
“കുട്ട കൊണ്ടോന്ന് ഇറക്കണം. ഒരു അഞ്ചെട്ട് ലോഡെങ്കിലും വേണ്ടി വരും, അല്ലെങ്കി ഇങ്ങള് ഇക്കൊല്ലം ഇറക്കിയ മണ്ണും മയവെള്ളം കൊണ്ടോവും”; പണിക്കാരന് കണ്ണേട്ടന് അച്ഛനോട് തറപ്പിച്ച് പറഞ്ഞു
കണ്ണൂക്കരയും ഒഞ്ചിയവും മുഴുവന്‍ കറങ്ങി, ചാറ്റുകുളവും നിറച്ച് കുത്തിയൊലിച്ച് കരകവിഞ്ഞ് വരുന്ന മഴവെള്ളം ഒഴുകുക ഞങ്ങളുടെ വീട്ടിന് പിന്നിലൂടെയുള്ള വയലുകളിലൂടെയായിരുന്നു. ഇതിനിടയിലുള്ള തോടുകളും കുളങ്ങളും വയലുകളും താഴ്ന്നപ്രദേശങ്ങളിലുള്ള വീടുകളും ഒക്കെയും വെള്ളത്തിനടിയിലാവും. കുത്തിയൊലിച്ച് നീങ്ങുന്ന വെള്ളത്തിന്റെ ലക്ഷ്യം തുരുത്തിമുക്ക് പുഴയാണ്. നല്ലമഴയും വെള്ളവുമാണെങ്കില്‍ പടിഞ്ഞാറോട്ട് അറബിക്കടലിലേയ്ക്ക് ഒഴുകുന്ന പുഴ ചിലപ്പോള്‍ തിരിഞ്ഞൊഴുകും, എല്ലായിടത്തേയ്ക്കും വെള്ളം പാഞ്ഞ് കയറും.
കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലില്‍ ഞങ്ങളുടെ വീടിന്റെ പിന്‍ഭാഗത്തെ മതിലും മണ്ണും ഒഴുകിപ്പോകുന്നത് സ്ഥിരമാണ്. ആ വര്‍ഷത്തെ മഴയെ എങ്ങിനെ നേരിടണമെന്ന് പണിക്കാരുമായുള്ള ചര്‍ച്ചയ്ക്കിടയിലാണ് കണ്ണേട്ടന് മേല്‍പ്പറഞ്ഞ അഭിപ്രായം അച്ഛനോട് പറഞ്ഞത്.
“മലയില്‍ നല്ല മഴയായിരിക്കും”; വെള്ളം ഇറങ്ങാന്‍ വൈകുകയാണെങ്കില്‍ നാട്ടിലെ പ്രായം കൂടിയവര്‍ പറയുന്നത് കേള്‍ക്കാം. മല എന്ന് പറയുന്നത് കിഴക്കന്‍ പ്രദേശങ്ങളായ കുറ്റ്യാടി, തൊട്ടില്‍പാലം, വാണിമേല്‍, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളാണ്.
വാണിമേലില്‍ നിന്നും വന്ന ഒരമ്മൂമ്മ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു;
“അന്നത്തൊക്കെ എടവത്തിലേം കര്‍ക്കിടകത്തിലേം മയാന്ന് പറഞ്ഞാലെന്താ, അഞ്ചും പത്തും ദീസം നിര്‍ത്താതെ പെയ്യും. ഒണക്കി വച്ച കപ്പയും ചക്കക്കുരുവും ഒക്കെത്തന്നെ തീറ്റ. അരി ഭക്ഷണം കഷ്ടി. വൈന്നേരം മധിരല്ലാത്ത കട്ടന്‍ ചായക്ക് ഒണക്ക് മുള്ളന്‍ ചുട്ടതാ കടി”
സ്ഥിരമായി വെള്ളം കയറുന്ന പ്രദേശങ്ങളിലെ വീട്ടുകാരൊക്കെ മഴക്കാലമാകുമ്പോഴേയ്ക്കും കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രായമായവരെയുമൊക്കെ കുടുംബവീടുകളിലേയ്ക്കും മറ്റും മാറ്റി പാര്‍പ്പിക്കും. നനഞ്ഞാല്‍ കേടാവുന്ന സാധനങ്ങള്‍ ഇറയത്തോ അട്ടത്തോ കെട്ടി തൂക്കും. വലിയ വീടുകളില്‍ ഉണ്ടാവുമായിരുന്ന തോണികള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് നാട്ടുകാര്‍ക്ക് അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ ഒരുക്കി വയ്ക്കും. ഒറ്റലുകളും ചെറിയ കണ്ണിയുള്ള വലകളും തയ്യാറാക്കി വയ്ക്കും.
ഒഴുകിവരുന്ന വെള്ളത്തിനൊപ്പം വരുന്ന പുതുമീനുകളാണ് വലിയൊരു ആകര്‍ഷണം. ഒഴുക്കിനിടയില്‍ വെള്ളത്തില്‍ ചാടിക്കളിക്കുന്ന വെള്ളി നിറമുള്ള മീനുകളായിരുന്നു അതില്‍ പ്രധാനം. മുതിര്‍ന്നവര്‍ മത്സരിച്ച് ഒറ്റല് കുത്തിയും വല വിരിച്ചും മീനുകളെ പിടിക്കാനിറങ്ങും. പിടിച്ച് കൂട്ടിയിടുന്ന ബക്കറ്റുകളിലെ വെള്ളത്തില്‍ പുളഞ്ഞ് കളിക്കുന്ന വലിയ മീനുകളെ കുട്ടികള്‍ അത്ഭുതത്തോടെ നോക്കിയിരിക്കും. വൈകുന്നേരം മീന്പിടുത്തക്കാരെല്ലാവരും കൂടി പിടിച്ച മീനുകളെ ഓഹരി വച്ച് എടുത്ത് പിരിയും.
തൊണ്ട് കൂട്ടിക്കെട്ടിയ എരണ്ടയിലും വാഴത്തടയിലും കാറ്റ് നിറച്ച ട്യൂബുകളിലും ഇരുന്നും കിടന്നും തൂങ്ങിയും വെള്ളത്തില്‍ കളിച്ച് കുട്ടികള്‍ വെള്ളപ്പൊക്കം ആഘോഷമാക്കും. മലന്ന് നീന്തല്‍, മുങ്ങാംകുഴിയിടല്‍, ഗുസ്തികൂടല്...