
“എന്തടാ അടിച്ച് ഓഫായോ? ഫോണെടുക്കാന്‍ ഒരു താമസം?”; അങ്ങേതലയ്ക്ക് ജോണ്‍.
കൃസ്തുമസ്സ് തലേന്ന് രാത്രി ചെറിയൊരു ആഘോഷവും കഴിഞ്ഞ് ഫ്ലാറ്റിലെത്തി കിടന്നതെ ഉണ്ടായിരുന്നുള്ളു.
ഇറ്റലിയിലെ ഒരു വന്‍ വസ്ത്ര ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗിലാണ് ജോണ്‍. ജോലിയുടെ ഭാഗമായി ലോകം മുഴുവന്‍ കറക്കം.
“നീ എവിടെയാണെടാ? കൃസ്തുമ്സ്സ് ആഘോഷമൊന്നും ഇല്ലേ?”; അവന്റെ ശബ്ദം കേട്ടതോടെ എന്റെ ഉറക്കച്ചടവ് മാറി.
“ഒരു ഷിപ്മെന്റ് കുവൈറ്റില്‍ പണ്ടാറമടക്കി. അതൊന്ന് ശരിയാക്കാന്‍ രാവിലെ ഇവിടെത്തി. പകല്‍ മുഴുവന്‍ അതിന്ന് പിന്നാലെ. ഇപ്പോ ഹോട്ടലിലെത്തി”
“ഒരു സത്യകൃസ്ത്യാനിയായിട്ട് ഇന്നെങ്കിലും നിനക്ക് പണിയെടുക്കാതിരുന്നു കൂടെ?”; അവനെയൊന്ന് പ്രകോപിപ്പിക്കാനായി എന്റെ ശ്രമം.
“നീ മിണ്ടരുത്. ഇവിടെയാണെങ്കില്‍ ഒരു സ്മോളുപോലും വാങ്ങിക്കാന്‍ കിട്ടില്ല. ഒന്ന് സംഘടിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്!“; അവന് ഒരു കവിള് എടുക്കന്ന ശബ്ദം എനിക്ക് ഫോണില്‍ കേള്‍ക്കാം.
“യൂനിവേര്‍സല്‍ മലയാളിയെ പൂജിക്കണം പൊന്നുമോനെ. ഹോട്ടല്‍ ബോയ് ഒരു പാലക്കാരന് മലയാളി. ഏറ്റ ബ്രാന്‍ഡ് അവന് പുല്ലുപോലെ എത്തിച്ച് തന്നു”
പിന്നെ പതിവ് പോലെ ചറപറാന്ന് വര്‍ത്തമാനം. വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും പറ്റിയുള്ള അന്വേഷണങ്ങള്‍. മെയില്‍ അയക്കാത്തതിനും ചാറ്റില്‍ അധികനേരം ചിലവഴിക്കാന്‍ പറ്റാത്തതിലുമുള്ള കുറ്റപ്പെടുത്തലുകള്‍.
സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പ് അവന് പറഞ്ഞു
“വരുന്നുണ്ടെടാ നാട്ടില്‍. ബോംബെയിലോ ഡല്‍ഹിയിലോ നാട്ടില്‍ എവിടെയെങ്കിലും ഗുലാം അലി ഗസല്‍ പാടുന്നുണ്ടെങ്കില്‍ രണ്ടെണ്ണം അടിച്ച് അത് പോയിരുന്ന് കേള്‍ക്കണം“
ഫോണ്‍ ഡിസ്കണക്ട് ചെയ്യുന്നതിന്നിടയില്‍ അവന് മൂളുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു; “ചുപ്കെ ചുപ്കെ രാത് ദിന് ആസും ബഹാനായാദ് ഹൈ....”