Sunday, November 10, 2013

താളുകളില്‍...

ഉറങ്ങിക്കഴിഞ്ഞാല്‍ ആന ചവിട്ടിയാലും പ്രകാശന്‍ അറിയില്ല. കിടന്നാല്‍ കിടന്നിടം കുഴിഞ്ഞുപോകുന്ന, നൈലോണ്‍ റിബണുകള്‍ കൊണ്ട് മെടഞ്ഞ ഇരുമ്പ് കട്ടിലില്‍ മരം വെട്ടിയിട്ടത് പോലെ ഒറ്റ ഉറക്കമായിരിക്കും.  

കിടക്കുന്നതിന് മുമ്പേ എന്നും പതിവ് പോലെ അവന്റെ ടൈമ്പീസില്‍ രാവിലെ 5 മണിക്കേക്ക് അലാറം സെറ്റ് ചെയ്ത്, ചാവി കൊടുത്ത് കട്ടിലിന്റെ തലയ്ക്കുള്ള ജനല്‍ പടിയില്‍ വയ്ക്കും, അക്കൌണ്ടന്‍സി പഠിക്കാനുണ്ട് എന്ന പതിവ് പ്രസ്താവനയും. രാവിലെ ദിഗന്ദങ്ങൾ നടുങ്ങുമാറ് ഉച്ചത്തിൽ  അലാറം അടിക്കുകയും, അത് കേട്ട് അടുത്ത മുറികളിലും വീടുകളിലും താമസിക്കുന്നവര്‍വരെ ഞെട്ടി ഉണര്‍ന്നാലും പ്രകാശന്‍ ഒന്നുമറിയാതെ അക്ഷോഭ്യനായി ഉറങ്ങുന്നുണ്ടാവും. ഉറക്കപ്പിച്ചില്‍ എഴുന്നേറ്റ് വന്ന്‍ ഞാനത് മുറിയുടെ ഏതെങ്കിലും കോണിലേക്ക് വലിച്ചെറിഞ്ഞ് അതിന്റെ അട്ടഹാസം അവസാനിപ്പിക്കും. മൂന്ന്‍ വര്‍ഷം നിരന്തരമായ ചവിട്ടും തൊഴിയുമേറ്റിട്ടും ആ അലാറം ടൈമ്പീസ് മുടക്കമില്ലാതെ, പരാതിയില്ലാതെ പ്രവര്‍ത്തിച്ച് കൊണ്ടേയിരുന്നു. കോളെജ് അവസാനിച്ച് മുറിയൊഴിഞ്ഞു പോകുമ്പോള്‍ പ്രകാശന്‍ അത് തിരികെ കൊണ്ടുപോയി.

തറയില്‍ പായവിരിച്ച് കിടന്നുറങ്ങുന്ന ഞാന്‍, മഴക്കാലത്ത് തണുപ്പ് അസഹ്യമാവുമ്പോള്‍ കട്ടിലില്‍ നിന്നും അവനെ  ഉരുട്ടി താഴെയിട്ട് അതില്‍ കേറി മൂടിപ്പുതച്ച് കിടന്നുറങ്ങും. കാലത്ത് ആദ്യം എഴുന്നേല്‍ക്കുന്നത് ഞാനായത് കാരണം സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന്‍ അവന് ഒരിക്കലും മനസ്സിലായിരുന്നില്ല. നിലത്ത് കിടന്നുറങ്ങുന്ന അവനെ വിളിച്ചുണര്‍ത്തി ഞാന്‍ സഹതാപം നടിച്ച് പറയും;

"എടാ, നീ ബോധോം കഥയും ഇല്ലാതെ ഉറങ്ങി, കട്ടിലില്‍ നിന്നും ഇങ്ങിനെ വീണ് ഒരു ദിവസം നിന്റെ കയ്യോ കാലോ ഒടിയും, പറഞ്ഞേക്കാം"

ഉറക്കത്തില്‍ കട്ടിലില്‍ നിന്നും വീണതാണ് എന്ന്‍ കരുതി കയ്യും കാലുമൊക്കെ നീട്ടി വലിച്ച് കുടഞ്ഞു, ഒന്നും ഒടിഞ്ഞിട്ടില്ല എന്ന്‍ ഉറപ്പുവരുത്തി അവന്‍ ഉച്ചത്തില്‍ പാട്ടും പാടി കുളിക്കാന്‍ കയറും. 

ഉറക്കത്തില്‍ നിന്നും അവനെ വിളിച്ചുണര്‍ത്തുന്നത് എളുപ്പമുള്ള കാര്യമല്ല. പടക്കത്തിന് തീകൊടുക്കുന്ന ഗൌരവത്തോടെ വേണം സമീപിക്കുന്നത്.  ചവിട്ടു, തൊഴി, വലിയ വായിലുള്ള തെറി എന്നിവ കിട്ടി ഒരു പരുവത്തിലായത് കാരണം, മഗ്ഗില്‍ വെള്ളം കൊണ്ട് വന്ന്‍ അവന്റെ മുഖത്തേക്ക് തെറിപ്പിക്കുക, അല്ലെങ്കില്‍ പെന്‍സിലോ പേനയോ കൊണ്ട് കാലിനടിയില്‍ ഇക്കിളികൂട്ടുക എന്നിങ്ങനെയൊക്കെ ചെയ്താണ് ഞാന്‍ അവനെ ഉണര്‍ത്തുക പതിവ്.

തിരിഞ്ഞുകളി, വായനോട്ടം, സിനിമകാണല്‍  തുടങ്ങി എല്ലാ പരിപാടികളും ഞങ്ങള്‍ ഒരുമിച്ചാണ്. തെലുങ്ക്, തമിഴ്, ഇംഗ്ലിഷ്, ഹിന്ദി, മലയാളം തുടങ്ങി ഏതു ഭാഷയിലുള്ള സിനിമകള്‍ വന്നാലും ആദ്യ ദിവസം തന്നെ ബാലുശ്ശേരിയിലെ ടാക്കിസുകളില്‍ സെക്കന്‍ഡ ഷോക്ക് ഞങ്ങള്‍, ഗാന്ധി ക്ലാസ്സില്‍ ഹാജരുണ്ടാവും.  പെരുമഴ പെയ്യുന്ന ഒരു രാത്രിയില്‍ ഞങ്ങള്‍ സിനിമക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പ്രകാശന്‍ പെട്ടന്ന്‍ കാലുമാറി. തണുക്കുന്നു, ഉറക്കം വരുന്നു എന്നൊക്കെപറഞ്ഞു എന്റെ പ്രലോഭനങ്ങളെയും ഭീഷണിപ്പെടുത്തലുകളെയും വകവയ്ക്കാതെ അവന്‍ ഒഴിഞ്ഞുമാറി. മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ലെന്ന വാശിയില്‍ ലുങ്കിയും മടക്കി കുത്തി കുടയും ചൂടി ഒരു ബീഡിയും വലിച്ചോണ്ട് ഞാന്‍ ഒറ്റയ്ക്ക് സിനിമടാക്കിസിലെക്ക് നടന്നു.

ചീട്ടുകളിയുടെ സ്കോര്‍ എഴുതാനുപയോഗിക്കുന്ന കുറച്ചു ന്യുസ് പ്രിന്റുകളും, തലയിണയായി ഉപയോഗിക്കുന്ന MSശുക്ല TSഗ്രിവാള്‍ സഖ്യമെഴുതിയ എക്കൌണ്ടന്‍സി ടെസ്റ്റ്‌ ബുക്കും,  ഞങ്ങളുടെ വസ്ത്രങ്ങളുമല്ലാതെ മുറിയില്‍ വിലപിടിപ്പുള്ളതായി മറ്റൊന്നും ഇല്ല എങ്കിലും, മുറി അടച്ച് പൂട്ടാതെ പ്രകാശന്‍ ഒറ്റയ്ക്ക് കിടക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അവനെ വിളിക്കാനായി മുറിയുടെ വരാന്തയില്‍ ഒരു നീളന്‍ കോല് ചുമരോട് ചാരി വച്ചിട്ടുണ്ട്. അതെടുത്ത് ജനലഴിക്കുള്ളിലൂടെ കടത്തി തോണ്ടി വേണം അവനെ ഉണര്‍ത്താന്‍. അന്ന്‍ സിനിമ കഴിഞ്ഞ് പെരുമഴയത്ത് നനഞ്ഞു കുളിച്ച്  തിരിച്ച് വന്ന്‍ ജനല്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഞെട്ടലോടെ ഞാനത് തിരിച്ചറിഞ്ഞു, അവന്‍ ജനലും അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുന്നു! വാതിലും ജനലും മാറി മാറി മുട്ടിയിട്ടും കാറി വിളിച്ചിട്ടും അവന്‍ അറിഞ്ഞതേയില്ല. അടുത്ത മുറിയില്‍ താമസിച്ചിരുന്ന ഇച്ചായന്‍ എന്തോ കാര്യത്തിനു അവധിയെടുത്ത് നാട്ടില്‍ പോയതുകാരണം അവിടെയും ആരുമില്ല.  കോരിചെരിയുന്ന മഴയില്‍ നനഞ്ഞ വസ്ത്രങ്ങളില്‍ ചിമ്മാനടിക്കുന്ന വരാന്തയില്‍ തണുത്ത് വിറച്ച് എനിക്ക് നേരം വെളുപ്പിക്കേണ്ടി വന്നു.

പിറ്റേന്ന പ്രകാശന്‍റെ പൊറോട്ട, ബീഫ്, സിനിമ ടിക്കറ്റ് തുടങ്ങിയ സകല പ്രലോഭനങ്ങളെയും അതിജീവിച്ച് ഇതിനു പ്രതികാരം ചെയ്യാതെ അടങ്ങില്ലെന്ന് ഞാന്‍ പ്രഖ്യാപിച്ചു. അവധി കഴിഞ്ഞ് വന്ന ഇച്ചായന്റെ പിന്തുണയോടെ ഒരു ഞായറാഴ്ച ഉച്ച ഭക്ഷണത്തിന് ശേഷം ബോധവും കഥയുമില്ലാതെ ഉറങ്ങുകയായിരുന്ന പ്രകാശന്‍റെ മീശ പകുതി വടിച്ചുമാറ്റി ഞാന്‍ പ്രതികാരം ചെയ്ത് ആത്മനിര്‍വൃതി നേടി. 

ഉര്‍വ്വശി ശാപം ഉപകാരം എന്ന്‍ പറഞ്ഞതുപോലെ, മീശയില്ലാതെയാണ് പ്രകാശനെ കാണാന്‍ ഭംഗി എന്ന്‍ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ പറഞ്ഞതോടെ പിന്നിട് അവന്‍ സ്ഥിരമായി മീശ എടുത്ത് തുടങ്ങി.

രമണീയം ഒരു കാലം

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...