
“എന്തടാ വൈകുന്നേരം പോത്തിനെ പോലെ കിടന്നുറങ്ങുന്നത്”
“പോത്തിന്റെ കൂടയൊക്കെയല്ലേ സഹവാസം”
“നീ മനൂനെ പോത്ത് എന്ന് പറയരുതായിരുന്നു. ഒന്നുമില്ലെങ്കിലും നിങ്ങള്‍ ഭയങ്കര കൂട്ടുകാരല്ലേ..”
“അവനെയല്ല, നിന്നെയാണുദ്ദേശിച്ചത്”
“അതേ, അത് തന്നെയാണ് ഞാന്‍ പറഞ്ഞത്. നീ അവനെ തന്നെയാണ് ഉദ്ദേശിച്ചത് എന്ന്”
കട്ടിലില്‍ നിന്ന് അലറി കൊണ്ട് അജയൻ ചാടിയെണിക്കുന്നതിന്റെയും എന്തൊക്കെയോ തട്ടി മറിച്ചിട്ട് ദേവൻ ഓടുന്നതിന്റെയും ശബ്ദം അലക്ക് കല്ലിനടുത്ത് എനിക്ക് കേള്‍ക്കാം. ഞായറാഴ്ചയായത് കാരണം കോളെജില്ല. ‘എംബസി’ ഹോട്ടലിലെ പറ്റില് വിശാലമായ ഉച്ചയൂണിന് ശേഷം, ഉറക്കത്തിന്റെ ആലസ്യത്തിലുള്ള കിടപ്പിനിടയിലാണ് രണ്ടും കൂടെ വഴക്കടിക്കുന്നത്. രണ്ടും എപ്പോഴും ഇങ്ങിനെയാണ്, എന്തെങ്കിലും പറഞ്ഞ് വെറുതേ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞ് കൊണ്ടിരിക്കും. എന്നാലും പഞ്ചാരയടി-വായില്‍ നോട്ടം-സ്മോളടി തുടങ്ങിയ കാര്യങ്ങളില്‍ ഒറ്റക്കെട്ടാണ്.
“കഴിഞ്ഞില്ലടേയ് നിന്റെ കവിത എഴുത്ത്?”;
അജയൻ ഒരു ബീഡിയും വലിച്ച് കൊണ്ട് ഞാന്‍ അലക്കികൊണ്ടിരിക്കുന്നിടത്തേയ്ക്ക് വന്നു. ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് സിനിമ കണ്ടതില്‍ പിന്നെ അടുക്കള-വീട്ടുപണികള്‍ ഞങ്ങളുടെ ഇടയില്‍ അറിയപ്പെടുന്നത് കവിത എഴുത്ത് എന്ന പേരിലാണ്.
“പൂഞ്ചോലയുടെ ബീഡി ഒന്നൂടെ ചൂണ്ടി”;
അവന് മുറിബീഡി എനിക്ക് നേരെ നീട്ടി. ‘പൂഞ്ചോല’ ഞങ്ങളുടെ ലൈന്‍ ലോഡ്ജ് മുറിയുടെ തൊട്ടപ്പുറത്തെ മുറിയില്‍ താമസിക്കുന്ന ബാലേട്ടനാണ്. ഗേള്‍സ് ഹൈസ്കൂളിനടുത്ത് ബാലേട്ടന് ഒരു ഫാന്‍സി കടയുണ്ട്,‘പൂഞ്ചോല’. അങ്ങേര് അടക്കാന്‍ മറന്നുപോയ ജനലിനുള്ളിലൂടെ കയ്യിട്ട് ഇന്നിപ്പോ നാലാമത്തെയോ അഞ്ചാമത്തെയോ പ്രാവശ്യമാണ് ഞങ്ങള്‍ മൂപ്പരുടെ ബീഡി ചൂണ്ടുന്നത്.
“ഇത്തവണമുതല്‍ നമുക്ക് ബീഡി വിതറല്‍ രണ്ട് കെട്ടെങ്കിലും ആക്കണം. എന്നാലെ മാസാവസാനം താണ്ടാന്‍ പറ്റൂ”; രണ്ടാമതൊരു പുക എടുക്കാന്‍ ഓങ്ങി നിന്ന എന്റെ കയ്യില്‍ നിന്നും ബീഡി തട്ടിപ്പറിച്ച് കിണറ്റിന് കരയില്‍ ചാരിയിരുന്ന് ഒരു പുക വിട്ട് ദേവൻ പറഞ്ഞു.
ബീഡി വിതറല്‍ ഞങ്ങളുടെ ഒരു വലിയ ചടങ്ങാണ്. മാസാദ്യം വീടുകളില്‍ നിന്നും കൊണ്ടുവരുന്ന ചിലവിനുള്ള കാശില്‍ വാടക, ഹോട്ടല്‍ പറ്റ്, മറ്റു ചില അറ-റ കുറ-റ സ്ഥിരം ചിലവുകള്‍ എന്നിങ്ങനെയുള്ളത് ആദ്യം തന്നെ കൊടുത്ത് ഒഴിവാക്കും. ബാക്കി വരുന്നത് കൊണ്ട് പിന്നീട് കുറച്ച് നാള് ഞങ്ങള്‍ ലാവിഷാണ്. വില്‍സ് സിഗരറ്റ്, ബ്ലൂ ഡയമണ്ടില്‍ സിനിമ, ടോപ് ഫോമില്‍ ബിരിയാണി അങ്ങിനെ രാജകീയം. പിന്നീടങ്ങോട്ട് പഞ്ഞ കാലമാണ്. സിഗരറ്റ് വിട്ട് ബീഡിയിലേക്കും ടൌണിലെ തിയറ്ററുകള്‍ വിട്ട് ലോഡ്ജിനടുത്തെ ‘സന്തോഷ്’,‘പ്രഭാത്’ ടാക്കിസുകളിലെ മുന്‍ ബഞ്ചുകളിലേയ്ക്കും, ‘എംബസി’ ഹോട്ടലിലെ പറ്റിലേയ്ക്കും ഞങ്ങള്‍ കൂട് മാറും.
മാസാവസാനങ്ങളില്‍ മാന്ദ്യകാലത്ത് ബീഡിവലി എങ്ങിനെ സന്തോഷകരമാക്കാം എന്നതിന് ദേവനാണ് ഒരു ഐഡിയ കൊണ്ടുവന്നത്. മാസാദ്യം കാശുള്ളപ്പോള്‍ ഒരു കെട്ട് ബീഡി വാങ്ങി മുറിയില്‍ പുസ്തകങ്ങള്‍ക്കിടയിലും അലമാരയിലും തട്ടിന് പുറത്തുമായി വിതറുക.മാസാവസാനം ബീഡിവാങ്ങാന്‍ കാശില്ലാതെയാവുമ്പോള് അതൊക്കെയും പരതി എടുത്ത് വലിക്കുക.
മാസാവസാനമാകുമ്പോള്‍, വാരി വലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തിനിടയിലും, കൂറകള്‍ ഓടി നടക്കുന്ന അടുക്കള മുറിയിലെ അലമാരയിലും, ഒരിക്കലും തീ പുകയാതിരുന്ന അടുപ്പിനുള്ളിലും, എക്കൌണ്ടന്‍സി ചെയ്ത് പഠിച്ച ന്യൂസ് പ്രിന്റ് കടലാസുകള്‍ കൂട്ടിയിട്ടിരിക്കുന്നതിനുള്ളിലും, ചൂല് പെരുമാറ്റം ഉണ്ടാവാതിരുന്ന കട്ടിലിനടിയിലും പരതി ഞങ്ങള്‍ ബീഡികള്‍ കണ്ടെടുത്ത് വലിക്കും!
രമണീയം ഒരു കാലം...
(കഴിഞ്ഞ അവധിക്ക് രാവിലെ നാട്ടില്‍ ബസ്സിറങ്ങിയപ്പോള്‍ ആദ്യമടിച്ച മണം തൊട്ടടുത്ത് അരമതിലില്‍ പത്രം നിവര്‍ത്തി വച്ച് വായിക്കുന്ന ഒരു ചേട്ടന് ഊതി വിട്ട ദിനേശ് ബീഡിയുടെ പുകയുടെതായിരുന്നു!)