Monday, June 24, 2013

നഷ്ടം

പതിനാലു വർഷങ്ങൾക്കിടയിലെ വിശേഷങ്ങൾ ബാബുക്ക രണ്ടുവാചകത്തിൽ പറഞ്ഞു തീർത്തു. “നാളുകൾ അങ്ങിനെ കഴിഞ്ഞു പോയി. റിട്ടയറായിട്ട് തന്നെ നാലു വർഷങ്ങൾ കഴിഞ്ഞു”

ആറാം നിലയിലുള്ള ബാബുക്കയുടെ ഫ്ലാറ്റിലെ സ്വീകരണമുറിയിലെ ഈ കസേരയിൽ ഇരിക്കുമ്പോൾ ദൂരെ വൈകുന്നേരത്തെ നഗരം ഇരമ്പുന്നത് കാണാം.

വിലാസം തപ്പിപിടിച്ച് അന്വേഷിച്ച് ചെന്നപ്പോൾ, നാട്ടിലെ പഴയ വീടും പറമ്പും വിറ്റ് ആൾ, നഗരത്തിലെ ഫ്ലാറ്റിലേക്ക് മാറിയെന്ന് അടുത്ത വീട്ടിലെ താമസക്കാർ പറഞ്ഞറിഞ്ഞു. സെക്രട്ടറിയേറ്റിലെ ജോലിയുമായ് ബാബുക്ക തിരുവനന്തപുരത്ത് സ്ഥിരതാമസമായിരുന്നതിനാൽ വല്ലപ്പോഴുമേ നാട്ടിലെ അടച്ചിട്ട വീട്ടിൽ വരാറുണ്ടായിരുന്നുള്ളു. ബാബുക്കയുടെ ഏറ്റവും വലിയ സമ്പാദ്യമായിരുന്ന പുസ്തകശേഖരം നഗരത്തിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയ നാട്ടുകാരനായ മിനി ലോറി ഡ്രൈവറാണ് ഫ്ലാറ്റ് എവിടെയാണെന്ന് പറഞ്ഞുതന്നത്.

“മുടി കൊഴിഞ്ഞതും അല്പം തടി വച്ചതുമൊഴിച്ചാൽ നിനക്ക് വലിയ മാറ്റമൊന്നുമില്ല”; കോളിംഗ് ബെൽ കേട്ട് ഫ്ലാറ്റിന്റെ കതക് തുറന്ന് എന്നെ ആകപ്പാടെ ഒന്നു നോക്കി ബാബുക്ക വിശാലമായി ചിരിച്ചു.

രണ്ട് ബെഡ്റൂം ഫ്ലാറ്റിലെ മിക്കവാറും സ്ഥലങ്ങളിൽ ഭംഗിയായി ഒതുക്കിവച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളാണ്.
“വായന തന്നെയാണ് പ്രധാന പരിപാടി. ചില്ലറ സാമൂഹിക പ്രവർത്തനങ്ങളും”; മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ മറിച്ച് നോക്കുകയായിരുന്ന എന്നെ നോക്കി, അടുക്കളയിൽ നിന്നും കട്ടൻ ചായ നിറച്ച കപ്പുകളുമായി വന്ന ബാബുക്ക പറഞ്ഞു.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എന്നെ ഇംഗ്ലീഷ് റ്റ്യൂഷനെടുത്ത കാലം മുതലുള്ള ഓർമകളും  വിശേഷങ്ങളും പറഞ്ഞ് പിരിയാൻ നേരത്ത് ഞാൻ ബാബുക്കയോട് ചോദിച്ചു;
“ഒറ്റയ്ക്കിങ്ങനെ ജീവിക്കുന്നതിനിടയിൽ എപ്പോഴെങ്കിലും, പഴയ ഒരു നഷ്ടപ്രണയത്തിന്റെ പേരിൽ ജീവിതം വെറുതെ തുലച്ചു എന്ന് തോനിയിട്ടുണ്ടോ? ഒരു കുടുംബമാവാമായിരുന്നു എന്ന് തോനിയിട്ടുണ്ടോ?”

“നഷ്ടപ്പെട്ടുപോയ പ്രണയത്തെക്കുറിച്ചോർത്ത് ഒരിക്കലും ഞാൻ ദുഃഖിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ ആ പ്രണയം ആയിരുന്നു”; ബാബുക്ക ചിരിച്ചുകൊണ്ട് താടിയുഴിഞ്ഞു; “കാരണം അത് എന്റെ ഹൃദയത്തിൽ നിന്നുമായിരുന്നു” 

1 comment:

  1. അഭിനന്ദനങ്ങൾ..ഇത് നമുക്ക് പ്രസിദ്ധീകരിക്കണം

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...