Wednesday, May 13, 2009

ലഹരിയുടെ വഴികള്‍


ഉച്ചത്തില്‍ വിളിച്ച് കൂവി ടെമ്പോ വാനുകളിലേയ്ക്ക് ആളുകളെ കയറ്റുന്ന പതിനഞ്ച് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ ബാംഗ്ലൂരിലെ ബസ്സ്‌സ്റ്റോപ്പുകളില്‍ സ്ഥിരം കാഴ്ചയാണ്. വൃത്തികെട്ട വസ്ത്രങ്ങളും അഴുക്ക് പുരണ്ട ശരീരവും തെറിവിളികളും അടിപിടിയും ബഹളവുമായി വാനുകളില്‍ തൂങ്ങി നീങ്ങുന്ന ഈ കുട്ടികള്‍ ഹാന്‍സോ പാന്‍പരാഗോ മറ്റ് വിലകുറഞ്ഞ പുകയില ഉല്‍പ്പന്നങ്ങളോ എപ്പൊഴും ചവച്ച് കൊണ്ടേയിരിക്കും.

വില കുറഞ്ഞതും ലഹരി കൂടിയതുമായ സാധനങ്ങള്‍ക്കായുള്ള അന്വേഷണങ്ങളില്‍ അവര്‍ കണ്ടെത്തിയ സാധനങ്ങളിലൊന്നാണ് ക്യുക്ക് ഫിക്സ്. ഒരു തുണിക്കഷ്ണത്തില്‍ പശ തേച്ച് പിടിപ്പിച്ച്, ചുരുട്ടിപ്പിടിച്ച് മൂക്കിലേയ്ക്ക് വലിച്ച് കയറ്റിയാണ് ക്യുക്ക് ഫിക്സിലെ ലഹരി ഉള്ളിലെത്തിക്കുന്നത്.

എന്താണ് ഈ വലിച്ച് കയറ്റുന്നത് എന്ന ചോദ്യത്തിന് രൂക്ഷമായ ഒരു നോട്ടവും കന്നഡയിലുള്ള ഏതോ ഒരു മുട്ടന്‍ തെറിയുമായിരുന്നു ഇത്തിരിപ്പോന്ന ഒരു ചെക്കന്റെ മറുപടി. പശതേച്ചുള്ള നിരന്തരമായ ഉപയോഗമാവാം, അവന്റെ ഉള്ളം കൈകള്‍ക്ക് കറുപ്പ് നിറമായിരുന്നു.

ഇത് ഉള്ളില്‍ ചെന്നാല്‍ വിശപ്പുണ്ടാവില്ല, ദാഹമുണ്ടാവില്ല, സമയ ബോധമുണ്ടാവില്ല എന്നിങ്ങനെ പല ‘ഗുണങ്ങളും’ ഉണ്ടത്രേ. നിര്‍ത്താതെ, നിലക്കാതെയുള്ള വിളിച്ച് കൂവലിന് ഇതൊന്നും ഒരു തടസ്സമാവുകയുമരുതല്ലോ!

No comments:

Post a Comment

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...