Thursday, December 29, 2011

അന്വേഷണങ്ങൾ


“യു ആർ മാഡ്“; കർപ്പൂര തുളസിയും തേനും ചേർത്ത പുകയില നിറച്ച, പുകയുന്ന ഹുക്ക എനിക്ക് മുന്നിൽ വച്ച് യാസ്മിൻ  പറഞ്ഞു; “യു ആർ ആഡിക്റ്റട് റ്റു ദിസ്. എന്നെ കാണാനാണെന്ന കാരണവും! ആൻഡ് ഈഫ് യു തിങ്ക് അബൌട് മി, ഒരു അറബിയ്ക്കൊപ്പം പോയാൽ ഒരു രാത്രി എനിക്ക് കിട്ടുന്നത് ഏറ്റവും കുറഞ്ഞത് നൂറ് ഡോളറാണ്. നിന്റെ പ്രണയത്തേക്കാൾ എനിക്ക് ആവശ്യം പണമാണ്...“

ഷീഷബാറിൽ ഞാൻ പുക ആഞ്ഞു വലിച്ചു. സിരകളിൽ ഉന്മാദമുണ്ടോ എന്നറിയാൻ വേനൽക്കാല മരുഭൂമിയിൽ, രാത്രിയിലും വീശുന്ന ചൂടുകാറ്റിൽ ഞാൻ എന്റെ തലച്ചോറിൽ പരതി

പുഴക്കരയിലെ കുറ്റിക്കാട്ടിൽ, ചന്തൂട്ടിയേട്ടൻ  തന്നിരുന്ന ബാറ്ററിയിട്ട് വാറ്റിയ ചാരായത്തിന്റെ ലഹരിയെക്കാളും, പാളയത്ത് സൈക്കിൾ കടയിൽ ഗോപാലേട്ടൻ ചെറിയ കടലാസ് പൊതികളിൽ തന്നിരുന്ന  വയനാടൻ കഞ്ചാവിന്റെ ലഹരിയെക്കാളും, ബാംഗ്ലൂരിൽ ശിവാജിനഗറിലെ ഗലികൾക്കിടയിൽ ഊസുക്ക തന്നിരുന്ന ഭാംഗിന്റെ ലഹരിയെക്കാളും എത്രയോ താഴയാണ് മോളേ, യാസ്മിൻ യാസ്സിൻ എന്ന മൊറോക്കൻ സുന്ദരീ, പാതിമറച്ച മാറിടം കാണിച്ച് നീ ഈ തരുന്ന പുകചുരളുകൾ.

ധനുഷ്കോടിയിൽ, കടൽ സംഗമത്തിൽ, പൂർണ്ണ ചന്ദ്രനിൽ കടപ്പുറത്ത് എന്റെ കൈകൾ കോർത്ത് പിടിച്ച് യമുന പൂഴിമണ്ണിൽ മലർന്നുകിടന്നു; “ഡാ നീ വേണം, എന്റെ കൂടെ എന്നും”

“നിനക്ക് ഭ്രാന്താണ്“;  അജയൻ അലറി; “രാത്രിയിലെ കടൽ കാണിക്കാൻ നീയവളെ ധനുഷ്കോടിയിൽ കൊണ്ടുപോയി. നിലാവിൽ യമുന ഒഴുകുന്നത്  കാണിക്കാൻ  ആഗ്രയിൽ കൊണ്ടുപോയി. മോഡലിംഗ് ഫാഷൻ എന്നൊക്കെ പറഞ്ഞ് അവൾക്ക് തുലക്കാൻ നിന്റെ പണം. അവൾക്ക് താമസിക്കാൻ നിന്റെ ഫ്ലാറ്റ്. അവൾക്ക് വച്ചുണ്ടാക്കിക്കൊടുക്കാൻ നിന്റെ വക കുശ്നിക്കാരൻ. എല്ലാം ഊറ്റിയെടുത്ത് നാളെ അവൾ പൊടിയും തട്ടി പോകുമ്പോൾ  നരകത്തിലേക്ക് പോകുന്നത് നീ തനിച്ചായിരിക്കും... യു ഫൂൾ“

“ഇറ്റ്സ് മൈ കാരിയർ യു ഇഡിയറ്റ്”; യമുനയുടെ ചിരിയിൽ മോഡലിംഗിൽ അവൾക്ക് കയറിപോകാനുള്ള ഉയരങ്ങളെകുറിച്ചുള്ള ആവേശം; “ഹോങ്കോംഗിലാണ് ഫാഷന്റെ ലോകം. അവിടെ നിന്നും ഞാൻ ലണ്ടനിലേക്ക് പോകും. കുറച്ച് കഴിഞ്ഞ് നിന്നെയും ഞാൻ കൊണ്ടുപോകുമെടാ“

എന്റെ രണ്ടിരട്ടി ഉയരമുള്ള, മുടി പിന്നിൽ മെടഞ്ഞുകെട്ടി, വൃത്തിയിൽ ഷേവ് ചെയ്ത ആംഗ്ലോ അഫ്ഗാൻ ഫാഷൻ ഡിസൈനർ എബ്രഹാം അമന്റെ അരയിൽ കൈചുറ്റി, കൊതിപ്പിക്കുന്ന അവളുടെ കണ്ണുകളിൽ സഹതാപം കാണിച്ച് യമുന പറഞ്ഞു;

“ഡോണ്ട് ബി ലൈക്ക് ദിസ് ഡാ“

എബ്രഹാം അമന്റെ അസഹിഷ്ണുത നിറഞ്ഞ നോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ ഞാൻ മൊബൈലിൽ അജയന്റെ നമ്പർ പരതി.

“എവിടെയാണെടാ നീ? ഏത് പണ്ടാരത്തിലാണെങ്കിലും കേറി നാട്ടിലേക്ക് വരിക”; അജയൻ

കുട്ടിക്കാലത്ത് കൂട്ടുകാർക്കുമൊപ്പം മതിമറന്ന് നീന്തികളിച്ച കൊറുമ്പാത്തി കുളത്തിലെ പടവുകളിൽ, തെളിഞ്ഞ വെള്ളത്തിലിരുന്ന് അജയൻ കരുണയോടെ പറഞ്ഞൂ;

“നീ ഈ വാസിലേഷനിൽ നിന്നും പുറത്തു വരിക, എനിക്കറിയാം യു കാണ്ട്. സ്റ്റിൽ വന്നേ പറ്റൂ. എനിക്ക് എന്റെ പഴയ ആ നിന്നെ വേണം. നിന്റെ സൌഹൃദം വേണം”

കുളത്തിൽ നിറയെ വിടർന്ന് നിൽക്കുന്ന ചുവപ്പും പിങ്കും കലർന്ന ആമ്പൽപൂക്കൾ. ഒരു ഫാഷൻ  ഷോയ്ക്ക് മുമ്പൊരിക്കൽ ഈ പൂക്കളെ ഓർത്തായിരുന്നു യമുനക്കുള്ള വസ്ത്രം ഡിസൈൻ ചെയ്തത്.

ഓണക്കാലമാണ്. കുളക്കരയിൽ, കുരുത്തോലകൾ കോർത്ത ഓലക്കുട ചൂടിയ ഓണത്തപ്പൻ ദക്ഷിണ വാങ്ങി തെച്ചിപൂക്കൾ തലയിൽ വിതറി, നെറ്റിയിൽ കുങ്കുമം ചാർത്തി തന്ന് അനുഗ്രഹിച്ചു.

“വിഡ്ഡി. ഒളിച്ചോടാനെ നിനക്ക് അറിയൂ“; അജയന്റെ ഓഫ് ലൈൻ ചാറ്റ് മെസ്സേജ് കണ്ടില്ലെന്ന് നടിച്ച് ഞാൻ പഞ്ചാബി മോഡൽ അർഷ്‌പ്രീതിനോട് പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലൂടെ മഴയിൽ ഒരു യാത്രയ്ക്ക് കൂടെ പോരാൻ കെഞ്ചി. റാംപിൽ അവളുടെ ചടുലനീക്കങ്ങൾക്കൊപ്പം അനുസരണയില്ലാതെ പറക്കുന്ന അവളുടെ മുടിയിഴകളിൽ മഴ നനഞ്ഞ് മുഖമമർത്തി നിൽക്കണം എനിക്ക്. അവളും അവളുടെ ലെസ്ബിയൻ പ്രണയിനി ഗുനീതും തീപാറുന്ന കണ്ണുകളോടെ എന്നെ നോക്കുകയാണ്.

അസമയത്തെ ഡ്രിങ്കുകൾക്കിടയിലെ വിളികൾ മറ്റാരും അറ്റൻഡ് ചെയ്തില്ലെങ്കിലും അജയൻ അറ്റൻഡ് ചെയ്യും. അവന്റെ ചീത്ത വിളിയും ദേഷ്യവും മറ്റൊരു ലഹരി തന്നെ;

“നിനക്ക് മാത്രം എവിടെനിന്നെടാ ഈമാതിരി വിചിത്രജീവികളുടെ കൂട്ടു കിട്ടുന്നു! അവർ നിന്നെ തേടി വരുന്നതോ അതോ നീ അവരെ തേടി പോകുന്നതോ!”

ദേഷ്യവും പരിഭവവും തീരുമ്പോൾ അജയൻ പറയും; “മതിയാക്കി വാടാ. ആരെയൊക്കെയോ ബോധിപ്പിക്കാനാണെങ്കിൽ പോലും നീ വരച്ച ചിത്രങ്ങളുടെ ഒരു കലക്ഷൻ എന്റെ കയ്യിലുണ്ട്. നമുക്കൊരു ആർട്ട് ഗാലറി തുടങ്ങണം. നിന്റെ ചിത്രങ്ങൾ, നിന്റെ ശില്പങ്ങൾ, നിന്റെ ഭ്രാന്തുകൾ എല്ലാം നീ അവിടെയിരുന്ന് ചെയ്യ്”

അജയൻ,
ഞാൻ ഒറ്റയ്ക്കൊരു യാത്ര പോവുകയാണ്. എവിടേയ്ക്കാണെന്നോ എന്തിനാണെന്നോ എപ്പോൾ തിരിച്ചു വരുമെന്നോ എന്നെനിക്കറിയില്ല. ഒന്നും കൂടെ കൊണ്ടുപോകുന്നില്ല. ഒന്നും കൂടെ കൊണ്ടുപോകാൻ ഇല്ല എന്നു പറയുന്നതായിരിക്കും ഒരുപക്ഷേ ശരി. കുറച്ച് പുസ്തകങ്ങളും സിഡികളും എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകളും കൂട്ടിക്കെട്ടി പെട്ടിയിലാക്കി നിനക്ക് അയച്ചിട്ടുണ്ട്. നിനക്കതിനെക്കൊണ്ട് ആവശ്യമൊന്നും വരില്ല. നിനക്ക് തരാൻ പക്ഷേ എന്റെ കയ്യിൽ ഇതു മാത്രമേ ഉള്ളൂ.

Wednesday, December 28, 2011

കഥയറിയാതെ അശോകൻ ചരുവിൽഇടുക്കിയിലെ കുഞ്ഞുങ്ങൾ എങ്ങിനെയാണ് രാത്രിയിൽ കിടന്നുറങ്ങുന്നത് എന്ന് നിശ്ചയമില്ലെങ്കിലും വെള്ളമില്ലാതെ വരണ്ട കൃഷിയിടങ്ങളെ സ്വപ്നത്തിൽ കണ്ട് ഭയന്ന്  തേനിയിലെ തമിഴൻ ഉറങ്ങുന്നുണ്ടാവില്ല എന്ന് ശ്രീ അശോകൻ ചരുവിലിന് അറിയാം. സർക്കാറുകൾ ഭയം ഉത്പാദിപ്പിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഒരു മുൻകൂർ ജാമ്യമെന്നോണം ലേഖനത്തിൽ അദ്ദേഹം പറയുന്നുമുണ്ട്- ‘മുല്ലപ്പെരിയാറിനെകുറിച്ച് ഞാൻ ഒന്നും എഴുതില്ല. അതിനുള്ള സാങ്കേതിക പരിഞ്ജാനമില്ല’ എന്ന്.

അതാത് വിഷയങ്ങളിൽ ‘സാങ്കേതിക പരിഞ്ജാനം’ ഉള്ളവർ മാത്രമേ ആ വിഷയത്തെ കുറിച്ച് സംസാരിക്കാവു. ഒരു സാമൂഹിക പ്രശ്നം വരുമ്പോൾ പോലും ആരും കാര്യത്തെകുറിച്ച് പഠിക്കാനോ പ്രതികരിക്കാനോ പാടുള്ളതേ അല്ല!

പകരം ചെന്നയിലെ ചുവന്ന ചായമടിച്ച സെൻട്രൽ സ്റ്റേഷനിലുള്ളിലും  ഒരുകാലത്ത് കേരളത്തിന്റെ പാതി തലസ്ഥാനമായിരുന്ന ആ നഗരത്തിലെ ഗലികൾക്കിടയിലും കുതിരച്ചാണകത്തിന്റെയും മുല്ലപ്പൂവിന്റെയും മണമേറ്റ് സാത്തുകുടി നീരുകുടിച്ചും എംജിആറിന്റെ തമിഴ് സിനിമകണ്ടും നടന്ന ഒരു കാലത്തിന്റെ മാസ്മരികതയിൽ മുങ്ങി തപ്പുകയാണ് അദ്ദേഹം. (നൊസ്റ്റാൾജിയ മലയാളിക്ക് എങ്ങിനെയാണ് ചീത്തപ്പേരുണ്ടാക്കിയത് എന്നതിനെ കുറിച്ച് ആരോ ചോദിച്ചത് ഓർത്തുപോകുന്നു!)

ഭൂചലന ഭീഷണി നിലനിൽക്കുന്ന ഒരു മേഖലയിൽ കാലപ്പഴക്കം അതിക്രമിച്ച് ഭൂചലനങ്ങൾ  അതിജീവിക്കാൻ സാദ്ധ്യതയില്ലാത്ത, തകർന്നാൽ മുപ്പത്തഞ്ച് ലക്ഷത്തോളം വരുന്ന മൻഷ്യജീവൻ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ള മുല്ലപെരിയാർ ഡാം മാറ്റിപണിയണമെന്നേ നാം  ആവശ്യപെടുന്നുള്ളൂ. തമിഴ് നാടിന് അവർക്ക് അർഹമായ ജലം നൽകാമെന്ന് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നുണ്ട്, ബന്ധപ്പെട്ടവർ.

ഇനി അതുമല്ലെങ്കിൽ കാത്തിരിക്കാം. ദുരന്തം സംഭവിച്ചതിന് ശേഷം അതേകുറിച്ച് നമുക്ക് കവിതകളും കഥകളും ലേഖനങ്ങളും എഴുതാം.

ദുരന്തം ആഘോഷമാക്കാം.

(ഇന്നത്തെ ‘മനോരമ‘ പത്രത്തിൽ ശ്രീ. അശോകൻ ചരുവിലിന്റെ ‘കഥയറിയാതെ’ എന്ന കോളം വായിച്ചപ്പോൾ തോനിയത്)

Tuesday, December 20, 2011

ജുഗൽബന്ദി


രാവിലെ ഓഫീസിലേയ്ക്കുള്ള കാർ പൂളിൽ, സിഡിപ്ലയറിൽ നിന്നും സാക്കിർ ഹുസൈനും അച്ഛൻ അള്ള രാഖയും തബലയിലുള്ള ജുഗൽബന്ദി. സഹപ്രവർത്തകൻ വെക്കേഷന് നാട്ടിൽ പോയി തിരിച്ചു വന്നപ്പോൾ കൊണ്ടുവന്നതാണ് സിഡി.

***
കോളെജ് കാലം കഴിഞ്ഞ് രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള ഒരു വൈകുന്നേരം.
മലബാർ മഹോത്സവത്തിനായി കോഴിക്കോട് കടപ്പുറത്ത് കെട്ടി ഉയർത്തിയ വമ്പൻ സ്റ്റേജ്. ആളുകൾ ഒറ്റയ്ക്കും കൂട്ടായും കുടുംബമായും എത്തിതുടങ്ങുന്നു. ഉന്തു വണ്ടികളിൽ ഉപ്പിലിട്ട ഐറ്റംസ്, കപ്പലണ്ടി, നാരങ്ങവെള്ളം, ഐസ്ക്രീം കച്ചവടങ്ങൾ പൊടിപൊടിക്കുന്നു.

അന്നത്തെ പരിപാടിയായ ജുഗൽബന്ദിയുടെ ബോഡുകളും നോക്കി കടലയും കൊറിച്ച്  കടപ്പുറത്തുകൂടെ നടക്കുന്നതിനിടയിൽ ദേവൻ അജയനോട് ചോദിച്ചു;
“എന്തുവാടാ ഈ ജുഗൽബന്ദി ജുഗൽബന്ദീന്ന് വെച്ചാൽ?”

“അത് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസികിലെ ഒരു ഐറ്റമാണ്. രണ്ട് സംഗീതജ്ഞർ തമ്മിലുള്ള ഒരു കോംബിനേഷൻ പരിപാടി”

“എന്നെച്ചാൽ?”

“അതിപ്പോ ഉദാഹരണത്തിന്, ഒരാൾ വായ്പാട്ട് പാടുമ്പോൾ മറ്റയാൾ തബലയിൽ അത് ആവർത്തിക്കുക”

“എന്തിന്? രണ്ടാൾക്കും ഒരുമിച്ചങ്ങ് ചെയ്താൽ പോരേ? ഏത് പാട്ട് പാടുമ്പോഴും തബല മുട്ടാമല്ലോ“

“അങ്ങിനെയല്ലടാ, അതൊരു തരം മത്സരം പോലെയാണ്”; അജയന്റെ ക്ഷമ നശിക്കാൻ തുടങ്ങുന്നുണ്ട്

“ഒരാൾ വായിൽ പാടുമ്പോൾ മറ്റയാൾ തബലയിൽ എന്തു മത്സരിക്കാനാണ്. പാടുന്നതിനനുസരിച്ചങ്ങ് മുട്ടിയാ പോരെ”; സംശയം ചോദിക്കുന്നതിനൊപ്പം ദേവൻ തുരുതുരാ കടല കൊറിക്കുന്നുമുണ്ട്.

അജയൻ ദേവനെ പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിക്കുകയാണ്;
“എടാ, ഇപ്പോൾ ഒരാൾ വായ്പാട്ടായി ‘തോം തരികിട തോം’ എന്ന് പാടുമ്പോൾ അത് മറ്റയാൾ തബലയിൽ വായിക്കും. അല്ലെങ്കിൽ മറ്റേതെങ്കിലും ഇൻസ്ട്രുമെന്റിൽ വായിക്കും. അതങ്ങനെ കേറി കേറി പോകും”

ക്ഷമ നശിച്ച് അജയൻ ഇപ്പോ പൊട്ടിതെറിക്കും എന്ന് ദേവന് അറിയാം. അവനെ ശുണ്ഠി പിടിപ്പിക്കുക എന്നതാണ് ദേവന്റെ ലക്ഷ്യം.

“തോം തരികിട തോം എന്ന് വായിച്ചിട്ട് തബലയുമായി എങ്ങോട്ട് കേറി പോകാനാണ്”; ദേവന്റെ അലസമായ ചോദ്യം പിന്നെയും

“ഇങ്ങിനുണ്ടോ ഒരു ജന്മം! യവനെ ഞാൻ...”; അജയൻ ദേവന്റെ നേരെ കയ്യോങ്ങി

“ചൂടാവുന്നോടാ, നിനക്കറിയീല എങ്കിൽ അത് പറഞ്ഞാപോരെ. ഹും! തബലയുമായിട്ട് കേറി  കേറി പോകുമത്രേ..”

സഹികെട്ട അജയൻ ദേവന്റെ മേൽ ചാടി വീണു. രണ്ടും കൂടെ കടപ്പുറത്തെ പൂഴിമണ്ണിൽ  ഉരുണ്ട് വീണു. ദേവന്റെ കയ്യിലെ കടലക്കൂട് പൂഴിയിൽ വീണ് ചിതറി. അജയന്റെ പിടിയിൽ നിന്നും കുതറി എഴുന്നേറ്റ് ദേവൻ ഓടി.

“പോടാ പ്രാന്താ. ഞാനൊരു സംശയം ചോദിച്ചതിന് തല്ലാൻ വരുന്നോ. തോം തരികിടയല്ല, നീ തോം തോം തരികിടയാണെടാ പുല്ലേ...”

“പറഞ്ഞാൽ മനസ്സിലാവാത്ത കഴുത. എന്റെ മുന്നിൽ ഇന്നെനി നിന്നെ കണ്ടുപോകരുത്. കൊന്ന് കുടലെടുക്കും ഞാൻ”

രണ്ട്പേരും കൂടെയുള്ള അടികണ്ട് ചിരിച്ച് മറിഞ്ഞ് നിൽക്കുകയാണ് ഞാനും ഗണേശനും.

“അജയാ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്തുകൂടെ നിനക്ക്. അവന് ബുദ്ധിക്ക് ഇത്തിരി വളർച്ച കുറവുള്ളത് നിനക്കറിയുന്നതല്ലേ”; ഗണേശൻ എരിതീയിൽ എണ്ണ ഒഴിക്കുകയാണ്.

“രാമായണം മുഴുവൻ വായിച്ചിട്ട് സീത രാമന്റെ ആരാന്ന് ചോദിക്കുന്നവനാ ഇവൻ. മന്ദബുദ്ധിനൊക്കെ പറഞ്ഞാൽ ഇങ്ങനേം ഒണ്ടോ!”

“ഞാൻ കൃസ്ത്യാനിയാടാ. നീ ബൈബിളിലെ കഥ ചോദിക്ക്. ഞാൻ പറയും”; അല്പം മാറി നിന്ന്  ദേവൻ അജയനെ വെറിപിടിപ്പിക്കുകയാണ്

“എങ്കി പറ, ഉണ്ണിയേശു പിറന്ന സ്ഥലത്തേക്ക് ആട്ടിടയർക്ക് ആരാടാ വഴികാണിച്ച് കൊടുത്തത്”; വീട്ടിന് അടുത്തുള്ള പള്ളിയിൽ വരുന്ന പെൺപിള്ളാരുടെ വായിൽ നോക്കാൻ പോയി നിന്ന് ബൈബിളിൽ പാണ്ഡിത്യം നേടിയ ഗണേശന്റെ ചോദ്യം

“ആട്ടിടയർക്ക് വല്ലോരും എന്തിന് വഴികാണിച്ചു കൊടുക്കണം?. അവരുടെ കാലി  തൊഴുത്തിലല്ലേടാ  ഉണ്ണിയേശു പിറന്ന് വീണതുതന്നെ”

ദേവനെ ഓടിച്ചിട്ട് പിടിക്കാൻ ഞാനും ഗണേശനും അജയനൊപ്പം കൂടി. എല്ലാവരും കൂടെ കടൽതിരകളിൽ വീണ് നനഞ്ഞു കുളിച്ചു.

***
ഒരുപാട് വർഷങ്ങൾക്കിപ്പുറം.
മൈസൂറിലെ ഒരു റിസോർട്ട്. ഡിസംബറിലെ തണുത്ത ഒരു വൈകുന്നേരം. ആദ്യ റൌണ്ട് ഡ്രിങ്ക്സ് കഴിഞ്ഞ് അടുത്തത് ഫിക്സ് ചെയ്ത് ഗ്ലാസ്സ് കയ്യിലെടുത്ത് ദേവൻ എന്നെയും ഗണേശനെയും നോക്കി ഒന്ന് ചിരിച്ച് അജയനോട് പറഞ്ഞു;

“ഇതാണെടാ ജുഗൽബന്ദി. നീ ഒന്നടിക്കുമ്പോൾ ഞാൻ ഒന്നടിക്കും. ഞാൻ രണ്ടടിക്കുമ്പോൾ നീ രണ്ടടിക്കും... അങ്ങിനെ കേറി കേറി പോകും”

കൂട്ടചിരിയിൽ ഓർമകളുടെ തിളക്കം

Monday, December 12, 2011

വോൾഗയിലെ താമരപൂക്കൾ


രാത്രി ഏറെ വൈകിയിരിക്കുന്നു.

ഞാൻ ഇപ്പോൾ മോസ്കോയിൽ, റഷ്യയുടെ ദേശീയ നദിയായ വോൾഗയിലൂടെ ഒരു ചെറിയ ടൂറിസ്റ്റ് കപ്പലിൽ യാത്രചെയ്യുകയാണ്. എവിടെയ്ക്കാണെന്നറിയാമോ? വോൾഗയിലെ താമരപൂക്കൾ വിടരുന്നത് കാണാൻ. പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങൾ വന്ന് തൊടുമ്പോൾ ഇതളിതളായി പതുക്കെ വിടർന്ന് വരുന്ന താമരകൾ വോൾഗയിലെ ഒരു അത്ഭുത കാഴ്ചയത്രേ. ഉദയസൂര്യന്റെയും താമരയുടെയും ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ആ അപൂർവ്വ കാഴ്ച നേരിൽ കാണാൻ...

ശാന്തമായൊഴുകുന്ന പുഴ. തെളിഞ്ഞ ആകാശത്ത് നിറയെ നക്ഷത്രങ്ങൾ. ഇളം കാറ്റ്. വോഡ്കയുടെ നേരിയ ലഹരിക്കൊപ്പം നീ ഓർമയിലേക്ക് കയറി വന്നപ്പോൾ നിനക്ക് എഴുതണമെന്ന് തോന്നി.

ഹൈസ്കൂൾ ക്ലാസ്സിലെ പെൺകുട്ടികളുടെ നിരയിലെ പിൻ ബെഞ്ചിൽ, എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി ആരോടും സംസാരിക്കാതെ തലതാഴ്ത്തി ഒതുങ്ങി ഇരുന്നിരുന്ന, എമ്പാടും വിലക്കുകൾ മാത്രമുണ്ടായിരുന്ന ആ പഴയ സാറ എന്തുമത്രം മാറിപ്പോയിരിക്കുന്നു എന്നായിരിക്കും നീയിപ്പോൾ ഓർക്കുന്നത് എന്നെനിക്കറിയാം. എന്റെ ആ ഒഴിഞ്ഞ്മാറ്റമായിരുന്നു നിനക്ക് എന്നോട് പ്രണയം തോന്നാൻ കാരണം എന്ന് നീ പിന്നീടെപ്പൊഴോ ഒരിക്കൽ പറഞ്ഞിരുന്നു.

എന്റെ മൌനത്തിന്റെ പുറംതോട് നീ തച്ചുടച്ചു. ഞാൻ മനസ്സിൽ മാത്രം വരച്ചിരുന്ന ചിത്രങ്ങളും എഴുതിയ കവിതകളും നിർബ്ബന്ധിച്ച് നീ പുറത്തെടുപ്പിച്ചു. കയ്യെഴുത്ത് മാഗസിനിലെ എന്റെ കവിതയെകുറിച്ച് കേട്ടറിഞ്ഞ് സ്കൂളിൽ വന്ന മൂത്തുപ്പ അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും മുന്നിൽ വെച്ച് കരണത്തടിച്ചപ്പോൾ കരഞ്ഞുപോകാതിരിക്കാൻ ഞാൻ നിന്റെ കണ്ണുകളിലേക്ക് തുറിച്ച് നോക്കിനിൽക്കുകയായിരുന്നു. ഇനിയൊരിക്കലും കവിത എഴുതില്ലെന്ന് സത്യം ചെയ്തതുകൊണ്ടാണ് എനിക്ക് സ്കൂൾ പഠനം തുടരാനായത്.
 
ഞാൻ കാടുകയറുകയുന്നു. വോൾഗയിലെ താമരപ്പൂക്കളെ കുറിച്ച് പറയാനാണ് നിനക്ക് എഴുതി തുടങ്ങിയത്. റഷ്യയിൽ മറ്റെവിടെയും കാണാത്ത താമരപ്പൂക്കൾ വോൾഗയിൽ എങ്ങിനെ എത്തി എന്നതിനെക്കുറിച്ച് അറിയാമോ നിനക്ക്? അതൊരു കഥയാണ്. അതേകുറിച്ച് വൈകുന്നേരം, യാത്രയുടെ തുടക്കത്തിൽ ടൂർ ഓപ്പറേറ്റർ കപ്പലിന്റെ ഡക്കിൽ മനോഹരമായ ഒരു നൃത്ത സംഗീത ശിലപ്ത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചിരുന്നു.

വോൾഗ ഒഴുകുന്ന പ്രദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് ഭരിച്ചിരുന്ന നോഗയ്സ്കി രാജാവിന്റെ അതി സുന്ദരിയായ ഒരേഒരു മകളായിരുന്നു സെജ്നബ് രാജകുമാരി. രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന ഷക്കീർ എന്ന ധീരനും സുന്ദരനുമായ ഒരു യുവ സൈനികന് രാജകുമാരിയോട് അഗാധമായ പ്രണയമായി. തന്നെപോലുള്ള ഒരു സാധാരണ സൈനികനെ രാജകുമാരി ഒന്ന് തിരിഞ്ഞ് നോക്കുകപോലുമില്ലെന്ന് ഉറപ്പുണ്ടായിരുന്ന ഷക്കീർ തന്റെ പ്രണയം സെജ്നബിനെ അറിയിക്കാൻ ഒരു മാലാഖയുടെ സഹായം തേടി.

മാലാഖ ഒരു പോംവഴി പറഞ്ഞു;
“മാമലകൾക്കും കടലുകൾക്കും മരുഭൂമികൾക്കും അപ്പുറം, അങ്ങ് ദൂരെ ഇന്ത്യ എന്നൊരു രാജ്യത്ത് ഗംഗ എന്നപേരിലൊരു നദി ഒഴുകുന്നുണ്ട്. അതിൽ നിറയെ വിരിഞ്ഞുനിൽക്കുന്ന അതിസുന്ദരമായ ഒരു പുഷ്പമുണ്ട്. താമര. അതിന്റെ വിത്തുകൾ എടുത്ത് കൊണ്ട് വന്ന് നീ വോൾഗയിൽ വിതറുക. വോൾഗയിൽ ആദ്യ പുഷ്പം വിരിയുമ്പോൾ സെജ്നബ് നീയുമായി പ്രണയത്തിലാവും”

“എത്ര കഠിനമാണെങ്കിലും എന്ത് ത്യാഗം സഹിച്ചാണെങ്കിലും താമര വിത്തുകൾ കൊണ്ടുവന്ന് ഞാൻ വോൾഗയിൽ വിതറും“; ഷക്കീർ തയ്യാറായി.

“എങ്കിൽ നിന്റെ സ്വപ്നം സഫലമാകും. പക്ഷേ ഓർക്കുക, പ്രിയപ്പെട്ട പലതും ഇതുകാരണം നിനക്ക് നഷ്ടമാകും”; മാലാഖ മുന്നറിയിപ്പ് നൽകി.

അനാഥനായ തനിക്ക് നഷ്ടപ്പെടാൻ കുറച്ച് ഭൂമിയിയും കുറച്ച് ആടുകളും ഒരു കൊച്ചു വീടും മാത്രമാണുള്ളത്. അതിനെക്കാളൊക്കെയും വലുത് തന്റെ പ്രണയ സാക്ഷാൽക്കാരമാണ്. മാലഖയോടും അടുത്ത കൂട്ടുകാരോടും യാത്രപറഞ്ഞ് ഷക്കീർ അതികഠിനമായ തന്റെ യാത്രയാരംഭിച്ചു.

കോളെജിലെത്തിയപ്പൊഴേയ്ക്കും, നിന്റെ കൂട്ട് എനിക്ക് വല്ലാത്തൊരു ധൈര്യമായി മാറി. കള്ളപേരിൽ കവിതകളെഴുതാൻ, കീബോർഡ് പഠിക്കാൻ, ഡാൻസ് പ്രാക്ടീസ് ചെയ്യാൻ, ക്ലാസ്സ് കട്ട് ചെയ്ത് ടൌൺഹാളിൽ ചിത്രപ്രദർശനങ്ങൾ കാണാൻ പോകാൻ, കടപ്പുറത്തെ ചവോക്ക് മരങ്ങളുടെ തണലിൽ കടലയുംകൊറിച്ചിരുന്ന് നിന്നോട് വർത്തമാനം പറയാൻ...

കൊമേഴ്സ് ഡേയ്ക്ക് സ്റ്റേജിൽ ഡാൻസ് കളിച്ചതിന് വീട്ടിൽ നിന്നും കിട്ടിയ അടിയുടെ വേദന, നിന്റെ ചുമലിൽ തലചേർത്ത് വച്ച് കരഞ്ഞാണ് ഞാൻ തീർത്തത്. നിന്റെ സാമീപ്യത്തിലല്ലാതെ ഒരിക്കലും ഞാൻ കരഞ്ഞിട്ടില്ല. കരയാത്തതിനായിരുന്നു വീട്ടിൽ എനിക്ക് അധികപ്രസംഗി എന്ന പേര് കിട്ടിയത്! നീ പറയാറുള്ളത് ശരിയാണ്, കരയണം എന്ന് തോന്നുമ്പോൾ മാത്രമാണ് ഇപ്പൊഴും നിന്നെ ഞാൻ വിളിക്കാറുള്ളത്.

കഥ പിന്നെയും കാടു കയറി..
വർഷങ്ങൾ പലതു കഴിഞ്ഞു. ഷക്കീർ തിരിച്ചു വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് താമര വിത്തുകളുമായി ഒരുനാൾ ഷക്കീർ തിരിച്ചെത്തി. ആ വിത്തുകൾ വോൾഗയിൽ വിതറി അയാൾ തന്റെ പ്രാണപ്രണയിനിയെ കാണാനായി രാജകൊട്ടാരത്തിലേക്ക് കുതിച്ചു.

രാജവീഥിയിൽ, ആളുകൾ അലമുറയിട്ട് കൊണ്ട് കൊട്ടാരത്തിനുള്ളിലേക്ക് ഓടുന്നത് ഷക്കീർ കണ്ടു. എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു. അയാൾ കാര്യം തിരക്കി. രാജകുമാരി പെട്ടന്ന് മരിച്ചുപോയി, ഓട്ടത്തിനിടയിൽ ആരോ പറഞ്ഞത് കേട്ട് ഷക്കീർ സർവ്വാംഗം തളർന്ന് സ്തബ്ധനായി നിന്നു. അയാൾ മാലാഖയുടെ വാക്കുകൾ ഓർത്തു;

“പ്രിയപ്പെട്ടത് പലതും നിനക്ക് നഷ്ടമാവും!”

താൻ വോൾഗയിൽ താമര വിത്തുകൾ വിതറിയപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെ നഷ്ടമായിരിക്കുന്നു. സെജ്നബ് ഇല്ലാതെ ഇനിയെന്തിന് ജീവിക്കണം. പ്രാണപ്രണയിനി നഷ്ടമായ അഗാധദുഃഖത്തിൽ അരയിൽ നിന്ന് കത്തി വലിച്ചൂരി നെഞ്ചിലേക്ക് താഴ്ത്തി ഷക്കീർ മരണം വരിച്ചു.

എന്റെതായ ലോകത്തിലേക്ക് ഞാൻ എത്തിയപ്പോഴേക്കും എനിക്ക് പ്രിയപ്പെട്ടതൊക്കെയും നഷ്ടമായി. നീ, നിന്റെ കൂട്ട്, നിന്നോടൊപ്പമുള്ള യാത്രകൾ, കാഴ്ചകൾ... യാത്രകൾ തന്നെയാണ് ഇപ്പൊഴും  ഒരാശ്വാസം. ആമസോൺ കാടുകളിലൂടെയും അറേബ്യൻ മരുഭൂമികളിലൂടെയും ആഫ്രിക്കയുടെ ഇരുളിലൂടെയും  മാവോയിസ്റ്റ് ക്യാമ്പുകളിലൂടെയും അഭയാർത്ഥികളുടെ നിസ്സഹായതകളിലൂടെയും ഞാൻ യാത്രചെയ്തു. ഓരോ യാത്രകളിലും പക്ഷേ, എന്റെ തൊട്ടടുത്ത് നിന്റെ ശൂന്യത എന്നെ വല്ലാതെ ഒറ്റപ്പെടുത്തുന്നു.

കഥ തീർക്കട്ടെ,
സെജ്നബിന്റെയും ഷക്കീറിന്റെയും മരണാനന്തര ചടങ്ങുകൾ കഴിഞ്ഞപ്പോഴേയ്ക്കും വോൾഗയിലെ  ഓളങ്ങൾക്ക് മീതെ നാളതുവരെ ആരും കണ്ടിട്ടില്ലാതിരുന്ന അതി മനോഹരങ്ങളായ താമരപ്പൂക്കൾ വിടർന്നു വന്നു.

ഈ അത്ഭുത പുഷ്പം എവിടെനിന്നും വന്നു എന്നറിയാതെ ആശ്ചര്യപ്പെട്ടു നിന്ന രാജാവിനും പ്രജകൾക്കും മുന്നിൽ മാലാഖ പ്രത്യക്ഷപ്പെട്ട്, സെജ്നബിന്റെ പ്രണയം നേടാൻ സാഹസികയാത്ര പോയി താമര വിത്തുകൾ തേടി കൊണ്ടുവന്ന ഷക്കീറിനെകുറിച്ചും അവന്റെ ജീവത്യാഗത്തെയും കുറിച്ചും  അവരോട് പറഞ്ഞു.

റഷ്യക്കാർ ഇപ്പൊഴും ആ കഥ ഓർക്കുന്നു. വോൾഗയിലെ താമരപൂക്കൾ ഷക്കീറിന്റെയും സെജ്നബിന്റെയും  നഷ്ടപ്രണയത്തിന്റെ സ്മാരകങ്ങളാണെന്ന് പാടിയാണ് ആ നൃത്ത ശില്പത്തിന്റെ വീഡിയോ  അവസാനിച്ചത്.

കോളേജിൽ, ഏതോ ഒരു ഒരു വിനോദയാത്രയ്ക്ക് പോയി നീ തിരിച്ച് വന്നപ്പോൾ എനിക്ക് സമ്മാനമായി തന്ന ക്രിസ്റ്റലിൽ ഉണ്ടാക്കിയ ഒരു കൊച്ചു താമര എന്റെ വീട്ടിലുണ്ടാക്കിയ ഭൂകമ്പം വളരെ വലുതായിരുന്നു. കുടുംബത്തിലെ കാരണവന്മാരാരോ അത് വലിച്ചെറിഞ്ഞ് പൊട്ടിച്ചപ്പോൾ ഒരു പൊട്ടെങ്കിലും എടുത്തുവയ്ക്കാൻ കഴിഞ്ഞില്ലല്ലോ എന്നത് ഇന്നും എന്റെ ദുഃഖമാണ്.

ഓർമകൾ മാത്രമേയുള്ളു, നമ്മുടെ നഷ്ടപ്രണയത്തിന്റെ സ്മാരകങ്ങളായി.

Wednesday, December 07, 2011

തൊട്ടുപോകരുത്


അഭിപ്രായം പറയുവാനുള്ള എന്റെ സ്വാതന്ത്രത്തെ.

ലക്ഷങ്ങൾ ജീവത്യാഗം ചെയ്തും സഹനസമരം ചെയ്തും നേടിയ എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നത് ആരായാലും, എന്തിന്റെ പേരിലായാലും ഞാൻ എതിർക്കുക തന്നെ ചെയ്യും.

“നിങ്ങളുടെ ആശയങ്ങൾക്ക് ഞാൻ എതിരായിരിക്കാം, എന്നാൽ അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിന് വേണ്ടി മരിക്കാൻ പോലും ഞാൻ തയ്യാറാണ്” – വോൾടയർ

ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന് നിയന്ത്രണം പരിഗണനയിൽ - മാതൃഭൂമി

Tuesday, December 06, 2011

ഇന്ത്യയിലെ മതിലുകൾ


ഇതൊക്കെ വായിക്കുമ്പോഴാണ് ഈ കാലഘട്ടത്തിൽ ജീവിക്കേണ്ടി വന്നല്ലോ എന്നോർത്ത് ലജ്ജിക്കുന്നത്.

സഹജീവികൾക്കിടയിൽ മതിലുകൾ കെട്ടി തന്നെ വേണം നമുക്ക് പുരോഗതിയിലേക്ക് കുതിക്കാൻ!
അവരെ തമ്മിലടിപ്പിച്ച് തന്നെ വേണം നാളെ നമുക്ക് ലോകത്തിന്റെ നെറുകയിൽ കയറി നിൽക്കാൻ!

മാതൃഭൂമി വാർത്ത

Friday, December 02, 2011

ആത്മഹത്യ കുറിപ്പ്ശവശരീരങ്ങൾക്കിടയിൽ നിന്നും നിങ്ങൾ കണ്ടെടുക്കാറുള്ള സാധാരണമായ ഒരു ആത്മഹത്യ കുറിപ്പല്ല ഇത്. ജീവിച്ചിരിക്കുന്ന എന്നാൽ ഏത് നിമിഷവും മരണത്തിലേക്ക് വലിച്ചിഴച്ച് പോകാനിരിക്കുന്ന, നിസ്സഹായനായ ഒരു മനുഷ്യനെഴുതുന്ന കുറിപ്പ്.

എനിക്ക് മുന്നിൽ ഇപ്പോൾ എല്ലാം സാധാരണ പോലെയാണ്. പെരിയാർ ശാന്തമായൊഴുകുന്ന ഒരു പ്രഭാതം. എന്റെ മകൾ സ്കൂളിലേക്ക് പോയിരിക്കുന്നു. കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുമായാണ് അവൾ മടങ്ങി വരിക.

ചന്ദ്രയാൻ മിഷനെ കേട്ടതുമുതൽ ISRO യിൽ ഒരു ശാസ്ത്രജ്ഞയാകണമെന്നാണ് എട്ടാം  ക്ലാസുകാരിയായ മകളുടെ ആഗ്രഹം. അവൾക്ക് അമ്പിളി മാമനിൽ പോകണം. പഠിക്കാനവൾ മിടുക്കിയാണ്. കുഞ്ഞായിരുന്നതുമുതൽ അമ്പിളി മാമനെ നോക്കിയാണ് അവൾ ഉണ്ണുന്നതും ഉറങ്ങുന്നതും. അമ്പിളിമാമനിൽ ഇറങ്ങിയാൽ ആദ്യം ചെയ്യുന്നത് എന്തായിരിക്കും എന്ന അവളുടെ അമ്മയുടെ ചോദ്യത്തിന് സംശയമേതുമില്ലാതെ അവൾ ഉത്തരം പറയും; ‘കെട്ടിപിടിച്ച് ഞാനൊരു മുത്തം കൊടുക്കും‘

രാത്രി, ഉമ്മറത്ത് വൃശ്ചിക തണുപ്പിൽ എന്റെ മടിയിൽ തലവച്ച് ആകാശത്തിൽ അമ്പിളി മാമനെയും നോക്കികിടക്കുമ്പോൾ മകൾ ചോദിച്ചു;
“എന്തു ചെയ്യും നമ്മൾ, അണപൊട്ടി വെള്ളം കുത്തിയൊലിച്ചു വരുമ്പോൾ?”

എനിക്കു പിന്നിൽ അവളുടെ അമ്മയുടെ നനഞ്ഞ കണ്ണുകൾ. ഉത്തരം പറയാനായി ഞാൻ ഉഴറുമ്പോൾ, അവൾ തന്നെ പറഞ്ഞു; “ഞാൻ അച്ഛന്റെ ചുമലിൽ കയറി ഇരിക്കും, എന്നിട്ട് അമ്മയെയും കൂട്ടി നമ്മൾ വെള്ളത്തിലൂടെ നടക്കും”

നിലമില്ലാകയങ്ങളിൽ മകളെ ചുമലിലും ഭാര്യയെ കയ്യിലും പേറി ശ്വാസകോശങ്ങളിൽ വെള്ളം നിറഞ്ഞ് ഞാൻ ഞെട്ടിയുണരുന്നത് സ്വപ്നത്തിൽ നിന്നാണോ, യാഥാത്ഥ്യത്തിൽ നിന്നാണോ...

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...