
കടുത്ത വേനലിലെ ദീര്‍ഘമായ ആ പകലുകളുടെ അവസാനം വൈകുന്നേരം ഞാന്‍ കടുക് പാടങ്ങളുടെ ഇടയില്‍ പോയി തനിയെ ഇരിക്കും.
കിട്ടേണ്ടിയിരുന്ന കൃഷിസ്ഥലങ്ങളുടെ അര്‍ഹമായ കുടുംബവിഹിതം ചോദിക്കാന്‍ അച്ഛന്‍ ചെന്നപ്പോള്‍ എന്നെകൂടെ കൂട്ടിയത് കൊണ്ടാവാം, ഗ്രാമത്തില്‍ അച്ഛന്റെ വീട്ടില്‍ എന്നോട് കൂട്ടുകൂടാന്‍ ആരുമില്ലായിരുന്നു.
കാറ്റിന്റെ ചൂട് കുറഞ്ഞ് കുറഞ്ഞ് വരുന്നതും, കണ്ണെത്താ ദൂരം നീണ്ട് കിടക്കുന്ന പാടത്തിന്റെ അങ്ങേചരിവില്‍ ഓറഞ്ച് നിറത്തിലുള്ള സൂര്യന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നതും, ഇരുള്‍ പിന്നിലൂടെവന്ന് പൊതിയുന്നതും ഞാനിപ്പോഴും ഇന്നലത്തേത് പോലെ അറിയുന്നു. ആ ഇരുട്ടും നിശ്ശബ്ദതയുമാണ് ഞാനിതുവരെ അനുഭവിച്ച ഏറ്റവും വലിയ സുഖം എന്നും എനിക്ക് തോനുന്നു. കടുക് പൂക്കളുടെ ആ മഞ്ഞ നിറമാണ് എനിക്ക് ഏത് നിറത്തെക്കാളും ഏറെ ഇഷ്ടം.
കുറച്ച് നാളുകള്‍ കൂടെ കഴിഞ്ഞ് എന്റെ കയ്യും പിടിച്ച് തലതാഴ്ത്തി ആ വീട് വിട്ട് ഇറങ്ങിപ്പോരുമ്പോള്‍ അച്ഛന്‍ എന്തായിരിക്കും ആലോചിച്ചത്...
പ്രായത്തിന്റെ അവിവേകം കൊണ്ട് നാട് വിട്ട് ഓടിപ്പോയത് തെറ്റായിപ്പോയെന്നോ...പത്ത് മുപ്പത് വര്‍ഷം അവിടെയ്ക്ക് തിരിഞ്ഞ് നോക്കാതിരുന്നത് തെറ്റായിപ്പോയെന്നോ...പ്രാരാബ്ദങ്ങളും മൂന്ന് പെണ്മക്കളും ഉണ്ടെന്ന് പറഞ്ഞ് തിരിച്ച് ചെന്ന് കൈ നീട്ടിയത് തെറ്റായിപ്പോയെന്നോ...
ഒരു യാത്ര പോലും പറയാതെ സംഗീത പൊയ്ക്കളഞ്ഞിട്ട് പതിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പഴയ ഡയറികള്‍ക്കിടയില്‍ പരതി ഞാനൊരു ഗ്രൂപ്പ് ഫോട്ടോ കണ്ടെടുത്തു. കമ്പനിയിലെ ഒരു ദീപാലി ആഘോഷത്തിനിടയിലെടുത്ത ആ ഫോട്ടോയില്‍ എനിക്ക് തൊട്ടടുത്തായി സംഗീത നില്‍ക്കുന്നു. കഴുത്തറ്റം മുറിച്ചൊതുക്കിയ മുടി. പുരികങ്ങളുടെ ആകൃതി മുഖത്തിന് നല്‍കിയ സ്ഥായിയായ ആശ്ചര്യ ഭാവം.
നേരത്തെ ഇറങ്ങിയിരുന്ന വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് നടക്കുമായിരുന്നു. വിശാലമായ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ പുറമ്പോക്കിനപ്പുറം എരുമച്ചാണകത്തിന്റെയും മനുഷ്യ വിസര്ജ്ജ്യത്തിന്റെയും വാടമണം തങ്ങി നില്‍ക്കുന്ന, സാധാരണക്കാരായ കൂലികളും തൊഴിലാളികളും താമസിക്കുന്ന ഗലികള്‍ക്കിടയിലൂടെ മിക്കവാറും ഒന്നും സംസാരിക്കാതെയാണ് നടത്തം. ഒറ്റയ്ക്കും കൂട്ടായും നാളിതുവരെ നടന്ന യാത്രകളില്‍ ഞാനിന്നും ഏറെ ഇഷ്ടപ്പെടുന്നത് സംഗീതയുമൊരുമിച്ചുള്ള ആ യാത്രകള്‍ തന്നെ. മുരുകന്റെ പ്രതിമയുള്ള ഒരു ആല്‍ത്തറയ്ക്ക് മുന്നിലാണ് ആ നടത്തത്തിന്റെ അവസാനം.
അവള്‍ക്കൊപ്പം നടന്ന ആദ്യ ദിവസം അവിടെയെത്തിയപ്പോള്‍ സംഗീത പറഞ്ഞു;
“ഞാന്‍ താമസിക്കുന്നിടത്തിന് വീട് എന്ന് പറയാനാവില്ല. എന്നെങ്കിലും ഒരുപക്ഷേ ആവുമ്പോള്‍ നിന്നെ ഞാന്‍ അവിടെയ്ക്ക് വിളിക്കും. ഇനി തിരിച്ച് നടന്നോളൂ”
ഒരിക്കല്‍ ചെന്നയില്‍ ഒരു ആഴ്ച നീണ്ട ഒരു ഓഫീസ് ടൂര്‍ കഴിഞ്ഞ് വന്നപ്പോഴാണ് സംഗീത ഓഫീസില്‍ വരാതെയായിട്ട് നാലഞ്ച് ദിവസങ്ങളായെന്ന് അറിയുന്നത്. ഒരു ദിവസം കൂടെ കാത്തിരുന്ന് അടുത്ത വൈകുന്നേരം ആ വഴിയിലൂടെ ഞാന്‍ ഒറ്റയ്ക്ക് നടന്ന് ചെന്നു. മുരുകനും ആല്‍ത്തറയും ഒഴിച്ച് ആ കോളനി മുഴുവനായും ഇടിച്ച് നിരത്തിയിരിക്കുന്നു. പൊളിഞ്ഞ് കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ അവിടവിടെ എന്തൊക്കെയോ തിരയുന്ന കുറച്ച് പേര്‍ മാത്രം. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വിപുലീകരിക്കുന്നു. അനധികൃതമായി കുടിയേറിയ സര്‍ക്കാര്‍ ഭൂമി ബലമായി ഒഴിപ്പിച്ചതാണത്രേ.
സ്ഥലങ്ങള്‍, ജോലികള്‍, സഹപ്രവര്‍ത്തകര്‍ എല്ലാം പലവട്ടം മാറി മറഞ്ഞു.
ഒരു യാത്ര പോലും പറയാതെ പോയ സംഗീത ഇപ്പോഴും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.
ഒരു ചെറു നൊമ്പരം!
ReplyDelete