Sunday, May 05, 2013

തിരുടൻ


1988 ഡിസംബർ. കൊടൈകനാൽ-പഴനി-മധുര ടൂർ

അതിരാവിലത്തെ പഴനി മല കയറ്റം കയറി ഇറങ്ങി കാൽ കഴച്ച ഞാൻ, ഞങ്ങൾ യാത്രചെയ്തിരുന്ന ടൂറിസ്റ്റ് ബസ്സ് നിർത്തിയിട്ടിരുന്നതിന്റെ സമീപമുള്ള ഒരു മരതണലിൽ കുത്തിയിരുന്നു. ബസ്സ് പുറപ്പെടാൻ ഒരു മണിക്കൂർ കൂടെ ബാക്കിയുണ്ട് എന്ന് ടൂർ ക്യാപ്ടൻ സുരേഷ് പ്രഖ്യാപിച്ചത് കേട്ട് എല്ലാവരും പഴനി ടൗണിൽ ഷോപ്പിംഗിനും നഗരക്കാഴ്ചകൾ കാണാനുമായി ഇറങ്ങിയിരിക്കുകയാണ്. മലയിറങ്ങുമ്പോൾ കൂടെയുണ്ടായിരുന്ന ഹരിഷും പ്രസിയും ദിൽജിയുമൊക്ക സിഗറട്ടും വാങ്ങിവരാം എന്നും പറഞ്ഞ് പോയിട്ട് കാണാനില്ല. വായിൽനോക്കികളായതുകൊണ്ട് അവന്മാർ ഉടനെയൊന്നും തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയും എനിക്കില്ല. 

അപ്പോഴാണ് മുന്നിലത്തെ ഗലിയിൽ നിന്നും താങ്ങാവുന്നതിലധികം ഭാരമുള്ള ഒരു ബിഗ് ഷോപ്പറും തൂക്കി ധൃതിയിൽ നടന്നുവരുന്ന രാധാകൃഷ്ണനെ ഞാൻ കണ്ടത്. തൊട്ടുപിന്നിലായി സജിയും. ഇവന്മാർക്ക് ഇത്രയും ഷോപ്പിംഗോ! എനിക്ക് അതുഭുതമായി. എന്നെ നോക്കി ഒരു കള്ളചിരിയും പാസ്സാക്കി രാധു ബാഗ് താങ്ങിപ്പിടിച്ച് ബസ്സിനകത്തേക്ക് കയറിപ്പോയി. സജി എന്റെ അടുത്തു  വന്നിരുന്ന് അവൻ വലിച്ചുകൊണ്ടിരുന്ന സിഗറട്ട് എനിക്ക് നീട്ടി പറഞ്ഞു; ‘ചൂണ്ടിയ സാധനങ്ങൾ കയ്യിൽ കൊള്ളാതായപ്പോ ഞങ്ങളൊരു ബിഗ് ഷോപ്പർ ചൂണ്ടി എല്ലാം അതിൽ നിറച്ചു’ 

സാധനങ്ങൾ ബസ്സിൽ അണ്ലോഡ് ചെയ്ത്, ചുരുട്ടിപ്പിടിച്ച ബിഗ്ഷോപ്പറുമായി രാധു തിരിച്ചെത്തി. രണ്ടുപേരും കൂടെ അടുത്ത റൗണ്ട്സിനുള്ള പുറപ്പാടാണ്. കാൽ വേദനകാരണം കൂടെചെല്ലാനുള്ള അവരുടെ ക്ഷണം എനിക്ക് ദുഖത്തോടെ നിരസിക്കേണ്ടി വന്നു 

സമീപത്തെവിടെനിന്നോ ഹരിഷിന്റെ ശബ്ദം കേട്ടു. അവൻ വല്ലവരോടും തല്ല് കൂടുകയാണോ എന്നറിയാൻ ഞാൻ ഏന്തി വലിഞ്ഞു നോക്കുമ്പോഴുണ്ട്, സൈക്കിളിൽ എതിരെ വന്ന ഒരു തമിഴനെയും ചീത്ത വിളിച്ചുകൊണ്ട്, ഒരു വട്ടത്തൊപ്പി ചുണ്ട് വിരലിൽ ഇട്ട്  കറക്കി  അവൻ എന്റെ അടുത്തേക്ക് നടന്നുവരുന്നു. തൊപ്പി എന്റെ തലയിൽ വച്ച് തന്ന് സോഡവാങ്ങിവരാം എന്നും പറഞ്ഞ് അവൻ  റോഡിനപ്പുറത്തെ കടയിലേക്ക് നടന്നു. 

തലയിൽ നിന്നും തൊപ്പി എടുത്ത് ഞാൻ തിരിച്ചും മറച്ചും നോക്കി. നല്ല ഭംഗിയുള്ള ബ്രൗൺ നിറത്തിലുള്ള  ക്യാൻവാസ് തൊപ്പി. അത് തലയിൽ തന്നെ വച്ച് ഞാൻ മരത്തിൽ ചാരിയിരുന്നു. 

കുറച്ചപ്പുറത്ത് നിന്നും മൂന്ന് നാല് തമിഴത്തികൾ ഞാനിരിക്കുന്ന മരത്തിനടുത്തേക്ക് വിരൽ ചൂണ്ടി എന്തോ സംസാരിക്കുന്നത് അപ്പൊഴാണ് ഞാൻ ശ്രദ്ധിച്ചത്. ഒന്നുരണ്ട്  ആണുങ്ങൾ കൂടെ കൂടിയപ്പോൾ അവരുടെ സംസാരത്തിന് ശബ്ദം കൂടി. എന്റെ അപ്പുറത്ത് ഒരു തമിഴൻ ഉന്തുവണ്ടിയിൽ ഇസ്തിരി ഇട്ടുകൊണ്ട് നില്ക്കുന്നുണ്ട്. അയാളെ കൈകാര്യം ചെയ്യാനുള്ള പരിപാടിയാണെന്ന് തോനുന്നു. തിരുടൻ തിരുടൻ എന്നൊക്കെ പറഞ്ഞ്  മരത്തിനടുത്തേക്കാണ് നടന്നുവരുന്ന സംഘത്തെ നയിക്കുന്നത് പെണ്ണുങ്ങളാണ്. തമിഴ് പെണ്ണുങ്ങൾ ഭയങ്കപുള്ളികളാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇസ്തിരിക്കാരന്റെ കാര്യം പോക്ക് തന്നെ. ഞാൻ ഇസ്തിരിക്കാരനെ സഹതാപപൂർവ്വം നോക്കി. 

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ  മരത്തണലിലിരിക്കുകയായിരുന്ന എനിക്കു ചുറ്റും കൂടി തമിഴിൽ എന്തൊക്കെയോ ആക്രോശിച്ചു. കൂട്ടത്തിലെ ഒരു ചേട്ടൻ ഷർട്ടിന്റെ കോളറയിൽ കുത്തി  പിടിച്ച് എന്നെ പൊക്കി നിർത്തി. ഒരു ചേച്ചി എന്റെ തലയിലെ തൊപ്പി റാഞ്ചിയെടുത്തു. അന്തം വിട്ടുനില്ക്കുകയയിരുന്ന എന്റെ കരണക്കുറ്റിനോക്കി വേറൊരു ചേട്ടൻ ഒരു പെട പെടച്ചപ്പോഴാണ് പൊന്നീച്ച എന്ന അത്ഭുത പ്രാണിയെ ഞാൻ ആദ്യമായി കാണുന്നത്. പൊന്നീച്ച എന്റെ കണ്ണിൽ നിന്നും പുറത്തേക്ക് പറന്ന്, തമിഴന്മാരെ കണ്ട് ഭയന്നാവാം  തിരിച്ച് കണ്ണിലേക്ക് തന്നെ കയറിയ ഒരനുഭവം. ആളുകളൊക്കെ ചുറ്റും കൂടുന്നുണ്ടെങ്കിലും എന്റെ  കൂട്ടത്തിലുള്ള ഒരുത്തനെയും കാണാനുമില്ല. കാശ്, തിരുടൻ എന്നൊക്കെ തമിഴ് പുലികൾ അട്ടഹസിക്കുന്നുണ്ട്.  കഴുത്തിലെ പിടികാരണം മലയാളത്തിൽ ഒന്ന് അലറാൻപോലും എനിക്ക് ആവുന്നുമില്ല. അണ്ണൻ പിന്നെയും കൈപൊക്കുമ്പോഴാണ് ഭാഗ്യത്തിന് ഹരിഷും പ്രസിയും  സുരേഷും  ദില്ജിയുമൊക്കെ എവിടെനിന്നൊക്കെയോ ഓടിവരുന്നത്. അവർ ഇടയിൽ ചാടിവീണ്, പൊക്കിനിർത്തിയ അണ്ണന്റെ കയ്യിൽ നിന്നും എന്നെ താഴത്തിറക്കി.  വാഗ്വാദങ്ങളും ഉന്തും തള്ളും സാഷ്ടാംഗമടിക്കലുമൊക്കെ നടക്കുന്നത് ഒരു പുകമറയിൽ പെട്ടതുപോലെ ഞാൻ കേൾക്കുന്നും കാണുന്നുമുണ്ട്.  തമിഴത്തിക്ക് ഹരിഷ് തൊപ്പിയുടെ  പണം എണ്ണിക്കൊടുന്നതും പ്രസിയും ദില്ജിയും സുരെഷുമൊക്കെ ചേർന്ന് തമിഴരെ പറഞ്ഞയക്കുന്നതും നോക്കി ഞാൻ അന്തിച്ച് നിന്നു. 

തമിഴർ പിരിഞ്ഞതോടെ ആദ്യം  അവിടൊരു നിശ്ശബ്ദതയും പിന്നീടുടനെതന്നെ ഒരു കൂട്ടച്ചിരിയും പരന്നു. തൊപ്പി എന്റെ തലയിൽ തന്നെ വച്ച് തന്ന്, പിടിവലിക്കിടയിൽ ഷോൾഡർ മുഴുവനായും കീറീതൂങ്ങിയ എന്റെ ഷർട്ട് നേരെയാക്കിപിടിച്ച്,  ഹരിഷ് പറഞ്ഞു; 

‘നീ ക്ഷമിയെടാ,  ഒക്കെ നിന്റെ തലേലെഴുത്ത്!’

*

രജനികാന്ത്, ആമ എന്നീ രണ്ടേ രണ്ടു തമിഴ് വാക്കുകൾ മാത്രമറിയാമായിരുന്ന ഞാൻ,  ആ സംഭവത്തോടെ  തമിഴിലെ ഒരു വാക്ക് കൂടെ പഠിച്ചു- 'തിരുടൻ'

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...