"ആ മാലയെവിടെ?"
ഞാന്‍ അത്ഭുതപ്പെട്ടു. "ഏത് മാല?"
"വെള്ളയും പച്ചയും മുത്തുകള്‍ കോര്‍ത്ത നിന്റെ കഴുത്തിലിട്ടിരുന്ന ആ മാല?"
പത്താം ക്ലാസ്സില്‍, യുവജനോത്സവത്തില്‍ ലോട്ടസ് ഹൗസിന്റെ നാടകത്തില്‍ രാജാവിനു പിന്നില്‍ കുന്തവും പിടിച്ച് ഡയലോഗുകള്‍ കാര്യമായൊന്നുമില്ലാതെ നിന്നിരുന്ന ഭടനായിരുന്നു, ഞാന്‍. സ്റ്റേജില്‍ കേറാനൊരുങ്ങി നിന്നപ്പോള്‍ ഹൗസിന്റെ ചാര്‍ജുണ്ടായിരുന്ന ജോയ് മാഷ് എന്റെ കഴുത്തില്‍ ഒരു മാല ഇട്ടുതന്നത് ആ നിമിഷം എനിക്ക് ഓര്‍മ്മ വന്നു. പച്ചയും വെള്ളയും മുത്തുകള്‍ കോര്‍ത്ത മാല. ദൈവമേ... അത് ഇവളുടെതായിരുന്നോ!
"എനിക്കാ മാല തിരിച്ചു വേണം"
തിളങ്ങുന്ന കണ്ണുകളുണ്ടായിരുന്ന, ആവശ്യത്തിലധികം നീണ്ട കഴുത്തുണ്ടെന്ന് തോനിയിരുന്ന അവള്‍, ഞാനൊളിഞ്ഞ് നോക്കിയിരുന്ന, എനിക്കാദ്യമായി പ്രണയം തോന്നിയ പെണ്‍കുട്ടി... അവളുടെ മാലയായിര്‍ന്നോ എന്റെ കഴുത്തില്‍!
നാടകം കഴിഞ്ഞപ്പോള്‍ ഞാനത് അഴിച്ച് ഹൗസ് ലീഡര്‍ സുധാമണിയുടെ കയ്യില്‍ കൊടുത്തിരുന്നു.
"മാഷ് പറഞ്ഞു നിന്നോട് ചോദിക്കാന്‍...ഇപ്പോ തന്നെ വൈകി. ഞാന്‍ പൂവ്വാണു. നാളെ തന്നാല്‍ മതി. ഒന്ന് എടുത്ത് വയ്ക്കണം..."
ഒപ്പനയും തിരുവാതിരയും നാടോടി നൃത്തവും തിമര്‍ത്തവസാനിച്ച സ്റ്റേജില്‍ പൊട്ടി വീണ കുപ്പിവളക്കഷ്ണങ്ങള്‍ക്കിടയില്‍, ഗ്രീന്‍ റൂമിലെ ഡസ്കുകള്‍ക്കിടയില്‍ ഒക്കെയും ആ മുത്ത്മാലയും തേടി സന്ധ്യയോളം ഞാന്‍ പരതി.
പിറ്റേന്ന്, ഉച്ച ഭക്ഷണസമയത്ത് അവള്‍ വന്ന് പിന്നെയും ചോദിച്ചപ്പോള്‍, ആ മാല എന്റെ കയ്യിലില്ലെന്ന് നിസ്സഹായതയോടെ ഞാന്‍ പറഞ്ഞപ്പോള്‍, വല്ലാത്ത വിഷമത്തോടെ അവള്‍ പറഞ്ഞു,
"എനിക്കറിയാം, സത്യം, നീ തരാഞ്ഞിട്ടാണു...."
No comments:
Post a Comment