമ്പരപ്പോടെ തിരിഞ്ഞു നോക്കി.

ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും ഞാൻ ആളെ തിരിച്ചറിഞ്ഞു. സജിനി! കൂടെ രണ്ട് സിക്സ് പായ്ക്ക് ചെക്കന്മാർ.

“മക്കളേ, ദാ നിക്കുന്നു അമ്മേടെ എൽ.പി സ്കൂൾ ക്ലാസ്സ് മേറ്റ്!”

സജിനി, ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ.പി ക്ലാസിലെ സഹപാഠി. പി-ജിയും വിവാഹവും കഴിഞ്ഞ് സജിനി മദ്രാസിൽ സെറ്റിലായത് അറിയാമായിരുന്നു. പത്ത് ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച.

കുറച്ച് നേരം വിശേഷങ്ങളൂം തമാശകളൂം പഴയ സ്കൂൾ കഥകളൂം പറഞ്ഞ് യാത്ര പറയാനൊരുങ്ങുമ്പോൾ സജിനി പറഞ്ഞു.

“വല്ലാത്തൊരു യോഗമായിപ്പോയൊടോ നമ്മളുടെത്. മക്കൾക്ക് കാണിച്ച് കൊടുക്കാൻ നമ്മൾ പഠിച്ച സ്കൂളും വളപ്പും ഇല്ലാതായിപ്പോയി”

കുട്ടികൾ ആവശ്യത്തിനു ഇല്ലാതിരുന്നതിയാൽ, ഞങ്ങൾ ഹൈസ്കൂളിൽ പഠിക്കുന്ന കാലമാകുമ്പോഴെയ്ക്കും, ഞങ്ങളൂടെ എൽ.പി സ്കൂൾ അടച്ചു പൂട്ടിയിരുന്നു. അദ്ധ്യാപകരെ മറ്റ് പല സ്കൂളുകളിലേയ്ക്ക് മാറ്റി നിയമിച്ചു. പിന്നീടെപ്പോഴോ ആ കെട്ടിടം പൊളിച്ചു മാറ്റി. ചുറ്റുമുള്ള സ്ഥലങ്ങളിൽ വീടുകൾ ഉയർന്നു.

വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അതൊരു നീറുന്ന ഓർമ്മയായി മാറി. ഒറ്റയ്ക്കും, ഭാര്യയ്ക്കും, പിന്നീട് മക്കളുടെ വിരൽ തുമ്പ് പിടിച്ചും ഞാൻ ആ വഴിയെ നടന്നു. മരങ്ങൾക്കിടയിൽ, സ്കൂൾ കെട്ടിടം നിന്നിരുന്ന ഇടത്ത് നിന്ന് ഞാൻ ഓർമ്മകളെ ചികഞ്ഞെടുക്കാൻ വൃഥാ ശ്രമിച്ചു. ഓർമകളിലെ ബാല്യത്തിന്റെ തീരാ നഷ്ടത്തെ ഓർത്ത് പരിതപിച്ചു.

“പലയിടങ്ങളിലും സ്കൂളുകൾ പത്തും നൂറും വർഷങ്ങൾ ആഘോഷിക്കുന്ന വാർത്തകൾ കാണുമ്പോഴും വായിക്കുമ്പോഴും വല്ലാത്തൊരും വിഷമമാണെടോ. സ്കൂളുകളല്ലേ ബാല്യത്തിന്റെ ഓർമ്മപ്പെടുത്തലുകൾ. നമുക്കാഭാഗ്യം ഇല്ലാതായിപ്പോയി”; സജിനിയുടെ ചിരിയിൽ ഓർമകളുടെ അവശേഷിപ്പുകൾ...

No comments:

Post a Comment

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...