
“ശരിക്കും ആലോചിച്ച് തന്നെ എടുത്ത തീരുമാനമായിരുന്നോ?”
“ഇതു തന്നെയാണ് നീ പല പ്രാവശ്യം എന്നോട് ചോദിച്ചത്“
“നേരിൽ ചോദിക്കണമെന്ന് തോന്നി“
ഉത്തരം പറയാതെ ഹരി എന്റെ മുഖത്ത് നിന്നും കണ്ണുകൾ പിൻ വലിച്ചു.
“നിങ്ങൾക്ക് മകന്റെ ഭാവി എങ്കിലും ഓർക്കാമായിരുന്നു. അവൻ ചെറിയ കുട്ടിയല്ലേ, തിരിച്ചറിവുകളുടെ പ്രായമാകാത്തവൻ“
ഹരി കാപ്പി കപ്പ് കയ്യിൽ വച്ച് ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.
“പ്രേമിച്ച് നടന്നിരുന്ന കാലത്ത് എന്തൊക്കെ വീര വാദങ്ങളായിരുന്നു! എന്റെ കയ്യിൽ ഇപ്പോഴുമുണ്ട് മെഡിക്കൽ കോളെജിൽ നിന്നും, നിങ്ങളുടെ പ്രണയത്തെ വാഴ്ത്തി നീ എനിക്ക് അയച്ച കത്തുകൾ“
“പ്രണയം!“; അവൻ ചെറുതായൊന്നു ചിരിച്ചു; “പ്രണയിക്കണം. അത് നഷ്ടവുമാവണം. അങ്ങിനെയാവുമ്പോൾ നഷ്ടപ്രണയത്തെ ഓർക്കുമ്പോഴെങ്കിലും ഒരു സുഖമുണ്ടാവും“
മെഡിക്കൽ കോളെജിൽ പഠിക്കുമ്പോൾ രണ്ട് വർഷം ജൂനിയറായുള്ള പെൺകുട്ടിയുമായുള്ള പ്രണയം. ലണ്ടനിൽ നിന്നും അവൻ എം.ഡി കഴിഞ്ഞ് വന്ന ഉടനെ രണ്ട് കുടുംബങ്ങളിലും ഏറെ എതിർപ്പുകളുയർത്തിയ വിവാഹം. ഒരു ആൺ കുഞ്ഞ്. ഒൻപത് വർഷങ്ങൾക്ക് ശേഷം വിവാഹ മോചനം. അതിനും എത്രയോ മുൻപേ മനസ്സുകൾ കൊണ്ടുള്ള വേർപിരിയൽ.
ഹരി എന്ന ഡോ.ഹരിദാസ് ഒരാഴ്ച കഴിഞ്ഞ് യു.എന്നിൽ സേവനത്തിനായി സൊമാലിയയിലേയ്ക്ക് പോകുകയാണ്. കുട്ടികളുടെ ന്യൂട്രിഷനെ കുറിച്ച് ലോകത്തിലെ പല പ്രമുഖ യൂനിവേഴ്സിറ്റികളിൽ പ്രബന്ധം അവതരിപ്പിച്ചവൻ, പ്രശസ്തൻ, കർമ്മനിരതൻ.
“രണ്ട് കുടുംബങ്ങൾക്കും തുടക്കം മുതൽ ഞങ്ങളുടെ ബന്ധത്തിൽ എതിർപ്പായിരുന്നു. രണ്ടാൾക്കും കുടുംബങ്ങളെ വേണവുമായിരുന്നു“; ഹരി കസേരയിലേയ്ക്ക് ചാരി ഇരുന്നു; “സൌഹൃദം എന്നു പറയുന്നത് പുറത്തുള്ള ആശ്വാസ കേന്ദ്രങ്ങൾ മാത്രമാണ്. വീട്ടിനുള്ളിലാണ് ജീവിതം. അച്ഛൻ, അമ്മ, ഭാര്യ, കുട്ടികൾ, സഹോദരങ്ങൾ...”
“നിനക്ക് ഒരു കോമ്പ്രമൈസിന്...”; പറഞ്ഞ് തീരും മുൻപേ ഒരു നോട്ടം കൊണ്ട് അവൻ എന്നെ തടഞ്ഞു.
“ഇറ്റ്സ് ക്ലോസ്ഡ്. ലീഗലി അൻഡ് മെന്റലി”
നല്ല എഴുത്ത് .
ReplyDelete