Thursday, December 27, 2007

പിന്നെയുമൊരു ന്യൂ ഇയര്‍ ആഘോഷിക്കുമ്പോള്‍....



“ ആരാണ്ടാ അവിടുന്ന് ഒച്ചയിടുന്നത്... കൊറേ നേരായല്ലോ നിന്നോടൊക്കെ ഇറങ്ങിപ്പൂവാന്‍ പറഞ്ഞിട്ട്. ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ... “

“ നീ ഒലത്തും “

അതിനേക്കാള്‍ ഉച്ചത്തില്‍ മറുപടി കൊടുത്ത്, ഗ്ലാസ്സില്‍ ശേഷിച്ച കള്ള് അണ്ണാക്കിലേയ്ക്കൊഴിച്ച് സജി ഡസ്ക്കില്‍ താളമടിച്ചു കൊണ്ട് ‘ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ...’ പാടുന്ന രാധാകൃഷ്ണനൊപ്പം കൂടി.

“ മക്കളേ, നിങ്ങള് അലമ്പുണ്ടാ‍ക്കാതെ ഒന്ന് വേഗം ഇറങ്ങിയേ... അവരിങ്ങോട്ട് വരുന്ന നേരായി ”; ഷാപ്പ് പ്രൊപ്രൈറ്റര്‍ ഗോപാലേട്ടന്‍ ഞങ്ങളുടെ ഡസ്കിലെ കുപ്പികളും ഗ്ലാസ്സുകളും എടുത്തുമാറ്റാന്‍ ഒരു വിഫല ശ്രമം നടത്തി.

“ ഗോവാലേട്ടന്‍ പേടിക്കരുത്. ഞങ്ങള്‍ക്ക് പേടിയില്ല, അവര് വരട്ടെ. മ്മക്ക് നോക്കാം “; ഞങ്ങളിലാരൊക്കെയോ ഒരുമിച്ച് പറഞ്ഞു. തുടര്‍ന്ന് ഗോപാലേട്ടനെ ധൈര്യപ്പെടുത്തുവാനെന്നവണ്ണം ഞങ്ങള്‍ ഡസ്കിലടിച്ചുകൊണ്ട് ‘നീയെന്‍ കിനാവോ പൂവോ നിലാവോ...’ പാടാന്‍ തുടങ്ങി.

ഡിഗ്രി അവസാന വര്‍ഷത്തെ ന്യൂ ഇയര്‍ തലേ ദിവസം. പാന്‍ഡെമോണിയം എന്നും ഭാര്‍ഗ്ഗവീ നിലയം എന്നുമൊക്കെ ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ താവളത്തില്‍ നിന്നും ഉച്ച കഴിഞ്ഞ് തുടങ്ങിയ ആഘോഷം, കുറച്ചകലെയായുള്ള ഒരു കള്ളുഷാപ്പിലേയ്ക്ക് വേദി മാറ്റി പരിപാടികള്‍ തുടരുകയാണ്. വെള്ളമടിയോടൊപ്പം ഗാനമേളയാണ് മറ്റൊരു പ്രധാന ഐറ്റം. പിള്ളാരല്ലേ പിണ്ണാക്കല്ലേ തിന്നോട്ടെ, എന്ന മട്ടില്‍ ഗോപാലേട്ടനും മറ്റ് കള്ള് കുടിയന്മാരുമൊക്കെ ഞങ്ങളെ സഹിക്കുകയും ചെയ്തതായിരുന്നു, ഇത്രയും നേരം.

കള്ള് ഷാപ്പിനോട് ചേര്‍ന്ന് തന്നെയാണ് ചാരായ ഷാപ്പും.(അന്ന് ചാരായ നിരോധനം നിലവില്‍ വന്നിട്ടില്ല). കൂട്ടത്തില്‍ പ്രസിയ്ക്കും അജിത്തിനും മാത്രമേ ചാരയത്തിനോട് കമ്പമുള്ളൂ എന്നത് കൊണ്ട് അവര്‍ നേരത്തെ തന്നെ അവിടെപ്പോയി നൂറ് മില്ലീ വീതം വിട്ട് തിരിച്ച് വന്നതാണ്.

ഗാനമേളയുടെ ശ്രവണ സുഖം കൊണ്ടാവാം, റോഡിലൂടെ പോകുന്നവരും ചാരായ ഷാപ്പിലേയ്ക്ക് പോകുന്നവരും ഒന്ന് എത്തിച്ച് നോക്കുന്നതും കള്ള് കുടിക്കാന്‍ വരുന്നവര്‍ നിപ്പനടിച്ച് വേഗം തന്നെ സ്ഥലം കാലിയാക്കി ഇറങ്ങിപ്പോകുന്നതും.

സന്ധ്യ കഴിഞ്ഞതോടെ ചാരയ ഷാപ്പിലെ സ്ഥിരം കുറ്റികള്‍ എത്താന്‍ തുടങ്ങി.

“ ഗോപാല്‍ട്ടാ, ആരാണവിടുന്ന് ഇങ്ങിനെ കാറി വിളിക്കുന്നത്. നിര്‍ത്തിപ്പോകാന്‍ പറ ”; ചാരായഷാപ്പില്‍ നിന്നും ഒരു പരുക്കന്‍ ശബ്ദത്തില്‍ ആരോ ഉത്തരവിട്ടു.

ബിസോണിനും ഇന്റര്‍സോണിനും പാടിയ ശ്രീജിത്തും രാധാകൃഷ്ണനും പാടുന്നതിനൊപ്പം ഞങ്ങള്‍ കൂടെ പാടുന്നതിന്നെയാണോ ഇവന്മാര്‍ കാറുന്നു എന്ന് പറഞ്ഞത്. വെറുതെ വിടില്ല ഒരെണ്ണത്തിനെയും. സജി തൊണ്ട കീറി പാടാന്‍ തുടങ്ങി;

“ ശ്യാമസുന്ദര പുഷ്പമേ....”

“ മക്കളേ അത് രാജനാണ്. ഓനുമായിട്ട് ചൊറയാന്‍ നിക്കേണ്ട. ഇങ്ങള് വേഗം ഒന്ന് എറങ്ങിയാട്ടെ “; ഗോപാലേട്ടന്‍ അപേക്ഷിക്കുന്നത് പോലെ പറഞ്ഞു.

“ ഓഹോ അത് രാജനായിരുന്നോ? “; പ്രസാദ് പെട്ടന്ന് പാടാന്‍ തുടങ്ങി; “ രാജാ... കണ്ണീരിതെന്തേ രാജാ... സ്നേഹമയാ കേഴുകയാണോ...”

വിളികളും വെല്ലുവിളികളും പാട്ടുകളുമായി നേരം നീങ്ങി. ഇടയ്ക്കെങ്ങോ രാജന്‍ വിളിച്ചു പറഞ്ഞു;

“ ഗോപാല്‍ട്ടാ, എന്റെ പങ്കെങ്ങാന്‍ ആ പരല് പിള്ളമ്മാര്‍ക്ക് എടുത്ത് കൊടുത്താല്‍ ഇങ്ങളെ കട്ടപ്പൊഹയായിരിക്കും ”

മറുപടി പിന്നെയും പാട്ടില്‍ തന്നെ;

“ എന്റെ പങ്ക് നീയെടുത്തു, നിന്റെ പങ്ക് ഞാനെടുത്തു...“

“ ഒരൈഡിയ “; പ്രകാശന്‍ പെട്ടന്ന് പറഞ്ഞു; “ ഇനിയെന്തുകൊണ്ട് നമ്മക്ക് കഥാപ്രസംഗമായിക്കൂടാ? ”

സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ കഥാപ്രസംഗം അവന്റെ വീക്ക്‍നസ്സാണ്. സാംബശിവനും ചേര്‍ത്തല സിസ്റ്റേഴ്സുമായിരുന്നു അവന്റെ ആരാധനാപാത്രങ്ങള്‍.

കണ്ഠശുദ്ധി വരുത്തി സജി കൂട്ടിനെത്തി.

“ സുഹൃത്തുക്കളേ, ഞങ്ങളുടെ കഥയുടെ പേരാണ്... ‘ചേട്ടാ‍, ഒന്നു നില്‍ക്കൂ‘ “; ഉടനെ പ്രസി തിരുത്തി; “ രാജേട്ടാ, ഒന്നു നില്‍ക്കൂ “

കോറസ്സായി ഞങ്ങള്‍ തുടങ്ങി; “ കാഥികനല്ല കഥാകാരനല്ല ഞാന്‍....”

“ ആരാന്ന് കൂടെ അറിയാണ്ടാണോടാ നീയൊക്കെ ഇവിടെ വന്ന് നെലവിളിക്കുന്നത് “; കള്ള് ഷാപ്പ് വാതിക്കല്‍ കറുത്ത് ഭീമാകരനായ ഒരാള്‍. കൂടെ അഞ്ച്പത്ത് കെല്ലന്മാര്‍.

“ രാജാ, കോളെജ് പിള്ളേരാ, നീ അലമ്പുണ്ടാക്കല്ലേ “; ഗോപാലേട്ടന്‍ ഇടപെട്ടു.

അതിലൊന്നും ശ്രദ്ധിക്കാതെ സജിയും അജിയും പ്രസാദും കഥാപ്രസംഗം തുടരുകയാണ്;

“ കാട്ടിലേയ്ക്ക് പോകുന്ന രാജനെ നോക്കി നെഞ്ച്പിടഞ്ഞ് കരഞ്ഞുകൊണ്ട് സീത പാടി, ‘രാജാ ശ്രീരാജാ സീത വരും കൂടെ, നീ പോകും വഴിയെല്ലാം ഈ സീത വരും കൂടെ...‘ ”

ക്രുദ്ധനായി നിന്നിരുന്ന രാജന്‍ അത് കേട്ടതോടെ അറിയാതെ ചിരിച്ചുപോയി. പെട്ടന്ന് തന്നെ അതൊരു പൊട്ടിച്ചിരിയായും കൂടെവന്ന കെല്ലന്മാരും കൂടി ചേര്‍ന്ന് ഒരു കൂട്ടച്ചിരിയായും മാറി. അന്തം വിട്ടുനിന്ന ഗോപാലേട്ടനും ഒരടി പ്രതീക്ഷിച്ച് നിന്ന കുടിയന്മാരും കൂടെ കൂടി.

ചിരിക്കാന്‍ ഒരു കാരണവും വേണ്ടാതിരുന്ന ഞങ്ങളും അട്ടഹസിച്ച് ചിരിച്ച് കൊണ്ട് രാജന് ചുറ്റും നൃത്തം വയ്ക്കാന്‍ തുടങ്ങി.

രാജേട്ടന്റെ വക കള്ളൂം ഞങ്ങളുടെ വക സിഗരറ്റും കൈമാറി തട്ടുകടയില്‍ നിന്നും വരുത്തിയ ദോശയും തിന്ന് നേരം പുലരുന്നത് വരെ ആഘോഷിച്ച പത്തൊന്‍പത് വര്‍ഷം മുമ്പെയുള്ള ഒരു ന്യൂ ഇയറിന്റെ ഓര്‍മ്മയ്ക്ക്....

8 comments:

  1. പത്തൊന്‍പത് വര്‍ഷം മുമ്പെയുള്ള ഒരു ന്യൂ ഇയറിന്റെ ഓര്‍മ്മയ്ക്ക്....

    ReplyDelete
  2. പുതുവര്‍ഷാശംസകള്‍!!

    ReplyDelete
  3. അപ്പോള്‍ ആ ന്യൂ ഇയറിനു മാത്രം അടി കിട്ടിയില്ല അല്ലെ..:)

    പുതുവര്‍ഷാശംസകള്‍!!

    ReplyDelete
  4. ഒരടി പ്രതീക്ഷിച്ചു, മിസ്സായീ...

    പുതുവത്സരാശംസകള്‍

    ReplyDelete
  5. ഈ ഒര്‍‌മ്മക്കുറിപ്പു നന്നായി മാഷേ...

    പ്രയാസിയുടെ കമന്റും കലക്കി.


    പുതുവത്സരാശംസകള്‍‌!
    :)

    ReplyDelete
  6. ഹഹാ..അതൊക്കെ അന്നത്തെ ന്യൂ ഇയര്‍.. എപ്പോ എന്തോന്ന് ന്യൂ ഇയര്‍ അല്ലെ...
    അപ്പോ, പടിപ്പുരയ്ക്ക് സന്തോഷത്തിന്റേതായ ഒരു പുതുവര്‍ഷം നേരുന്നു

    ReplyDelete
  7. പ്രയാസി, ടൈറ്റില്‍ ‘അടിയൊഴിഞ്ഞുപോയ ന്യൂ ഇയറിന്റെ ഓര്‍മ്മയ്ക്ക്‘ എന്നാക്കി മാറ്റി :)

    പേരക്ക,പ്രിയ,ശ്രീ,നജീം :)

    ReplyDelete
  8. അപ്പോള്‍ അരു അടി ഒഴിഞ്ഞുകിട്ടി അല്ലെ..?
    പുതുവല്‍സര ആശംസകള്
    ഓര്‍മകള്‍ക്കെന്തു സുഗന്ധം അല്ലെ..?

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...