Tuesday, August 29, 2006

ഓര്‍മ്മയിലെ കത്തുകള്‍

ആദ്യമാദ്യമെഴുതിയതും വന്നതുമായ കത്തുകള്‍ വെറും അറിയിപ്പുകള്‍ മാത്രമായിരുന്നു. വെക്കേഷനുകളില്‍ ഇന്ന ദിവസം ഇത്ര മണിയ്ക്‌ വടകര കീര്‍ത്തി/മുദ്ര, അശോക്‌, ജയഭാരത്‌, കേരള ക്വയര്‍ എന്നീ സിനിമാ തീയറ്ററുകളില്‍ ഏതെങ്കിലുമൊന്നിന്റെ മുന്നില്‍ എത്തിച്ചേരണമെന്ന അറിയിച്ചുകൊണ്ട്‌ മുസ്തഫ എഴുതുന്നത്‌. സിനിമകള്‍ അവനു അന്നും ഇന്നും പ്രിയപ്പെട്ടതതന്നെ. 80കളില്‍ അരവിന്ദന്‍, ഭരതന്‍, പത്മരാജന്‍, ഹരിഹരന്‍ തുടങ്ങി പ്രിയദര്‍ശന്‍, ഐവി ശശി, ജോഷി വരെയുള്ള സംവിധായകരും, എംടി, ടി. ദാമോദരന്‍, ഡെന്നിസ്‌ ജോസഫ്‌, ജോണ്‍ പോള്‍ പോലുള്ള എഴുത്തുകാരും, രവീന്ദ്രന്‍, ജെറി അമല്‍ദേവ്‌, ശ്യാം തുടങ്ങിയ സംഗീത സംവിധായകരും, ഒ.എന്‍.വി, ബിച്ചു തിരുമല തുടങ്ങിയ സിനിമാഗാന രചയിതാക്കളും നിറഞ്ഞു നിന്നിരുന്ന കാലം.

ഒരു സെക്കന്‍ഡ്‌ ക്ലാസ്‌ ടിക്കറ്റിനു വെറും രണ്ട്‌-മൂന്ന് രൂപ. വീട്ടുകാരെ പറ്റിക്കാന്‍ നൂണ്‍ ഷോ ആയിരുന്നു പതിവ്‌. അന്ന് നൂണ്‍ ഷോവിനു ഒരു 'വട്ട' പേരു നിലവിലുണ്ടായിരുന്നത്‌ കാരണം 'മാന്യന്മാര്‍' നൂണ്‍ ഷോയ്ക്‌ പോകുന്നത്‌ വിലക്കപ്പെട്ടിരുന്നു. കുടുംബവുമായി വരുന്നവരും തീരെ കുറവ്‌. അതുകൊണ്ട്‌ തന്നെ നൂണ്‍ഷോ കോളേജ്‌ പിള്ളാരുടെ തിരുവാതിരയായിരുന്നു. മടപ്പള്ളി കോളെജിലെ പ്രീ-ഡിഗ്രി 3-ബി സെക്കന്റ്‌ ബാച്ച്‌ ക്ലാസുകള്‍ മിക്കവാറും നടന്നിരുന്നത്‌ മേല്‍പ്പറഞ്ഞ സിനിമാ തിയേറ്ററുകളില്‍ ഏതെങ്കിലുമൊന്നിലായിരുന്നു!

(ഇതിനു ചെറിയൊരു മാറ്റം വന്നത്‌ പ്രീ-ഡിഗ്രി രണ്ടാം വര്‍ഷം സെക്കന്റ്‌ ഷിഫ്റ്റില്‍ പെണ്‍കുട്ടികള്‍ വന്നതോടെയാണു . അതുവരെ മടപ്പള്ളി കോളേജില്‍ പ്രീ-ഡിഗ്രി രാവിലത്തെ ഷിഫ്റ്റ്‌ പെണ്‍കുട്ടികള്‍ക്കും എസ്‌.എസ്‌.എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ ഭഗ്യവാന്മാരായ അപൂര്‍വ്വം ആണ്‍കുട്ടികള്‍ക്കും മാത്രമായിരുന്നു. പത്താം ക്ലാസ്‌ വരെ ഒരുമിച്ച്‌ പഠിച്ച രാമകൃഷ്ണന്‍ രാവിലത്തെ ബാച്ചില്‍ 'ചെത്തി' നടക്കുന്നത്‌ ഞാനും എം.എന്‍ പ്രമോദും, എ.കെ സുകുമാരനുമൊക്കെ നെടുവീര്‍പ്പോടെ നോക്കി നിന്നിട്ടുണ്ട്‌. )

പിന്നീട്‌ കത്തുകളില്‍, കണ്ടിരുന്ന സിനിമകളെയും കേട്ട പാട്ടു കളെയുമൊക്കെ കുറിച്ചുള്ള ആസ്വാദനങ്ങളും വിമര്‍ശനങ്ങളും കടന്നു വരാന്‍ തുടങ്ങി...

സംഗീതത്തിനൊത്ത്‌ വരികള്‍ എഴുതാന്‍ തുടങ്ങിയ കാലം. മുസ്തഫയ്ക്കാണെങ്കില്‍ അര്‍ഥമില്ലാതെ ഇടയ്ക്കും തലയ്ക്കും കുത്തിക്കേറ്റിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കലിയിളകും. മാത്രുഭൂമി വാരികയുടെ അവസാനപേജിലെ ചിത്രശാല എന്ന പംക്തിയില്‍ സിനിക്‌, കോഴിക്കോടന്‍ തുടങ്ങിയവര്‍ എഴുതിയിരുന്ന സിനിമാ നിരൂപണങ്ങളും, ചിത്രഭൂമിയില്‍ ടി.പി.ശാസ്തമംഗലം കൈകാര്യം ചെയ്തിരുന്ന സിനിമാപാട്ടുകളിലെ വരികളിലെ കുറിച്ചുള്ള പംക്തിയും വായിച്ച്‌ ഞങ്ങള്‍ ചര്‍ച്ചകള്‍ സജീവമാക്കി.

രണ്ട്‌ വരിക്കത്തുകള്‍ പിന്നീട്‌ നാലും അഞ്ചും പേജുകളായി വളര്‍ന്നു. കത്തെഴുത്ത്‌ രാത്രി വൈകുവോളം നീണ്ടു..

കത്ത്‌ എഴുത്തിനെ കുറിച്ചുള്ള രസകരമായ ഓര്‍മകള്‍ ചെന്നെത്തുന്നത്‌ ചേളന്നൂര്‍ എസ്‌.എന്‍ കോളെജിലെ ഫൈനല്‍ ബികോം ക്ലാസിന്റെ പിന്‍ബഞ്ചില്‍ ചുറ്റും കൂടിയിരുന്നവര്‍ക്കായി പ്രണയലേഖനങ്ങള്‍ ഫ്രീയായി എഴുതികൊടുത്തിരുന്ന ശിവപ്രസാദിലാണു. ഈ ചുറ്റും കൂടിയിരിക്കുന്നവര്‍ ഞങ്ങളുടെ സംഘാംഗങ്ങള്‍ തന്നെ. മഹേഷ്‌, രാധാകൃഷ്ണന്‍, പ്രകാശന്‍, ഷൈലേഷ്‌, ഹര്‍ഷു, സജി, ദില്‍ജിത്ത്‌, സുരേഷ്‌, പ്രസി..

കത്ത്‌ വേണ്ടയാള്‍ സിറ്റുവേഷന്‍ പ്രസാദിനു പറാഞ്ഞുകൊടുക്കുന്നു. (അത്‌ ചിലപ്പോള്‍ ആദ്യ പ്രണയാഭ്യര്‍ഥനയാവാം, തുടര്‍ കത്തുകളാവാം, നിരസിക്കപ്പെട്ട പ്രണയത്തിന്റെ റീ-സബ്മിഷന്‍ ആവാം, അറ്റകൈ പുളിക്കുന്ന മുന്തിരിക്കുള്ള തെറി-വിടവാങ്ങല്‍ കുറിപ്പാവാം). എക്കൗണ്ടന്‍സി നോട്ടു ബുക്കില്‍ നിന്നും കീറിയെടുത്ത എ-4 കടലാസില്‍ റെയ്നോള്‍ഡ്‌ പേന കൊണ്ട്‌ തന്റെ ഭംഗിയുള്ള കയ്യക്ഷരത്തില്‍ പ്രസാദ്‌ എഴുതി തുടങ്ങും.

ഇത്തിരി സാഹിത്യവും ഭാവനയുമുണ്ടായിരുന്ന പ്രസാദ്‌ എഴുതിക്കൊടുത്ത പ്രണയലേഖനങ്ങള്‍ അങ്ങിനെ ഞങ്ങള്‍ക്കിടയില്‍ പ്രശസ്തമായി. (ഒട്ടും റൊമാന്റിക്കല്ലാതിരുന്ന, പ്രണയത്തില്‍ ഒരിക്കലും വിശ്വസിക്കില്ലെന്ന് ആണയിട്ട്‌ പറഞ്ഞിരുന്ന ഹരീഷ്‌ പോലും ഡിഗ്രി ക്ലാസുകളുടെ അവസാന നാളുകളില്‍ ഒരു പ്രണയലേഖനമെഴുതാന്‍ പ്രസാദിനെ രഹസ്യമായി സമീപിച്ചിരുന്ന വിവരം പ്രസാദ്‌ തന്നെ പരസ്യമാക്കിയിരുന്നു.)

പൊതുവേ സാഹിത്യ കമ്പക്കാരധികമില്ലാതിരുന്ന ഞങ്ങളുടെ സംഘത്തില്‍, പ്രസാദിന്റെ സഹായമില്ലാതെ പ്രസി എഴുതിയ ഒരു പ്രണയലേഖനം അതിന്റെ തുടക്കത്തിലെ ഒരൊറ്റ വരികൊണ്ട്‌ തന്നെ വന്‍ ഹിറ്റായി. അതിന്റെ തുടക്കം ഇങ്ങിനെയായിരുന്നു-

'ബഹുമാനപ്പെട്ട' സുമിത്രയ്ക്‌.....

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെടാതെ ഇരുപത്‌ വര്‍ഷങ്ങള്‍ക്കിപ്പുറത്തും ആ കോളെജ്‌ സൗഹൃദം ഇന്നും തീഷ്ണമായി തുടരുന്നതിന്റെ പിന്‍ബലം ദീപ്തമായ ഇത്തരം ഓര്‍മകള്‍ തന്നെ..

എല്ലാവരും പലവഴി പിരിഞ്ഞു പോയപ്പോഴും കുറച്ചു നാളുകള്‍ കൂടെ എഴുത്തുകള്‍ തുടര്‍ന്നു. അതിജീവനത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടയില്‍ പിന്നീടെപ്പോഴോ എഴുതാനിരിക്കുന്നതിന്റെ ദൈര്‍ഘ്യം കുറഞ്ഞുകുറഞ്ഞില്ലാതെയായി. തീരെ എഴുതാതെയും എഴുത്തുകള്‍ വരാതെയുമായി. വായന പോലും പാടേ നിലച്ചു. ഇടയ്കിടെയുള്ള ഫോണ്‍ വിളികളിലും, വല്ലപ്പോഴെങ്കിലുമുള്ള കണ്ടുമുട്ടലുകളിലും സൗഹ്രുദങ്ങള്‍ തുടര്‍ന്നു.

ബാംഗ്ലൂരിലെ ബാച്ചിലര്‍ ജീവിതത്തില്‍ ഞായറാഴ്ചകളിലെ ഇരുട്ടും വരെയുള്ള ആഘോഷമായ ഉച്ചയുറക്കത്തില്‍ നിന്നുണരുമ്പോള്‍ പ്രമോദ്‌ സൂട്‌ കേസു മടിയില്‍ വച്ച്‌ ദീര്‍ഘമായി കത്തുകളെഴുതുന്നത്‌ കണ്ടതായിരിക്കും ഒരുപക്ഷേ കത്തെഴുത്തുകളെ കുറിച്ചുള്ള എന്റെ അവസാനത്തെ ഓര്‍മകള്‍....

Saturday, August 26, 2006

കത്തുകള്‍

കൊച്ച്‌ നാളുളില്‍ വീട്ടില്‍ മിക്കവാറും ദിവസവും പോസ്റ്റ്മാന്‍ കത്തുകളുമായി വരുമായിരുന്നു. കൂടുതലും അഛനുള്ളത്‌. മൂത്തമ്മയും വല്ല്യച്ചനും (അഛന്റെ ചേട്ടനും ചേച്ചിയം മദ്രാസിലായിരുന്നു) കൃത്യമായ ഇടവേളകളില്‍ അഛനെഴുതുമായിരുന്നു. മൂത്തമ്മയുടെ കത്തുകളുടെ തുടക്കം എപ്പോഴും ഇങ്ങിനെയയായിരുന്നു-

"പ്രിയ സഹോദരന്‍ കുമാരനും സതിയും മക്കളും വായിച്ചറിയാന്‍ സഹോദരി നാരായണി എഴുതുന്നത്‌.."

ദീര്‍ഘകാലം തമിഴ്‌നാട്ടിലായിരുന്നതുകൊണ്ടാവും മൂത്തമ്മയുടെ മലയാളം തമിഴ്‌ കൂട്ടിക്കലര്‍ത്തിയായിരുന്നു. കത്തിന്റെ അവസാന ഭാഗത്ത്‌ എന്നെയും സഹോദരിമാരെയും കുറിച്ചുള്ള പതിവ്‌ അന്വെഷണം ഇങ്ങിനെയിരിക്കും-

"മനോജിയും മോളിയും ബേബിയും നന്നായിട്ട്‌ പഠിക്കുന്നുണ്ടല്ലോ"

മനോജ്‌ എന്ന എന്നെ ഇപ്പോഴും മൂത്തമ്മ "മനോജി" എന്നേ വിളിക്കൂ.

ബോംബെയിലുള്ള ഞങ്ങളുടെ മാമന്റെ (അമ്മയുടെ സഹോദരന്‍) കത്തുകള്‍ തുടങ്ങുന്നതിങ്ങനെ -

"സതിയും കുമാരനും മക്കളും വായിക്കുവാന്‍ ജേഷ്ഠന്‍ ദാമു എഴുതുന്നത്‌...."

രാജ്യത്തിനകത്തും പുറത്തുമായി ജീവിക്കുന്ന അഛന്റെ വന്‍ കുടുംബത്തിലെ അംഗങ്ങള്‍ പലരും എഴുത്ത്‌ തുടങ്ങിയിരുന്നതിങ്ങനെ -

"ബഹുമാനപ്പെട്ട അമ്മാവനും അമ്മായിയും മക്കളും അറിയാന്‍..."

ജോലി തേടി നാടുവിട്ടപ്പോള്‍, അഛനെനിക്കെഴുതിയിരുന്ന കത്തുകളിളുടെ തുടക്കം ഇങ്ങിനെയയായിരുന്നു-

പ്രിയ മകന്‍ മനോജിനു.....

ആ ഇളം നീലനിറത്തിലുള്ള ഇന്‍ലാന്റ്‌ ലെറ്ററിലായിരുന്നു അകലങ്ങളിലായി ചിതറിക്കിടന്നിരുന്ന കുടുംബബന്ദങ്ങള്‍ കോര്‍ത്തിണക്കിയിരുന്നത്‌. പരിഭവങ്ങളും പിണക്കങ്ങളും സുഖാനവെഷണങ്ങളും കൈമാറിയിരുന്നത്‌...

വിദേശത്ത്‌ നിന്നും സ്വദേശത്ത്‌ നിന്നും വരുന്ന പോസ്റ്റല്‍ കവറുകളിലെ സീല്‍ പതിഞ്ഞ സറ്റാമ്പുകള്‍ പറിച്ചെടുത്ത്‌ പഴയ നോട്ട്‌ പുസ്തകതാളുകളില്‍ ഒട്ടിച്ച്‌, ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ മല്‍സരിച്ചു. ഗള്‍ഫില്‍ കുടുംബക്കാരുള്ള കുട്ടികളുടെ കയ്യിലെ പരുന്തിന്റെയും താടിവച്ച ഷെയ്ക്കിന്റെയും ചിത്രങ്ങളുള്ള സറ്റാമ്പുകള്‍ നോക്കി മറ്റുള്ളവര്‍ അസൂയപ്പെട്ടു.

പ്രീ-ഡിഗ്രിക്ക്‌ പഠിക്കുമ്പോഴണു സുഹ്രുത്തുകള്‍ക്ക്‌ എഴുതാന്‍ തുടങ്ങുന്നതും, സ്വന്തം പേരില്‍ കത്തുകള്‍ കിട്ടാന്‍ തുടങ്ങുന്നതും. ( പ്രീ ഡിഗ്രി പുതിയ തലമുറയ്ക്‌ അന്യമാണു. ആവര്‍ക്ക്‌ പ്ലസ്‌-2). 84-86 കാലഘട്ടം. അത്‌ പിന്നീട്‌ കലാലയ ജീവിതം മുഴുവന്‍ കഴിഞ്ഞും കുറച്ചു കാലം കൂടെ നീണ്ടു.

അതിനും മുമ്പേ ഞനൊരു ഹംസമായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയ ലേഖനം കൈമാറാന്‍ ഞാന്‍ നിയോഗപ്പെട്ടു. കക്ഷിക്ക്‌ കൈമാറാന്‍ പോകും മുമ്പേ ഞാനത്‌ പൊട്ടിച്ച്‌ വായിച്ചു. അതായിരുന്നു ഞാന്‍ വായിച്ച ആദ്യ പ്രണയ ലേഖനം.

ഒരു ദയനീയ പരാജയമായിരുന്നു, ആ ഉദ്യമം. കൈമാറ്റം നടന്നില്ല എന്നുമാത്രമല്ല എന്റെ വീട്ടില്‍ അറിയിക്കുമെന്ന് കൂടെ എന്റെ വീട്ടുകാരെ അറിയാമായിരുന്ന ആ ചേച്ചി എന്നെ ഭീഷണിപ്പെടുത്തി. കത്തേല്‍പ്പിച്ച ചേട്ടനോട്‌ കൊടുത്തെന്ന് കള്ളം പറാഞ്ഞ്‌ ഞാനാകത്ത്‌ എന്റെ സ്വകാര്യ ശേഖരത്തിലേക്ക്‌ മാറ്റി.

പിന്നീടങ്ങോട്ട്‌ എത്ര എത്ര കത്തുകള്‍, കൂട്ടുകാര്‍, സംഭവങ്ങള്‍..

കോളേജ്‌ പഠനം മുഴുവനാക്കും മുമ്പേ കുടുംബ ഭാരം വലിക്കാന്‍ ബഹറിനിലേയ്ക്‌ പോയ മുസ്തഫ, അവിടെ നിന്നും എഴുതിയ മണല്‍ക്കാറ്റിന്റെ ചൂരുള്ള കത്തുകള്‍...

ഗള്‍ഫിലെ ഏകാന്തതയില്‍ അവന്‍ രണ്ടാമൂഴവും നാലുകെട്ടും വായിച്ച്‌ എം.ടി യ്ക്‌ സ്ഥിരമായി എഴുതി തുടങ്ങി, ഒടുവില്‍ എംടി അവനു അയക്കാറുള്ള മറുപടികത്തുകള്‍...

കോളേജ്‌ ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്ന പ്രകാശന്‍ പിന്നീട്‌ ഒരു കടമ തീര്‍ക്കാനെന്നവണ്ണം കുറച്ചു കാലം എഴുതികൊണ്ടിരുന്ന മൂന്ന് നാലുവരിക്കത്തുകള്‍...

ഒരു വിവരവുമില്ലാതെ വയനാടന്‍ കാടുകളിലെങ്ങോ മറഞ്ഞ അവന്റെ വിവരങ്ങള്‍ അന്വേഷിക്കുവാന്‍ എപ്പോഴും എഴുതിയിരുന്ന അവന്റെ കോളെജ്‌ പ്രണയത്തിലെ നായിക..

ഒരു കത്തെഴുതാന്‍ കഴിയുമെന്ന് വിശ്വസിക്കാനാവത്ത ഹരീഷ്‌ വെറുതെ എഴുതിയ കത്തുകള്‍..

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിനോദ്‌ കുമാര്‍ അയച്ച എഴുത്തുകള്‍...

ഒരു ഗുരുനാഥന്‍ എന്നതിലുപരി എന്നും വഴികാട്ടിയും സുഹ്രുത്തുമായിരുന്ന ബാലചന്ദ്രന്‍ മാസ്റ്റര്‍ അയച്ച ദീര്‍ഘമായ കത്തുകള്‍..

ഏന്നും കണ്ടിരുന്ന, ഒരുമിച്ച്‌ പഠിച്ച്‌ കളിച്ച്‌ ഒരിക്കലും കത്തെഴുതേണ്ടിയിരുന്നില്ലാത്ത, വീട്ടിനടുത്ത്‌ തന്നെയുള്ള സുരേഷ്‌, ടി.ടി.സി യ്ക്ക്‌ കോട്ടയത്തേക്ക്‌ പോയപ്പോള്‍ അവിടുത്തെ വിശേഷങ്ങള്‍ എഴുതി, ഒടുവില്‍ എല്ലവരെയും കബളിപ്പിച്ച്‌ ദേവലോകത്തേയ്ക്‌ മടങ്ങിപ്പോയപ്പോള്‍ നീറുന്ന ഒരോര്‍മ്മക്കുറിപ്പായി ബാക്കിയായ എഴുത്തുകള്‍...

നേരം പോക്കിനായിരിക്കും, കുറെക്കാലം വിളിക്കുകയും, എഴുതുകയും ഒടുവില്‍ പിരിയുകയും ചെയ്ത അജ്ഞാതയായ പെണ്‍കുട്ടിയെഴുതിയ കത്തുകള്‍...

ആളറിയിക്കാതെ പ്രണയിനിക്കായെഴുതിയ കത്തുകള്‍, ആളറിഞ്ഞപ്പോള്‍ മറുപടിക്കായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്‌...
വിരഹം..ദുഖം..

കത്തുകളെപ്പറ്റി ഇനിയുമേറെ പറയാനുണ്ട്‌
(അതിലേറെ കേള്‍ക്കാനും കൗതുകം)

Thursday, August 24, 2006

തുടക്കം

സ്നേഹത്തോടെ പ്രസാദിനു

ഒരുപാട്‌ നാളുകള്‍ക്കു ശേഷമാണു ഒരു കത്തെഴുതുന്നത്‌.
ഒരുപാട്‌ നാളുകള്‍ എന്ന്‌ പറയുമ്പോള്‍ ഒരുപക്ഷേ വര്‍ഷങ്ങള്‍ തന്നെ.

ഒരിക്കല്‍ ഒരുപാട്‌ കത്തുകള്‍ എഴുതുകയൂം ഒരുപാട്‌ കത്തുകള്‍ ലഭിക്കുകയും ചെയ്തിരുന്ന നമ്മള്‍ക്കൊക്കെ ഒടുവില്‍ ആര്‍ക്കും എഴുതാനില്ലാതെയാവുകയും ആരും എഴുതാതെയാവുകയും ചെയ്തു.

എഴുത്തുകള്‍ ഇല്ലാതാവുന്ന ഒരവസ്തയെകുറിച്ച്‌ അന്നൊക്കെ നമ്മള്‍ സങ്കല്‍പ്പിക്കുക കൂടെ ചെയ്തിരുന്നില്ല. സ്നേഹവും വിദ്വേഷവും കൂട്ടായ്മയും പ്രണയവും പരാജയവും എന്തിനു, ജീവിതം തന്നെ അതുമായി അത്രയ്ക്കു ഇഴചേര്‍ന്നിരുന്നു.

സ്കൂള്‍ നാള്‍മുതലുള്ള കത്തുകളുടെ ശേഖരത്തില്‍, (ഇടയ്ക്കൊക്കെ സവിത ഒാ‍ര്‍മ്മിപ്പിക്കുന്നു, ഇതൊക്കെ ഒന്നു കളഞ്ഞുകൂടെ എന്ന്‌) വല്ലപ്പൊഴെങ്കിലുമൊക്കെ ഒന്ന്‌ ഊര്‍ന്നിറങ്ങുമ്പോള്‍, മാനസിക വളര്‍ച്ചയുടെ ഒാ‍രോ പടവുകളും വ്യക്തമാണു.

ഒാ‍ര്‍മ്മക്കുറിപ്പുകള്‍....
തിരിഞ്ഞ്നോക്കുമ്പോള്‍, ഒരിക്കല്‍ വായിച്ച്മറന്ന മറ്റാരുടെയോ അത്മകഥ പോലെ...

ഒാ‍ര്‍മ്മകള്‍ ഒാ‍രോന്നോരോന്നായി കൂട്ടിക്കെട്ടി അതങ്ങനെ ദിവസങ്ങളിലേയ്ക്കും സംഭവങ്ങളിലേയുക്കും വ്യക്തികളിലേയ്ക്കും വളരുകയായി...

കോളെജ്‌ വിട്ട്‌ നാട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത്‌ എന്നും ഉച്ചയ്ക്ക്‌ ഒരുമണിക്കും രണ്ടിനുമിടയില്‍ പോസ്റ്റ്മാന്റെ വരവൂം കാത്തുള്ള ആ ഇരിപ്പിന്റെ സുഖം ഇപ്പോള്‍ ഒരു നഷ്ടപ്പെടലിന്റെ നനുത്ത ഒാ‍ര്‍മ്മയാണു. കത്തുകളില്ലാത്ത ദിവസം പോസ്തുമാന്‍ നടന്നുപോകുമ്പോഴനുഭവിച്ചിരുന്ന ദുഖം, കുഞ്ഞുനാളുകളിലെങ്ങൊ തിന്ന നെല്ലിക്കയുടെ മധുരം പോലെ മായാതെ കിടക്കുന്നു.

വര്‍ഷങ്ങള്‍ ഇപ്പുറത്ത്‌ ഒരു ദിവസം സന്ധ്യയ്ക്ക്‌ ഹരീഷിനുമൊത്ത്‌ ഒരു നെല്ലിക്കയും കടിച്ച്‌ തിന്നുകൊണ്ട്‌ ലിങ്ക്‌ റോഡിലൂടെ റെയില്‍ വേ സ്റ്റേഷനിലേയ്ക്ക്‌ നടക്കുമ്പോള്‍, പഴയത്‌ പലതും ഇപ്പോള്‍ ഒാ‍ര്‍ത്തെടുക്കാനാവുന്നില്ലെന്ന സത്യത്തെക്കുറിച്ച്‌ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ആ സമയത്ത്‌ ഞങ്ങള്‍ തുല്ല്യ ദുഖിതരായിരുന്നു. കച്ചവടമൊക്കെ പൊളിഞ്ഞ്‌ അവനും പൊളിയാന്‍ തുടങ്ങിയ കച്ചവടവുമായി ഞാനും. ചിലപ്പോള്‍ അങ്ങിനെയാണു, തോല്‍ വികള്‍ സംഭവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിന്റെ ഒരു ഘോഷയാത്ര തന്നെയായിരിക്കും. ജീവിതത്തിന്റെ രണ്ട്‌ ഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച്ണ്ടായിരുന്നു, ഒന്ന്‌ നമ്മുടെ കൗമാരത്തിന്റെ ആഘോഷനാളുകളില്‍, പിന്നീട്‌ ഇപ്പോള്‍ പറഞ്ഞ യൗവ്വനത്തിന്റെ നടുപ്പിക്കുന്ന യാഥാത്യങ്ങള്‍ക്കൊപ്പവും. രണ്ടവസ്തയിലും അവന്‍ ഒരുപോലെ തന്നെ. വരുന്നിടത്ത്‌ വച്ച്കാണാമെന്ന ചങ്കൂറ്റം, ഞാനാണെങ്കില്‍ രണ്ടാമത്തെ അവസ്ഥയില്‍ വല്ലാതെ പകച്ച്‌ പോയി. മൂന്നാമതും ഞങ്ങള്‍ വഴിപിരിഞ്ഞ്‌ യാത്ര തുടങ്ങി.

യാത്രകള്‍ പലപ്പോഴും ലക്ഷ്യം കാണാതെ തുടങ്ങിയിടത്തേയ്ക്ക്‌ തന്നെ മടങ്ങി വേറൊരു ദിശയിലേയ്ക്കു തുടങ്ങേണ്ടിയിരിക്കുന്നു. ലക്ഷ്യം കാണാത്ത ഒാ‍രോ യാത്രയും അതുകൊണ്ട്‌ തന്നെ നഷ്ടങ്ങളാണു. പ്രായത്തിന്റെ, ഊര്‍ജ്ജത്തിന്റെ, ബന്ധങ്ങളുടെ, ആത്മവിശ്വാസത്തിന്റെ...

യത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. അവസാനിപ്പിക്കാനാവാതെ അതിങ്ങനെ തുടര്‍ന്ന്‌ കൊണ്ടേയിരിക്കുന്നു. അതിനിടയില്‍ എത്ര എത്ര വേഷങ്ങള്‍....

ഏന്നായിരുന്നു നമ്മള്‍ അവസാനമായി കണ്ടത്‌?

ബാലന്‍ കെ നായര്‍ റോഡിലുണ്ടായിരുന്ന എന്റെ ഒാ‍ഫീസില്‍ വച്ചാവണം. നീ വയനാട്ടിലേയ്ക്ക്‌ പോയതില്‍ പിന്നെ നമ്മള്‍ വീണ്ടും കാണാതെയായി.

എങ്ങീനെയിരിക്കുന്നു, ജീവിതം?, എവിടെയാണിപ്പോള്‍?

ഒരുപക്ഷെ കത്തുകള്‍ എഴുതിയിരുന്ന അവസാനത്തെ കോളേജ്‌ തലമുറ നമ്മുടേതായിരിക്കും. സുഹൃദ്‌ ബന്ധങ്ങളുടെ തീവ്രത എനിക്കിപ്പോഴും അതില്‍ വായിക്കാന്‍ കഴിയുന്നു.

കത്തുകള്‍ എഴുതാനും വായിക്കാനും എന്നും ഏറെ താല്‍പ്പര്യം കാണിച്ചിരുന്ന നിനക്ക്‌ തന്നെ പുനര്‍വായനക്കായി ഞാനീ എഴുത്തുകള്‍ ഓരോന്നായി തുറന്ന് തരുന്നു.

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...